എമ്പുരാൻ വിവാദമുയർത്തുന്ന അപായമണികൾ

 

മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എമ്പുരാനെതിരെ സംഘപരിവാർ സംഘടനാസംവിധാനം വലിയ വിദ്വേഷ പ്രചരണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയെ ആവിഷ്കരിച്ചതും ഹിന്ദുത്വ ശക്തികൾ നാട് അടക്കിഭരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തെ അടയാളപ്പെടുത്തിയതുമാണ് സംഘപരിവാരത്തെ പ്രകോപിപ്പിച്ചത്. രൂക്ഷമായ പ്രചരണം സൃഷ്ടിച്ച സമ്മർദ്ദം മൂലം ചിത്രം റീ സെൻസർ ചെയ്‌തിറക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരായി. കേരളത്തിന്റെയും മലയാള സിനിമയുടെയും ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രം ബാഹ്യശക്തികളുടെ സമ്മർദ്ദം മൂലം വെട്ടിത്തിരുത്തുന്നത്. നമ്മുടെ പൊതുമണ്ഡലത്തിലുണ്ടായിരിക്കുന്ന ആപൽക്കരമായ ഒരു മാറ്റത്തിലേക്ക് ഈ സംഭവം വിരല്ചൂണ്ടുന്നുണ്ട്.

എതിർ സ്വരങ്ങളോടും പുരോഗമന ചിന്താഗതികൾ വെച്ചുപുലർത്തുന്നവരോടും ആശയങ്ങളോടും സംഘപരിവാർ പുലർത്തുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് എമ്പുരാനെതിരെ ഉയർന്നിരിക്കുന്ന ആക്ഷേപങ്ങളിലുമുള്ളത്. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെയും വിമർശനങ്ങളുന്നയിക്കുന്ന രാഷ്ട്രീയ, സർഗാവിഷ്കാരങ്ങളെയും നിശബ്ദമാക്കാൻ പല രീതികൾ ഹിന്ദുത്വ ശക്തികളുപയോഗിക്കാറുണ്ട്. എഴുത്തുകാരെയും കലാകാരന്മാരെയും പൊതുപ്രവർത്തകരെയും ബുദ്ധിജീവികളെയും പൊതുമധ്യത്തിൽ ഒറ്റപ്പെടുത്തുന്ന രീതിയിൽ തീവ്രമായ പ്രചരണങ്ങൾ അഴിച്ചുവിടുന്നതാണ് ഒരു രീതി. നിരന്തരമായി കേസുകൾ നൽകി കോടതികൾ കയറ്റിയിറക്കും. ഇങ്ങനെ സമ്മർദ്ദത്തിനിരയാവുന്നവർ തന്നെ തങ്ങളുടെ അഭിപ്രായത്തെയോ ആശയത്തെയോ സർഗസൃഷ്ടിയെയോ പിൻവലിക്കാൻ നിർബന്ധിതരാവും. അതുകൊണ്ടും തളരാത്തവരെ കായികമായി കൈകാര്യം ചെയ്തും ഇല്ലാതാക്കിയും കാര്യം നേടിയെടുക്കാൻ മടിയില്ലാത്തവരാണ് സംഘപരിവാർ ശക്തികൾ. ഇത്തരത്തിലുള്ള ഓരോ സംഭവവും പൊതുസമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ്. മറ്റൊരു എതിർശബ്ദം ഇനി ഉയരില്ലെന്ന് ഉറപ്പുവരുത്തുന്ന ഫാസിസ്റ്റ് കായിക രാഷ്ട്രീയമാണ് ഇതിനു പിന്നിലുള്ളത്.

വ്രണിത വികാരങ്ങളും രാജ്യരക്ഷകരും 

സമ്മർദ്ദത്തിലൂടെയും വിദ്വേഷ പ്രചരണത്തിലൂടെയും കായികാക്രമണങ്ങളിലൂടെയും പൊതുപ്രവർത്തകരെയും കലാകാരന്മാരെയും സാഹിത്യപ്രവർത്തകരെയും അവരുടെ കൃതികളെയും പ്രവൃത്തികളെയും നിശബ്ദമാക്കുന്ന രീതി സംഘപരിവാർ പതിറ്റാണ്ടുകളായി തുടർന്നുപോരുന്നു. 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഇത്തരത്തിലുള്ള അടിച്ചമർത്തലുകൾ വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. ഇവയിൽ ചില പ്രധാന അധ്യായങ്ങളാണ് എംഎം കൽബുർഗി, നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് തുടങ്ങിയ പൊതുപ്രവർത്തകരുടെ ക്രൂര കൊലപാതകങ്ങളും പികെ (2014), പദ്മാവത് (2018), അന്നപൂരണി (2023) തുടങ്ങിയ സിനിമകൾക്കതിരെയുണ്ടായ ദേശവ്യാപക പ്രതിഷേധങ്ങളും അക്രമങ്ങളുമെല്ലാം. കുനാൽ കമ്രയെന്ന സ്റ്റാൻഡ് അപ്പ് കോമേഡിയനെതിരെ ശിവസേന നടത്തിയ അതിക്രമങ്ങളാണ് ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭവവികാസം.

ഇത്തരം അക്രമസംഭവങ്ങളെയും വിദ്വേഷ പ്രചരണത്തെയും ഒരു ജനാധിപത്യ വ്യവസ്ഥക്കകത്ത് അനുവദനീയമായ പ്രതിഷേധ പ്രകടനങ്ങളായാണ് സംഘപരിവാർ ശക്തികൾ ചിത്രീകരിക്കുന്നതെന്നത് കാണാം. എതിരഭിപ്രായവും പ്രതിഷേധവും രേഖപ്പെടുത്താൻ ഈ രാജ്യത്ത് എല്ലാവർക്കും അവകാശമുണ്ട്. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും പൊതുപ്രവർത്തർക്കുമെതിരെയുള്ള അക്രമോത്സുക പ്രചരണങ്ങളും ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തലായാണ് സംഘപരിവാർ അവതരിപ്പിക്കുന്നത്. തങ്ങളുടെ മതപരവും സമുദായികപരവും സ്വത്വപരവുമായ വിശ്വാസ പ്രമാണങ്ങളെ ഹനിക്കുന്ന ആശയ പ്രകാശനങ്ങളെ എതിർക്കേണ്ടതുണ്ട്. അതിനായി അല്പം കടന്ന കൈകൾ പ്രയോഗിച്ചാൽ അതും പൗരസ്വാതന്ത്ര്യത്തിനകത്ത് വരുന്ന പ്രകടനങ്ങളായേ (reasonable civic actions) വ്യാഖാനിക്കേണ്ടതുള്ളൂവെന്നാണ് സംഘപരിവാർ ശക്തികളുടെ വാദം. ലിബറൽ ജനാധിപത്യ വ്യവസ്ഥക്കകത്തെ ആശയങ്ങളുടെയും അവകാശങ്ങളുടെയും വളച്ചൊടിക്കലാണ് ഇവിടെ നടക്കുന്നതെന്നാണ് ശകുന്തള ബാനാജിയെന്ന ചിന്തക പറയുന്നത്.

സനാതന ഹിന്ദു ധർമ്മത്തിലധിഷ്ഠിതമായ ദേശീയ സ്വത്വമാണ് ഇന്ത്യയുടേതെന്നും ഇവിടത്തെ യഥാർത്ഥ പൗരന്മാരും തദ്ദേശവാസികളും ഹിന്ദുക്കളുമാണെന്ന വാദമാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കാതൽ. ഈ വാദത്തിനനുസരിച്ച് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ തന്നെ പുനർനിർമ്മിക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ അധികാരം കൈയ്യാളുന്നതോടൊപ്പം പ്രത്യയശാസ്ത്ര മണ്ഡലത്തിലും അധീശത്വമുള്ള ഹിന്ദുത്വവാദികൾ തങ്ങളുടെ വിപുലമായ സംഘടനാസംവിധാനത്തെ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് ജനാധിപത്യവ്യവസ്ഥയെ മാറ്റിമറിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഭൂരിപക്ഷ പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവർ ദേശവിരുദ്ധ ‘പരാദങ്ങളായി’ (disloyal parasites) മാറുകയാണ്. മോദി സർക്കാരിനെതിരെ പ്രതിഷേധമുയർത്തിയാൽ ഇന്ത്യാ വിരുദ്ധരാവുന്ന കാലമാണിത്.  രാജ്യത്തിൻറെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്ന പരാദങ്ങൾക്ക് തക്കതായ മറുപടി നൽകണമെന്നാണ് ഹിന്ദുത്വവാദികളുടെ പക്ഷം. ഇതുപ്രകാരം വിരുദ്ധസ്വരങ്ങളെ നിശബ്ദമാക്കുകയോ അമർച്ച ചെയ്യുകയോ ചെയ്യാം. കാരണം, ഇവിടെ ഇല്ലാതാക്കുന്നത് ദേശവിരുദ്ധരെയാണത്രേ. ഈ ‘അണുനശീകരണ’ പ്രക്രിയയിൽ പങ്കുചേരുന്നവർ യഥാർത്ഥ രാഷ്ട്ര പൗരന്മാരായി (loyal national subject) വ്യാഖാനിക്കപ്പെടുന്നുവെന്നാണ് ശകുന്തള ബാനാജിയുടെ വാദം. ദേശവിരുദ്ധരെ ഇല്ലാതാക്കാൻ ഇടപെടുമ്പോൾ ചിലപ്പോൾ അക്രമവും പ്രയോഗിക്കേണ്ടി വരും. അതും പൗരധർമ്മത്തിന് കീഴിൽ വരുന്ന കാര്യമായിട്ട് തന്നെയാണ് ഹിന്ദുത്വ ശക്തികൾ വളച്ചൊടിക്കുന്നത്. 

നിയമം കൈയിലെടുക്കുന്നവരുടെ ജനാധിപത്യം

വിമർശനങ്ങളെയും പ്രതിഷേധ ശബ്ദങ്ങളെയും അടിച്ചമർത്തി പൊതുമണ്ഡലത്തിന് മുകളിൽ സർവ്വാധിപത്യം സ്ഥാപിക്കുന്ന സംഘപരിവാറിന്റെ ഈ രീതിക്ക് മറ്റുചില വശങ്ങളുമുണ്ട്. നിയമങ്ങളെയും നീതിന്യായവ്യവസ്ഥയെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള അക്രമങ്ങൾക്കാണ് ജനാധിപത്യപരമായ പ്രതിഷേധമെന്ന ലേബൽ ചാർത്തിക്കൊടുക്കുന്നതെന്ന് കാണാം. ബീഫ് കഴിച്ചുവെന്നതിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, പ്രതിഷേധ സ്വരമുയർത്തുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള അടിച്ചമർത്തലുകൾ, സർക്കാർ നടപടികളെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നവർക്ക് നേരെയുള്ള അതിക്രമങ്ങൾ, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വർഗീയാക്രമണങ്ങൾ, കലാപങ്ങൾ എല്ലാം ജനകീയ പ്രക്ഷോഭങ്ങളായി മാറുന്നു. പ്രാദേശികവും സാമുദായികവുമായ അക്രമങ്ങളാണിവയുടെ തുടക്കമെന്ന് കാണാം. ഇത്തരം ‘ലോക്കൽ സംഭവങ്ങൾക്ക്’ സോഷ്യൽ മീഡിയയുടെ പുതിയ ലോകത്തിലൂടെ ലഭിക്കുന്ന പ്രചരണം വലുതാണ്. അവ പൊട്ടിപ്പുറപ്പെടുന്നതിന് പിന്നിലും സോഷ്യൽ മീഡിയയിലൂടെയുള്ള വിവര വിനിമയം സഹായിക്കുന്നുണ്ട്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിപുലമായ ചർച്ചകളും അതിൽ നിന്നുളവാവുന്ന പ്രചാരവും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അധീശത്വം നിലനിർത്താൻ സംഘപരിവാരത്തെ സഹായിക്കുന്നുണ്ട്.

പ്രത്യക്ഷത്തിൽ ഒരു കേന്ദ്രീകൃത സംഘടനാ സംവിധാനം വഴി സംഘടിക്കപ്പെടുന്നവയല്ലെങ്കിലും ഈ അതിക്രമങ്ങൾ ഭൂരിപക്ഷ വർഗീയതയുടെ മേൽക്കോയ്മ ശക്തിപ്പെടുത്താൻ സഹായകമാകുന്നുവെന്നർത്ഥം. രാഷ്ട്ര സംസ്കാരത്തിനും കീഴ്വഴക്കങ്ങൾക്കുമെതിരായ ഏത് വ്യക്തിയെയും ശീലത്തെയും ആശയ പ്രകാശനത്തെയും പ്രതിരോധിക്കുകയാണ് തങ്ങളെന്ന വാശിയുമാണ് ഇത്തരം അതിക്രമങ്ങളിൽ പങ്കുചേരുന്നവരെ നയിക്കുന്നത്. തങ്ങളുടെ ദേശീയ സ്വത്വമെന്നാൽ സനാതന ഹിന്ദു ധർമ്മത്തിലധിഷ്ഠിതമാണ്. അതിനെതിരെ ഉയരുന്ന ശബ്ദങ്ങൾ രാഷ്ട്രത്തിന് തന്നെ എതിരാണ്. അപ്പോൾ ഹിന്ദു സ്വത്വബോധത്തിലൂന്നിയ വർഗീയാതിക്രമങ്ങളും രാഷ്ട്രത്തിന് വേണ്ടിയുള്ളതായി മാറുന്നു. നിയമം കയ്യിലെടുത്തുക്കൊണ്ടുള്ള പൗരധർമ്മ നിർവ്വഹണമാണ് പ്രധാനമെന്ന ഈ വക്രീകരണം പുതിയൊരു പൗരബോധത്തിലേക്ക്, ‘വിജിലാന്റെ സിറ്റിസൺഷിപ്പ്’ (vigilante citizenship) എന്നൊരു പ്രതിഭാസത്തിലേക്ക് നയിക്കുന്നുവെന്നാണ് ശകുന്തള ബാനാജിയുടെ വാദം.

ഭൂരിപക്ഷ വർഗീയതക്കും തീവ്രവലതുപക്ഷത്തിനും രാഷ്ട്രീയാധികാരമുള്ള എല്ലായിടങ്ങളിലും ഇത്തരം വിജിലാന്റെ അതിക്രമങ്ങൾ കൂടിവരുന്നതായി കാണാം. ന്യൂനപക്ഷങ്ങളെയും എതിർസ്വരങ്ങളെയും കയ്യൂക്കിന്റെ ബലത്തിൽ നിശബ്ദമാക്കാൻ മുറവിളി കൂട്ടുന്ന തീവ്രവലതുപക്ഷ നേതാക്കന്മാരാണ് ഇന്ന് അമേരിക്കയും ഇറ്റലിയും ഓസ്ട്രിയയുമെല്ലാം ഭരിക്കുന്നത്. ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും തീവ്രവലതുപക്ഷം വളരുന്നത് കാണാം. ഇവിടടെ പൊതുമണ്ഡലം തന്നെ ‘വിജിലാന്റെ പബ്ലിക്സ്’(vigilante publics) ആയി മാറുന്നു.

എന്നാൽ, തീവ്രവലതുപക്ഷത്തിന്റെ വളർച്ചയെ വെറും സാംസ്‌കാരിക മാറ്റമായും കാണാൻ സാധിക്കില്ല. നവലിബറൽ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രചാരത്തോടെ രാജ്യ സമ്പദ്‌വ്യവസ്ഥകൾ വിപണി കേന്ദ്രിത മത്സരങ്ങൾക്കടിസ്ഥാനപ്പെടുത്തി പുനഃക്രമീകരിച്ചതോടെയാണ് ലോകത്തെമ്പാടും തീവ്രവലതുപക്ഷം വളരാനാരംഭിച്ചത്. ഹിന്ദുത്വ ശക്തികൾ ഇന്ത്യയിലും വലിയൊരു ശക്തിയായി മാറിയത് 1990 കളിലെ നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളോടെയാണെന്ന് കാണാം. എൺപതുകളുടെ അവസാനം പൊട്ടിപ്പുറപ്പെട്ട മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങളും രാമജന്മഭൂമി പ്രസ്ഥാനവും അതിന്റെ പരിണതഫലമായി ബാബ്‌റി മസ്ജിദ് തകർത്തതും തുടങ്ങിയ ഹീന നീക്കങ്ങളാണ് സംഘപരിവാറിന് ഊർജ്ജം നൽകിയത്. നവലിബറൽ പരിഷ്കാരങ്ങൾ സമൂഹത്തിലുണ്ടാക്കിയ ആശങ്കകളും നിരാശകളുമാണ് ഹിന്ദുത്വ ശക്തികൾ മുതലെടുത്തതെന്ന് വ്യക്തമാണ്. എതിർസ്വരങ്ങളെയും ആശയങ്ങളെയുമെല്ലാം അടിച്ചമർത്താൻ വിജിലാന്റെ രീതികളുപയോഗിക്കുന്നതിന്റെ തുടക്കം ഇവിടെ നിന്നാണ്. 

കയ്യൂക്കിന്റെ സെൻസർഷിപ്പ് 

1990 കൾ മുതൽ സിനിമകൾക്കെതിരെ ഉണ്ടായ അതിക്രമങ്ങളെയും ഇന്ത്യയുടെ പൊതുമണ്ഡലത്തിലുണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വേണം വിലയിരുത്തേണ്ടത്. ഖൽ നായക് (1993), ബോംബെ (1995), ഫയർ (1996), മൊഹബ്ബത്തേൻ (2000), ഫനാ (2006), മൈ നെയിം ഈസ് ഖാൻ (2010), പികെ (2014), പദ്മാവത് (2018), അന്നപൂരണി (2023) തുടങ്ങിയ ചിത്രങ്ങൾക്കെതിരെ ഉയർന്നുവന്ന വിവാദക്കൊടുങ്കാറ്റുകൾ ഇതിനുദാഹരണങ്ങളാണ്. വിമർശന ശബ്ദമുയർത്തുന്നവരെയും അവരുടെ  ആശയപ്രകാശന രൂപങ്ങളെയും, പ്രത്യേകിച്ച് സിനിമകളെ, നിശബ്ദമാക്കാൻ നിയമസംവിധാനത്തെ മറികടന്നുകൊണ്ടുള്ള രീതികളുപയോഗിക്കുന്ന പ്രവണതയെ ‘വിജിലാന്റെ സെൻസർഷിപ്പ്’ (vigilante censorship) എന്ന് നിർവചിക്കാവുന്നതാണ്.

ഇതുപ്രകാരം അഴിച്ചുവിടുന്ന അതിക്രമങ്ങൾക്ക് മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ സംവിധാനത്തിലൂടെയും പ്രചരണം ലഭിക്കുന്നു. ഭീതിയുടെയും സമ്മർദ്ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതുവഴി ചലച്ചിത്ര പ്രവർത്തകരടക്കമുള്ള കലാകാരന്മാരെയും പൊതുപ്രവർത്തകരെയും നിശബ്ദമാക്കാനും സാധിക്കുന്നു. ഭൂരിപക്ഷ വർഗീയത പറയുന്ന ഹിന്ദുത്വ ശക്തികൾ അഴിച്ചുവിടുന്ന അക്രമപരമ്പരകളെ ഈ പശ്ചാത്തലത്തിൽ കൂടി കാണേണ്ടതുണ്ട്. സംഘപരിവാരമല്ലാതെ ന്യൂനപക്ഷ വർഗീയ സംഘടനകളും സാമുദായിക, സ്വത്വവാദികളും പ്രാദേശിക കൂട്ടായ്മകളും നിയമം കയ്യിലെടുത്തുകൊണ്ടുള്ള കയ്യൂക്കിന്റെ രാഷ്ട്രീയം പയറ്റാറുണ്ട്. എന്നാൽ സംഘപരിവാരം അഴിച്ചുവിട്ട അക്രമപരമ്പരകളുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റ് സംഘടനകളുണ്ടാക്കിയ വിവാദങ്ങളുടെ വ്യാപ്‌തിയും പ്രചാരവും കുറവാണ്. ആ അർത്ഥത്തിൽ ന്യൂനപക്ഷങ്ങളുടെയും മറ്റ് സാമുദായിക പ്രസ്ഥാനങ്ങളുടെയും പ്രതിഷേധങ്ങളെ വിജിലാന്റെ സെൻസർഷിപ്പായി കാണാൻ സാധിക്കില്ല.

എമ്പുരാനെതിരെ ഉയർന്നുവന്നിരിക്കുന്ന വിദ്വേഷ പ്രചരണവും സംഘപരിവാറിന്റെ വിജിലാന്റെ സെൻസറിങ് രീതികളുടെ പുത്തൻ എപ്പിസോഡ് ആണെന്ന് കാണാം. എന്നാൽ, ഇടതുപക്ഷ, പുരോഗമനാശയങ്ങൾക്ക് വേരോട്ടമുള്ള കേരളത്തിൽ ഇത്തരമൊരു സിനിമാ സെൻസറിങ് സംഭവം ആദ്യമാണ്. ഹിന്ദുത്വ ശക്തികളുടെ സമ്മർദ്ദ തന്ത്രങ്ങളുടെ ഫലമായി എമ്പുരാൻ റീ സെൻസർ ചെയ്യാൻ തയ്യാറായത് അപകടകരമായ സൂചനയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ സംഘപരിവാറിന് മേൽക്കൈ നേടാനുള്ള പൈശാചിക നീക്കങ്ങളിലൊന്നാണ് എമ്പുരാൻ വിവാദം. ഓൺലൈൻ ലോകത്തല്ലാതെ യാതൊരു പ്രതിഷേധ പരിപാടികളോ പ്രകടനങ്ങളോ ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എമ്പുരാന്റെ നിർമ്മാതാക്കളെയും അഭിനേതാക്കളെയും ജിഹാദികളുടെ കൂട്ടിക്കൊടുപ്പുകാർ എന്ന നിലയിൽ പോലും ചിത്രീകരിച്ചുകൊണ്ടുള്ള പരാമർശങ്ങളും ആക്ഷേപങ്ങളും ഓൺലൈനിൽ നിറഞ്ഞു.

സോഷ്യൽ മീഡിയയിലുയർന്ന രൂക്ഷ പ്രചരണത്തിന് വഴങ്ങി സിനിമ റീ സെൻസർ ചെയ്യേണ്ടി വന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണേണ്ട വിഷയമാണ്. നവലിബറൽ കാലത്ത് ലോകമെങ്ങുമുയർന്നു വരുന്ന നിയോ-ഫാസിസത്തിന്റെ ഇന്ത്യൻ രൂപമാണ് ഹിന്ദുത്വ ശക്തികളുയർത്തുന്നത്. ജനാധിപത്യ സംവിധാനങ്ങളെയും പ്രമാണങ്ങളെയും പൂർണമായി അമർച്ച ചെയ്യുന്നതിന് പകരം അവയെ തങ്ങളുടെ പ്രതിലോമ പ്രത്യയശാസ്ത്രങ്ങൾക്കനുസരിച്ച് വക്രീകരിക്കുകയെന്നതാണ്‌ നിയോ- ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സവിശേഷത. ആശയപ്രചാരവേലക്കായി (propaganda) പൊതുമാധ്യമങ്ങൾക്ക് പകരം സോഷ്യൽ മീഡിയ പോലുള്ള അത്യാധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതും നിയോ-ഫാസിസത്തിന്റെ രീതിയാണ്. ഈ സവിശേഷതകൾ ഹിന്ദുത്വ ശക്തികൾ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നുണ്ട്. നിയോ-ഫാസിസ്റ്റ് രീതികളിലൂടെ കേരളത്തിലും അധീശത്വം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ കുത്സിത ശ്രമങ്ങളുടെ പുതിയ അധ്യായമാണ് എമ്പുരാൻ വിവാദം. ഈ സവിശേഷ സാഹചര്യത്തെ പുരോഗമന ശക്തികൾ അവധാനതയോടെ പ്രതിരോധിക്കേണ്ടതുണ്ട്.




Comments