പോപ്പുലർ സിനിമയും മാറുന്ന ലോകവും
സിനിമയുടെ സാമൂഹികമായ സ്വാധീനശക്തിയെ കുറിച്ച് കൗതുകകരമായ ചർച്ചകളാണ് ഇപ്പോൾ കേരളത്തിൽ നടന്നുവരുന്നത്. വിദ്യാർത്ഥികളുടെയും കുട്ടികളുടെയുമിടയിൽ അക്രമവാസനയും ലഹരി ഉപഭോഗവും കൂടി വരുന്നുവെന്നും ഈ പ്രവണതക്ക് പ്രധാന കാരണങ്ങളിലൊന്ന് സിനിമയാണെന്നുമാണ് ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന പ്രധാന വാദം. മലയാള സിനിമകളിൽ കുറ്റകൃത്യങ്ങളും അക്രമവും ലഹരി ഉപയോഗവും ചിത്രീകരിക്കുന്നതും ഈ ചുറ്റുപാടുകളിൽ നിന്നുള്ള കഥാപാത്രങ്ങളെ മഹത്വവൽക്കരിക്കുന്നതും അരാജക പ്രവണതകൾ വളർന്നുവരാൻ ഇടയാക്കുന്നുവത്രെ. സാധാരണയായി ഇത്തരം സംവാദങ്ങൾ സാംസ്‌കാരിക തലത്തിലോ അക്കാദമിക തലത്തിലോ മാത്രമായി ഒതുങ്ങാറാണ് പതിവ്. എന്നാൽ സിനിമയുടെ സ്വാധീനശക്തിയെ കുറിച്ച് ഇന്ന് കേരളത്തിൽ നടക്കുന്ന ചർച്ചകൾക്ക് കുറേക്കൂടി വലിയ മാനമുണ്ടെന്ന് കാണാം. ആ ചർച്ചയുടെ സാംഗത്യം പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
സിനിമയുടെ മാജിക്: ജനകീയതയും രാഷ്ട്രീയവും
ഒരു കലാമാധ്യമമെന്ന നിലയ്ക്ക് സിനിമ ഉണ്ടായ കാലം മുതൽ നടന്നുവരുന്നതാണ് അതിന്റെ സ്വാധീനശക്തിയെ കുറിച്ചുള്ള ചർച്ചകൾ. ആവിർഭാവത്തിന് ശേഷം ചുരുങ്ങിയ കാലം കൊണ്ട് ലോകമെങ്ങും പ്രചാരം നേടിയ കലാരൂപമാണ് സിനിമ. സാഹിത്യം, ചിത്രകല, ശില്പകല, സംഗീതം, നൃത്തം, നാടകം തുടങ്ങി അതുവരെ നിലനിന്നിരുന്ന എല്ലാ കലാരൂപങ്ങളും നൂറ്റാണ്ടുകൾ നീണ്ട അവയുടെ പരിണാമചരിത്രത്തിൽ നേടിയ ജനകീയതക്ക് മുകളിലേക്ക് സിനിമയുടെ സമ്മതി വളർന്നു. വരേണ്യവർഗം ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ആവിഷ്കാരങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ സാധാരണക്കാർ ഏറ്റെടുത്ത ഒരു കലാരൂപമായി സിനിമ മാറി. അതിനെ ചുറ്റിപ്പറ്റി ലോകമെങ്ങും വലിയ വ്യവസായങ്ങൾ ഉയർന്നു വന്നു. സിനിമയെ ഇങ്ങനെ ജനകീയമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
കുറേക്കൂടെ തീവ്രമായ രീതിയിൽ യാഥാർത്ഥ്യത്തെ ആവിഷ്കരിക്കുന്നു എന്ന അനുഭൂതി സിനിമ നൽകുന്നുണ്ട്. പരിപൂർണ്ണമായും സാങ്കേതിക വിദ്യയെ ആശ്രയിച്ചു മാത്രം സൃഷിക്കാവുന്ന കലാരൂപമാണ് സിനിമ. ചിത്രങ്ങളെ ഫോട്ടോഗ്രാഫിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പകർത്തി അവയെ നിശ്ചിത വേഗത്തിൽ കറക്കിയാണല്ലോ ചലിക്കും ചിത്രങ്ങൾ രൂപപ്പെടുത്തുന്നത്. ഇങ്ങനെ പകർത്തിയെടുക്കുന്ന ചിത്രങ്ങൾക്ക് യഥാർത്ഥ വസ്തുക്കളുമായുള്ള രൂപ സാദൃശ്യം (verisimilitude) വളരെ കൂടുതലാണ്. സിനിമയിലെ ദൃശ്യങ്ങൾക്ക് യഥാർത്ഥ വസ്തുക്കളുമായുള്ള സാദൃശ്യം പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ യാഥാർത്ഥ്യമാണെന്ന ചിന്ത കാഴ്ചക്കാരിൽ ജനിപ്പിക്കുന്നുണ്ട്. ചലനം, താളക്രമം, ത്രിമാന ദൃശ്യവൽക്കരണം, സ്ഥലകാലക്രമം, സൗണ്ട്, കളർ, സംസാരം തുടങ്ങി സിനിമക്കകത്തുള്ള പല ഘടകങ്ങളും (plastic elements) ദൃശ്യങ്ങൾക്കുള്ള വിശ്വാസ്യതയും നാടകീയതയും വർദ്ധിപ്പിക്കുന്നു. ചലിക്കും ചിത്രങ്ങൾ സത്യമാണെന്ന കൗതുകചിന്ത കാണികളിൽ പ്രവർത്തിക്കുന്നത് മേൽപ്പറഞ്ഞ ഘടകങ്ങളുടെ സ്വാധീനം വഴിയാണ്.
സിനിമയുടെ ആസ്വാദനം, ഉപഭോഗം എന്നത് തിയേറ്റർ, സ്ക്രീനിംഗ് സ്പേസ് എന്നൊക്കെ അറിയപ്പെടുന്ന പൊതുവിടങ്ങളിലാണ് നടക്കുന്നത്. ഒരുപാട് പേർ ഒന്നിച്ചിരുന്നുകൊണ്ട് തിയേറ്ററിന്റെ ഇരുട്ടിൽ അനുഭവിച്ചറിയുന്ന കലയാണ് സിനിമ. ആ പൊതുമ (publicness) ആണ് സിനിമയെ കൂടുതൽ രസകരമായ അനുഭവമാക്കി മാറ്റുന്നത്. ഇരുട്ടിൽ ഒറ്റക്കാണെന്ന് തോന്നുമെങ്കിലും ഒരുപാട് പേർ ഒന്നിച്ചിരുന്നാണ് സിനിമ കാണുന്നതെന്നത് ആവേശകരമായ കാര്യമല്ലേ? രണ്ട് മൂന്ന് മണിക്കൂർ നേരത്തേക്ക് സിനിമയുടെ ലോകത്തിനകത്ത് സ്വയം നഷ്ടപ്പെടാൻ നമുക്കാകുന്നു. തിയേറ്ററിനകത്തെ എല്ലാവരും സിനിമയുടെ ദൈർഘ്യയളവിൽ ഈ ലോകത്താണെന്നതാണ് ഈ ഹരത്തിന് കാരണം. മറ്റൊന്ന് ഭാഷാ സാക്ഷരത ഇല്ലാതെ തന്നെ നമുക്ക് സിനിമ ആസ്വദിക്കാനാവുമെന്നതാണ്. എഴുതാനോ വായിക്കാനോ അറിയാത്ത ഒരാൾക്ക് പോലും സിനിമ ആസ്വദിക്കാം. അത് മുന്നോട്ടുവെക്കുന്ന ആശയങ്ങൾ സ്വംശീകരിക്കാം, മറ്റുള്ളവരുമായി അവ പങ്കുവെക്കാം. സിനിമയുടെ കൂട്ടായ നിർമാണ രീതിയും കൗതുകം ജനിപ്പിക്കുന്ന കാര്യമാണ്.
വരേണ്യ വർഗത്തിന് മാത്രമല്ലാതെ സാധാരണക്കാരായ ബഹുജനങ്ങൾക്കുള്ള ഈ അടുപ്പം സിനിമയുടെ സാമൂഹികമായ സ്വാധീനത്തെ കുറിച്ച് ആദ്യകാലം മുതൽ ചർച്ചകൾ ഉയർത്തിയിരുന്നു. സിനിമയിലെ വിനോദ ലോകം കാണികളുടെ ജീവിത രീതിയെ സ്വാധീനിക്കുന്നു, കാണികൾ സിനിമാ കഥാപാത്രങ്ങളെ അനുകരിക്കുന്നു എന്ന വാദത്തിന്റെ ചരിത്രം പരിശോധിക്കാം. സിനിമയിൽ കാണിക്കുന്ന രതി, അക്രമം, ആഡംബര ജീവിതരീതി എല്ലാം കാണികൾ അതേപോലെ ജീവിതത്തിൽ പകർത്തുന്നു എന്നാണ് ഈ വാദം സമർത്ഥിക്കുന്നത്. ഈ അനുകരണം സാമൂഹികമായ അരാജകത്വത്തിലേക്ക് നയിക്കുന്നുവത്രെ. വിദ്യാഭ്യാസവും സംസ്കാരവും ലോകപരിചയവുമുള്ള വരേണ്യ വർഗം കലാരൂപങ്ങളെയും അതുയർത്തുന്ന ആശയങ്ങളെയും തിരിച്ചറിയാൻ കെല്പുള്ളവരാണ്. അതിനാൽ സിനിമ അവരെ പരിധി വിട്ട് സ്വാധീനിക്കില്ല. മറിച്ച് ദാരിദ്ര്യത്തിലും പരിവട്ടങ്ങളിലും കഴിയുന്ന ബഹുഭൂരിഭാഗം മനുഷ്യരെയും സിനിമ മോശമായി സ്വാധീനിക്കുമത്രെ. ഇത് സിനിമയുടെ പ്രാരംഭ കാലം മുതൽ ഉയർന്നുകേൾക്കുന്ന ആശങ്കയാണ്.
ഇന്ത്യൻ സിനിമയുടെ ചരിത്രം തന്നെയെടുക്കാം. ബ്രിട്ടീഷ് നടിമാർ അൽപ വസ്ത്രധാരികളായി വരുന്ന പഴയ എമ്പയർ സിനിമകൾ കാരണം അപരിഷ്‌കൃതരെന്ന് മുദ്രകുത്തപ്പെട്ട ഇന്ത്യൻ ജനത ബ്രിട്ടീഷ് വനിതകളെ അക്രമിച്ചു കീഴ്‌പ്പെടുത്തി ലൈംഗികാതിക്രമം നടത്തുമെന്ന് പഴയ കൊളോണിയൽ ഭരണാധികാരികൾ ഭയന്നിരുന്നു. ഫിലിം ചരിത്രകാരി പൂനം അറോറ (Poonam Arora) ബ്രിട്ടീഷ് ഭരണാധികാരികൾ നേരിട്ട ഈ ആശയക്കുഴപ്പത്തെ കുറിച്ച് വിശദമായി എഴുതുന്നുണ്ട്. ശക്തി പ്രാപിച്ചു കൊണ്ടിരുന്ന ഇന്ത്യൻ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ അലയൊലികൾ ഉയർന്നുവരുന്ന ഇന്ത്യൻ സിനിമയിലും പ്രതിഫലിക്കുമെന്ന പേടി അധികൃതർക്കുണ്ടായിരുന്നു. ഈ ഭയമാണ് ഇന്ത്യൻ സിനിമാചരിത്രത്തിലെ ആദ്യ സിനിമാറ്റോഗ്രാഫ് ആക്ടിലേക്ക് (The Cinematograph Act of 1918) നയിക്കുന്നത്. സിനിമയ്ക്കുള്ള ജനകീയതയെ പറ്റി കൊളോണിയൽ ഭരണകൂടത്തിനുണ്ടായിരുന്ന ഭയാശങ്കകളാണ് ഇതിനു പിന്നിലെന്ന് ഫിലിം ചരിത്രകാരൻ സോമേശ്വർ ഭൗമിക് (Someswar Bhowmik) വാദിക്കുന്നു.
ആദ്യകാല ഇന്ത്യൻ സിനിമയിൽ കച്ചവടത്തിനും സെൻസർഷിപ്പിനും സിനിമാ പ്രദർശന നിയന്ത്രണത്തിനുമുള്ള സാദ്ധ്യതകൾ പഠിക്കുന്നതിനായി ഇന്ത്യൻ സിനിമാറ്റോഗ്രാഫ് കമ്മിറ്റി (Indian Cinematograph Committee, ICC, 1927) രൂപീകരിക്കുന്നത് ഈ സാഹചര്യത്തിലാണ്. റിപ്പോർട്ടിൽ പ്രതികരണം രേഖപ്പെടുത്തിയ ഭൂരിഭാഗം പേരും ഇന്ത്യൻ ജനതയെ സിനിമകൾ മോശമായി സ്വാധീനിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയടക്കം ഈ വരേണ്യബോധം വെച്ചുപുലർത്തിയവരായിരുന്നു. ഐസിസി റിപ്പോർട്ടിന് വേണ്ടി നൽകിയ ചോദ്യാവലിയോട് ഗാന്ധിയുടെ പ്രതികരണം ‘സിനിമ പാപപങ്കിലമായ സാങ്കേതികത’ (sinful technology) ആണെന്നായിരുന്നു. അത് യുവമനസ്സുകളെ വഴിതെറ്റിക്കുന്ന വെറും ടൈം വേസ്റ്റ് പരിപാടിയാണെന്നാണ് ഗാന്ധി മറുപടി നൽകിയത്. ഇതുപോലെ, ഇന്ത്യയിലെ ഭരണവർഗ്ഗവും രാഷ്ട്രീയ നേതൃത്വവും സിനിമയെ എങ്ങനെ നോക്കിക്കണ്ടുവെന്നതിനെ പറ്റി കൗതുകരമായ പല വസ്തുതകളും ഐസിസി റിപ്പോർട്ടിൽ കാണാം. സ്വാതന്ത്ര്യം നേടി ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്ക് ആയിട്ടും സിനിമക്ക് മുകളിൽ നിയന്ത്രണങ്ങൾ നിലനിർത്താൻ മുൻപറഞ്ഞ ഭരണയുക്തികൾ ഇന്ത്യൻ ഭരണകൂടം ഉപയോഗിച്ചു. ഇന്നും സിനിമക്ക് മുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അതിന്റെ സ്വാധീനശക്തിയുമായി ബന്ധപ്പെട്ട വാദങ്ങളുന്നയിച്ചാണ്. കേരളത്തിലിപ്പോൾ നടക്കുന്ന ചർച്ചകളിലും ഈ വാദങ്ങളുടെ പ്രതിഫലനങ്ങളുണ്ട്.
പോപ്പുലർ സിനിമയും നവലിബറൽ കാലത്തെ അണുകുടുംബവും
സിനിമയുടെ സ്വാധീനശക്തിയെ കുറിച്ച് പറയുമ്പോൾ സിനിമ എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നതെന്താണെന്ന് വിശദമാക്കേണ്ടയിരിക്കുന്നു. കൊമേർഷ്യൽ പോപ്പുലർ സിനിമ, ആർട്ട് സിനിമ, ഡോക്യുമെന്ററി, പരീക്ഷണാത്മക സിനിമ, മെഡിക്കൽ ഉപയോഗത്തിനായി നിർമിക്കുന്ന ഫിലിംസ്, സൈനികാവശ്യങ്ങൾക്കായി നിർമിക്കുന്ന ഫിലിംസ്, ഷോർട്ട് ഫിലിംസ് തുടങ്ങി ഒരുപാട് വിഭാഗങ്ങളെ സൂചിപ്പിക്കാൻ ആ വാക്കുപയോഗിക്കാം. ഇപ്പറഞ്ഞവയ്ക്കെല്ലാം വ്യാപകമായ ജനകീയതയും സ്വാധീനശക്തിയുമുണ്ടോ? ഇല്ല. വ്യാപകമായി കാണുകയും ചർച്ച ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പോപ്പുലർ സിനിമയാണ്. മുഖ്യധാരാ സിനിമകളെന്ന് നാം പേരിട്ട് വിളിക്കുന്ന, ഒരു കച്ചവട ചരക്കായി നിർമ്മിക്കപ്പെട്ടു വിതരണം ചെയ്യപ്പെടുന്ന കൊമേർഷ്യൽ സിനിമകളാണ് പൊതുജനത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ വിതരണം ചെയ്യാനും പ്രദർശിപ്പിക്കാനുമായി രൂപപ്പെടുത്തിയെടുത്ത വലിയ നെറ്റ്‌വർക്കുകൾ വഴിയാണ് പോപ്പുലർ സിനിമകൾ കാണികളിലെത്തുന്നത്. പോപ്പുലർ സിനിമ നിർമ്മിച്ച് വിതരണം ചെയ്ത് അതിൽ നിന്ന് ലാഭം കണ്ടെത്തുന്ന വലിയ പ്രൊഡക്ഷൻ ഹൗസുകളും ഇൻഡസ്ട്രികളും ലോകമെമ്പാടുമുണ്ട്. കൂടുതൽ പേർ കാണാനും അതുവഴി വിറ്റുവരവുണ്ടാക്കാനും കഥാപരിസരത്തിലും കഥാപാത്ര നിർമ്മിതിയിലും ഡയലോഗുകളിലും നിർമ്മാണരീതിയിലും ഫോർമുലകൾ എന്നറിയപ്പെടുന്ന പൊടിക്കൈകൾ പോപ്പുലർ സിനിമയിൽ ഉപയോഗിക്കുന്നതായി കാണാം. ഈ ഫോർമുലകൾ പലപ്പോഴും ആ സമൂഹത്തിൽ പ്രചാരവും മേൽക്കോയ്മയുമുള്ള പ്രത്യയശാസ്ത്ര നിർമ്മിതികളായിരിക്കും. സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി, ഇടതുപക്ഷ പാർട്ടികളെയും നേതാക്കളെയും ആവിഷ്കരിക്കുന്നത്, അരികുവൽക്കരിക്കപ്പെട്ട മത, ജാതി, വർണ്ണ ന്യൂനപക്ഷങ്ങളെ കാണിക്കുന്ന രീതി അങ്ങനെ ഓരോ സമൂഹത്തിലും നിലവിലുള്ള പല മുൻവിധികളുടെ ഊതിപ്പെരുപ്പിച്ച ആവിഷ്കാരങ്ങൾ പോപ്പുലർ സിനിമകളിൽ കടന്നുവരുന്നത് കാണാം. സിനിമകളുടെ വിപണി വിജയത്തിനായുള്ള കച്ചവടയുക്തിയാണ് ഇത്തരം ആഖ്യാനങ്ങൾക്ക് പുറകിലെന്ന് വ്യക്തമാണ്. ആയർത്ഥത്തിൽ സമൂഹത്തിൽ നിലവിലുള്ള മുന്വിധികളെയും ആശയങ്ങളെയും സിനിമ വില്പനച്ചരക്കാക്കുന്നു. സമൂഹത്തിലുള്ളതേ സിനിമയിൽ പ്രതിഫലിക്കൂ എന്നർത്ഥം. സിനിമ സമൂഹത്തെ സ്വാധീനിക്കുന്നതിനേക്കാൾ സമൂഹം സിനിമയെയാണ് സ്വാധീനിക്കുന്നതെന്നതാണ് കൂടുതൽ ശരി.
പോപ്പുലർ സിനിമയുടെ സ്വാധീനശക്തിയുണ്ടാക്കുന്ന വിപത്തുകളെ ചൊല്ലി ഇന്ന് കേരളത്തിൽ നടക്കുന്ന ചർച്ച കൗതുകകരമായ ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സിനിമയിൽ വർദ്ധിച്ചുവരുന്ന അക്രമ രംഗങ്ങൾ കുട്ടികളിൽ ആക്രമണോത്സുകത വർദ്ധിപ്പിക്കുന്നുവെന്നാണല്ലോ ചർച്ചകളുടെ പ്രധാന വാദം. അപ്പോൾ പോപ്പുലർ സിനിമ കുട്ടികളിലുണ്ടാക്കുന്ന സ്വാധീനം എന്ന് ചർച്ചാവിഷയത്തെ പുനർനിർവചിക്കേണ്ടതുണ്ട്. കാരണം കാര്യകാരണ ചിന്താശേഷിയും യുക്തിബോധവും സാമൂഹികാവബോധവും പൂർണമായി വികസിച്ചിട്ടില്ലാത്ത കുട്ടികളെ പോപ്പുലർ സിനിമ കൂടുതലാഴത്തിൽ സ്വാധീനിക്കുമെന്നത് നിശ്ചയമായ കാര്യമാണ്. സിനിമയിൽ കണ്ട കാര്യങ്ങളോട് ഒരു കുട്ടിക്കുള്ള പ്രതികരണങ്ങളും സംശയങ്ങളും വ്യക്തമാക്കപ്പെടാത്ത കാലത്തോളം അവ ആ കുട്ടിയുടെ ബൗദ്ധിക വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് നിസംശയം പറയാം. പക്ഷെ, കുട്ടികളെ സിനിമ വശംവദരാക്കുന്നുവെന്ന ആശങ്കക്ക് പുറകിലും ചില സങ്കീർണതകളുണ്ട്.
മത്സരാധിഷ്ഠിത നവലിബറൽ മുതലാളിത്ത ലോകക്രമമാണ് ഇന്ന് നിലവിലുള്ളത്. ഒരു സമൂഹത്തിലെ എല്ലാവരെയും ഉൾച്ചേർത്തുകൊണ്ട്, ക്ഷേമ പരിപാടികളിലധിഷ്ഠിതമായ ഒരു വികസനപരിപാടി മുന്നോട്ടുവെക്കുന്ന രീതിക്ക് പകരം വൻകിട സ്വകാര്യ നിക്ഷേപകർക്ക് (അന്താരാഷ്ട്ര കുത്തകഭീമന്മാർക്കും) ലാഭമുണ്ടാക്കാനുള്ള അവസരങ്ങളൊരുക്കുന്നതാണ് നവലിബറൽ ഭരണകൂടങ്ങൾ അവലംബിക്കുന്ന ഭരണനിർവ്വഹണം. നവലിബറൽ സാമ്പത്തിക വ്യവസ്ഥയിൽ സ്വകാര്യാടിസ്ഥാനത്തിലുള്ള മത്സരങ്ങൾക്ക് പ്രാമുഖ്യം കൈവരുന്നു. വിദ്യാഭ്യാസവും ആരോഗ്യവുമടക്കമുള്ള അടിസ്ഥാന പൊതുസേവനങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും കുറഞ്ഞ വേതനനിരക്കും ആളുകളെ നിരാലംബരാക്കുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിക്കപ്പെടുക. ഈയൊരവസ്ഥയിൽ ജീവിക്കുന്ന കുടുംബങ്ങളിൽ കുട്ടികളെന്നത് വലിയ പ്രാധാന്യമുള്ളവരായി മാറുകയാണ്. കുട്ടികൾക്ക് മേൽ അമിതമായ പ്രതീക്ഷ വരുന്നതോടെ പുറംലോകത്തുനിന്നുള്ള സ്വാധീനങ്ങളിൽ നിന്ന് അവരെ ഏതുവിധേനയും സംരക്ഷിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടും ശക്തമാവുന്നു. മാതാപിതാക്കൾ കുഞ്ഞുങ്ങളെ സാമൂഹികമായ എല്ലാ ബന്ധങ്ങളിൽ നിന്നും വിലക്കി കുടുംബത്തിനകത്ത് സുരക്ഷാവലയമൊരുക്കുകയാണ്. മത്സരാധിഷ്ഠിത ലോകം സമ്മാനിക്കുന്ന ആശങ്കകളെ മാതാപിതാക്കൾ കുട്ടികളിലേക്ക് പകർന്നുനൽകുന്നത് നിലവിലുള്ള എല്ലാ വ്യവസ്ഥാപിത രീതികളെയും രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകളെയും വിലകുറച്ചു കാണാൻ പഠിപ്പിച്ചുകൊണ്ടാണ്. ഈ കലുഷിത ലോകത്ത് രക്ഷപ്പെടാൻ വേണ്ട നൈപുണിയും (skills) ജോലി നേടാൻ വേണ്ട വിദ്യാഭ്യാസവും മാത്രം നേടുക, ബാക്കിയെല്ലാറ്റിനേയും എല്ലാവരേയും കാര്യമാക്കേണ്ടതില്ല എന്നാണ് കുട്ടികൾ പഠിക്കുന്നത്. വൈവിധ്യമാർന്നതും പുരോഗമനപരവുമായ രാഷ്ട്രീയ, സാമൂഹിക ബന്ധങ്ങളിലേർപ്പെടുന്നത് വഴി കൈവരുന്ന വിവേകബുദ്ധി കുട്ടികൾക്ക് കൈമോശം വരികയാണ്. സ്വയംനവീകരണമെന്നത് ഇല്ലാതാവുകയും വ്യക്തിതാല്പര്യങ്ങൾ നടപ്പിലാക്കുക വഴി വിജയം നേടുകയെന്ന ബോധം കുട്ടികളിൽ പ്രമാദമാവുകയും ചെയ്യുന്നു. സാമൂഹിക ബന്ധങ്ങളില്ലാതാവുന്നത് വഴി രാഷ്ട്രീയ വിദ്യാഭ്യാസവും ഇല്ലാതാവുകയാണ്. കുട്ടികളുടെ ആകെയുള്ള സാമൂഹിക ഇടപെടലുകൾ വീട്ടുകാരോടും സമപ്രായക്കാരോടും മാത്രമായി ചുരുങ്ങുന്നു. സോഷ്യൽ മീഡിയയും ഇന്റർനെറ്റും വഴിയാണ് കുട്ടികൾ ലോകത്തെ അറിയുന്നത്. കുത്തക മൂലധന താല്പര്യങ്ങൾക്കും തീവ്രവലതുപക്ഷ ആശയങ്ങൾക്കും മേൽക്കോയ്മയുള്ള സോഷ്യൽ മീഡിയ കുട്ടികളിൽ പ്രതിലോമപരത നിറയ്ക്കുന്നുണ്ട്. അവരുടെ ഭാഷയടക്കം സോഷ്യൽ മീഡിയ ട്രെൻഡുകൾക്കനുസരിച്ചു മാറുകയാണ്. അവരുടെ ലോകവീക്ഷണവും ശീലങ്ങളും ഇതുവഴി രൂപപ്പെടുകയാണ്. സോഷ്യൽ മീഡിയയിൽ നിറയുന്ന പോപ്പുലർ സിനിമാ കൊണ്ടന്റുകളും ആക്രമണോത്സുകതയും വിദ്വേഷവും നിറഞ്ഞ ക്യാമ്പയിനുകളും ലഹരി ഉപയോഗത്തെയും ഉപഭോക്തൃ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന കൊണ്ടന്റുകളും (ഇലക്ട്രോണിക് ഉപകരണങ്ങൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, വാഹനങ്ങൾ, കോസ്മെറ്റിക് ഉല്പന്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ) കുട്ടികൾക്കിടയിൽ വലിയ പ്രചാരം നേടുന്നത് ഈ പശ്ചാത്തലത്തിലാണ്.
സിനിമാ കച്ചവടവും പുത്തൻ ശീലങ്ങളും
നവലിബറൽ കാലത്ത് സിനിമാവ്യവസായത്തിന് വന്ന മാറ്റവും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. സിനിമയുടെ കച്ചവടവൽക്കരണവുമായി ബന്ധപ്പെട്ട് വിനോദമെന്ന ഘടകം വലിയ പ്രത്യയശാസ്ത്ര വ്യാപ്തി കൈവരിച്ചിരിക്കുന്ന സമയമാണിത്. ചരക്കുനീക്കവും ആഗോള ബിസിനസ് ശൃംഖലകളും ഫിനാൻസ് മൂലധനത്തിന്റെ അതിർത്തികളില്ലാത്ത ചലനത്തിന് വിധേയമായിട്ടുള്ള ഇന്ന് സിനിമയും ആഗോളീകൃത ചരക്കുൽപന്നമായി മാറിയിരിക്കുന്നു. വലിയൊരു ഉപഭോക്തൃ സംസ്കാര വ്യവസ്ഥിതിക്കകത്ത് വിപണി താല്പര്യങ്ങളും മാധ്യമങ്ങളും, പ്രത്യേകിച്ച് സിനിമ, നമ്മുടെ കാഴ്ചപ്പാടുകളും എല്ലാം കെട്ടുപിണഞ്ഞുകിടക്കുകയാണ്. വ്യക്തിയെ സ്വതന്ത്ര ചിന്താശേഷിയും പ്രതികരണശേഷിയും കർതൃത്വവും (agency) ഉള്ളയാളെന്നതിനുപരി വെറുമൊരു ഉപഭോക്താവ് ആയാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. എല്ലാവരും കണ്ടിറങ്ങിയ ലേറ്റസ്റ്റ് സിനിമയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. നീ ഇന്ന സിനിമ കണ്ടോ എന്നാരംഭിക്കുന്നതിൽ നിന്ന് കണ്ടവർ തമ്മിലും സിനിമ ഇഷ്ടമായവരും ഇഷ്ടപെട്ടിട്ടില്ലാത്തവരും തമ്മിൽ വിവിധ ഗ്രൂപ്പുകളായി നടത്തുന്ന ചർച്ചകളാണ് ഇന്ന് പൊതുവിടങ്ങളിലെയും സ്വകാര്യ ഇടങ്ങളിലെയും നമ്മുടെ പ്രധാന സാമൂഹിക വിനിമയം. സിനിമ കാണാത്തവർ, അതിനായി സമയം ‘ചെലവഴിക്കാൻ’ സാധിക്കാത്തവർ, ഈ ചർച്ചയിൽ നിന്ന് പുറംതള്ളപ്പെടുന്നു. അവരും അടുത്ത അവസരത്തിൽ തന്നെ ആ സിനിമ കാണാൻ നിർബന്ധിതരാവുന്നു. ഇങ്ങനെ നമ്മുടെ ദൈനംദിന സംസാരങ്ങളുടെ അടിത്തറയായി സിനിമ മാറിയിരിക്കുന്നു. ചുറ്റും നടക്കുന്ന മറ്റ് കാര്യങ്ങൾ ഇവിടെ ചർച്ചാവിഷയമല്ല. തങ്ങൾക്ക് യാതൊരു താല്പര്യവും പങ്കുമില്ലാത്ത കാര്യങ്ങളാണ് സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നടക്കുന്നതെന്ന അരാഷ്ട്രീയതയുടെ പ്രത്യയശാസ്ത്രമാണ് എക്സ്ക്ലൂസീവ് സിനിമാ ചർച്ചകളിലൂടെ പുറത്തുവരുന്നത്.
ഇത്തരം ചർച്ചകൾ ശ്രദ്ധിച്ചാൽ മനസിലാവുന്ന മറ്റൊരു കാര്യം അവയിൽ വലിയൊരു ശതമാനവും ചുറ്റിത്തിരിയുന്നത് സിനിമയുടെ വിപണിയിലെ പ്രകടനവുമായി ബന്ധപ്പെട്ടാണെന്നതാണ്. ആറ് ദിവസം കൊണ്ട് 50 കോടി രൂപ നേടി, മഞ്ഞുമ്മൽ ബോയ്സ് 200 കോടി രൂപ നേടി തുടങ്ങിയ ബിസിനസ് വാർത്തകൾ നമുക്ക് വലിയ കൗതുകമുണ്ടാക്കുന്നുവെന്നത് ഒരു സംസ്കാര വിപണിയായി (culture industry) സിനിമ മാറിയതിന്റെ പ്രതിഫലനങ്ങളാണ്. ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകരായ തിയോഡോർ അഡോണോ (Theodor Adorno) യും മാക്സ് ഹൊർഖൈമ (Max Horkheimer) റും വികസിപ്പിച്ചെടുത്ത ആശയമാണ് സംസ്കാര വിപണി. കുത്തക മുതലാളിത്തത്തിന്റെ കാലത്ത് ലോകം നിയന്ത്രിക്കുന്ന സാമ്രാജ്യത്വ ശക്തികൾ തങ്ങളുടെ കച്ചവടാവശ്യങ്ങൾക്കായി വിപുലമായ ആഗോള ശൃംഖലകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കുത്തക ശൃംഖലകൾ ഭീമമായ ലാഭം ലഭിക്കാൻ ഉല്പാദനത്തെ ഏകതാനമാക്കുകയും വൈവിധ്യങ്ങളും വൈജാത്യവുമില്ലാത്തവയായി ഉല്പന്നങ്ങളെ മാറ്റിത്തീർക്കുകയും ചെയ്യുന്നു. സാംസ്കാരിക ഉല്പന്നങ്ങളുടെ കാര്യത്തിലാണ് ഇത് കുറേക്കൂടി പ്രകടമാവുന്നത്. ഇങ്ങനെ സ്റ്റാൻഡേർഡൈസ് ചെയ്ത സാംസ്കാരികോല്പന്നങ്ങൾ വിറ്റ് ലാഭമുണ്ടാക്കുന്ന ഇടങ്ങളാണ് സംസ്കാര വിപണികൾ. സിനിമാ നിർമ്മാണവും ഇന്ന് സംസ്കാര വിപണിയായി മാറിയിരിക്കുന്നതിന്റെ തെളിവാണ് സിനിമയെ ചുറ്റിപ്പറ്റിയുള്ള ബിസിനസ് വാർത്തകൾക്ക് ലഭിക്കുന്ന പ്രചാരം. ഇതിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളും സിനിമാക്കാരുടെ വ്യക്തി പരാമർശങ്ങളെ പറ്റിയുള്ള കാര്യങ്ങളുമാണ് നമ്മുടെ ചർച്ചയുടെ ഭൂരിഭാഗവും. ഇത്തരം കാര്യങ്ങളെല്ലാം ഒരു തവണയല്ല നമ്മിലേക്കെത്തുന്നത്. സോഷ്യൽ മീഡിയ ട്രെൻഡുകളുടെ ഇക്കാലത്ത് ഇതേ വാർത്തകൾ പല രൂപത്തിൽ -റീലുകൾ, ഷോർട്സ്, വാട്സാപ്പ് ഫോർവേഡ്- തുടങ്ങിയ രൂപങ്ങളിൽ നമുക്ക് ലഭിക്കുകയാണ്. സോഷ്യൽ മീഡിയയെ മാത്രം ലോകമറിയാൻ ആശ്രയിക്കുന്നവരിലേക്ക്- പ്രത്യേകിച്ച് കുട്ടികളിലേക്ക് ഈ വിവരങ്ങൾ പ്രവഹിക്കുകയാണ്.
പോപ്പുലർ സിനിമയുടെ വിപണി തന്ത്രങ്ങളുടെ ഭാഗമായുള്ള മാർക്കറ്റിംഗ് കൊണ്ടെന്റുകൾ വൈവിധ്യമാർന്ന രൂപങ്ങളിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. സിനിമാലോകവുമായി ആഴത്തിലുള്ള അടുപ്പമുണ്ടെന്ന തോന്നൽ ഈ കൊണ്ടെന്റുകൾ ജനിപ്പിക്കുന്നു. സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം നേടുന്ന സിനിമകൾ കുട്ടികളേറ്റെടുക്കുന്നതും അതുകൊണ്ടാണ്. മലയാളത്തിൽ നിന്നൊരു വയലന്റ് ചിത്രമെന്ന് മാർക്കറ്റ് ചെയ്താണ് മാർക്കോ എന്ന ചിത്രമിറങ്ങുന്നത്. കിൽ (Kill, 2023), ആനിമൽ (Animal, 2023), മങ്കി മാൻ (Monkey Man, 2024) തുടങ്ങിയ ചിത്രങ്ങളും ഇതേ മാർക്കറ്റിംഗ് തന്ത്രമുപയോഗിച്ചിരുന്നതായി കാണാം. ഗെയിമിംഗ്, കൊറിയൻ പോപ്പ് തുടങ്ങിയ പുത്തൻ സൈബർ സംസ്കാരങ്ങളുടെ ഉപഭോക്താക്കളായ കുട്ടികൾക്കിടയിലേക്ക് അതേ സൗന്ദര്യഘടനയും ആഖ്യാനരീതിയും പിന്തുടരുന്ന സിനിമകൾക്ക് കിട്ടുന്ന പ്രചാരമായും പുതിയ സ്ഥിതിവിശേഷങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ മലയാള പോപ്പുലർ സിനിമയുടെ ഇന്നത്തെ ജനകീയതക്കും സ്വാധീനശക്തിക്കും പുറകിൽ സങ്കീർണ്ണമായ രാഷ്ട്രീയ, സാമൂഹ്യ സവിശേഷതകളുണ്ടെന്ന് കാണാം.
വഴിതെറ്റിക്കുന്നതാര്?
ശ്രീ സി എസ് വെങ്കിടേശ്വരന്റെ ‘ആസ്വാദനം, അനുകരണം, പിന്നെ നിയന്ത്രണം, തമസ്‌കരണം’ എന്ന ലേഖനത്തിൽ മാധ്യമ ആവിഷ്കാരങ്ങളും മനുഷ്യന്റെ സെൻസിബിലിറ്റീസും പ്രവൃത്തികളും തമ്മിലുള്ള വിനിമയങ്ങൾ സങ്കീർണമായ രീതിയിൽ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആയർത്ഥത്തിൽ സിനിമ നമ്മെ സ്വാധീനിക്കുന്നുണ്ട്. അതിനേക്കാളുപരി നാം ജീവിക്കുന്ന ഈ ലോകത്തെ എല്ലാ ആശയങ്ങളും വിനിമയങ്ങളും സിനിമയിലെ ആവിഷ്കാരങ്ങളെയും സ്വാധീനിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ നമുക്കെത്തിപ്പിടിക്കാനാവാത്ത മോഹങ്ങളും സങ്കല്പങ്ങളും സിനിമ നമുക്ക് കാണിച്ചുതരുന്നു. അത് എത്തിപ്പിടിക്കാനല്ല മറിച്ചു എങ്ങനെ മോഹിക്കണമെന്നാണ് സിനിമ പഠിപ്പിക്കുന്നതെന്ന സ്ലാവോയ് ഷിഷെക്കിന്റെ (Slavoj Žižek) വാദമാണ് അദ്ദേഹമിവിടെ കൂട്ടുപിടിക്കുന്നത്. ഇതുപ്രകാരം നമ്മുടെയിടയിൽ മേൽക്കോയ്മയുള്ള ആശയങ്ങൾക്ക് മാധ്യമങ്ങൾ ആവിഷ്കാരത്തിനായുള്ള ദിശാബോധം നൽകുന്നു. തീ ആളിക്കത്തിക്കുന്ന കാറ്റിനോടാണ് അദ്ദേഹം ഇവിടെ ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്.
കേരളത്തിൽ സിനിമയുടെ സ്വാധീനം മൂലം കുട്ടികളുടെ ഇടയിൽ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും വർദ്ധിക്കുന്നുവെന്ന ചർച്ചയെയും ഈ പരിപ്രേക്ഷ്യത്തിലാണ് നോക്കിക്കാണേണ്ടത്. കച്ചവടത്തിനായുള്ള വിപുലമായ ബിസിനസ് നെറ്റ്‌വർക്കുകളും മേൽക്കോയ്മയുള്ള ആശയങ്ങളെ പ്രചരിപ്പിക്കുന്ന ആഖ്യാനം കൊണ്ടുമാണ് പോപ്പുലർ സിനിമ വ്യാപകമായ സ്വാധീനശക്തി ഉണ്ടാക്കിയെടുക്കുന്നത്. സമൂഹവും അവിടെ പ്രാബല്യത്തിലുള്ള ആശയങ്ങളും സിനിമാവിഷ്കാരങ്ങളെയാണ് സ്വാധീനിക്കുന്നതെന്നതാണ് വാസ്തവം. ആയർത്ഥത്തിൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ നിലനിൽക്കുന്ന ആക്രമണോത്സുകതയും അരാജക പ്രവണതകളുമാണ് സിനിമകളിൽ പ്രതിഫലിക്കുന്നത്. മത്സരാധിഷ്ഠിതവും ചൂഷണത്തിലൂന്നിയതുമായ നവലിബറൽ സാമ്പത്തിക വ്യവസ്ഥ മൂലമുണ്ടാകുന്ന സങ്കീർണ്ണ മാറ്റങ്ങളാണ് പലവിധത്തിലുള്ള അരാജകത്വത്തിലേക്ക് നയിക്കുന്നത്. പെറ്റി കുറ്റകൃത്യങ്ങളിലേക്ക് ആളുകളെത്തിപ്പെടുന്നതിന് പുറകിലും സാമ്പത്തികമായ പാപ്പരീകരണമുണ്ട്. ഇതുമൂലമുണ്ടാവുന്ന ആശങ്കകളെയും നിരാശയെയും മുതലെടുത്ത് സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയാധികാരം കൈയടക്കാനായി വർഗീയ ശക്തികൾ ശ്രമിക്കുകയാണ്. ന്യൂനപക്ഷ വിരോധവും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെറുപ്പും ഏകാത്മകമായ സവർണ്ണ, സാംസ്‌കാരിക പ്രത്യയശാസ്ത്രവും മുന്നോട്ടുവെക്കുന്ന സംഘപരിവാർ ശക്തികൾ രാജ്യം ഭരിക്കുന്ന സമയമാണിത്. ഹിന്ദുത്വ വർഗീയ പ്രത്യയശാസ്ത്രത്തിന് വലിയ മേൽക്കോയ്മ കൈവന്നിരിക്കുന്നു. മതത്തിന്റെയും ജാതിയുടെയും ഭക്ഷണശീലത്തിന്റെയും ഭാഷയുടെയും പേരിൽ അക്രമങ്ങളും കലാപങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ കലുഷിതാന്തരീക്ഷത്തിന്റെ അനുരണനങ്ങൾ എല്ലാ കലാരൂപങ്ങളിലുമുണ്ടാവും. പോപ്പുലർ സിനിമകളിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളും അരാജകത്വവും ഈ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ തുടർച്ചയാണ്.
വിവേകവും വിവേചന ബുദ്ധിയും പൂർണാർത്ഥത്തിൽ വികസിച്ചിട്ടില്ലാത്ത കുട്ടികളുടെ കാര്യത്തിൽ പോപ്പുലർ സിനിമ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തന്നെ പറയാവുന്നതാണ്. സോഷ്യൽ മീഡിയയുടെയും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെയും പ്രചാരവും കുട്ടികളുടെ സ്വഭാവസവിഷേതകളെ സ്വാധീനിക്കുന്നുണ്ട്. വ്യക്തികേന്ദ്രിതമായ സിനിമാസ്വാദനത്തിനായി ഒടിടി പ്ലാറ്റ്ഫോമുകൾ നിലവിൽ വന്നതും വലിയ മാറ്റങ്ങളുണ്ടാക്കിയതായി കാണാം.
സിനിമ പൊതുസമൂഹത്തെ മോശമായി സ്വാധീനിക്കുന്നുവെന്ന വാദത്തിന്റെ ചരിത്രം ഈ മാധ്യമത്തിനെ സ്ഥാപിതതാല്പര്യങ്ങൾക്കായി അടിച്ചമർത്താൻ ഭരണകൂടങ്ങൾ നടത്തിയ ഹീന നീക്കങ്ങളുമായി കെട്ടുപിണഞ്ഞിരിക്കുന്നു. ഇന്ന് കേരളത്തിൽ നടക്കുന്ന ചർച്ചകളും കർക്കശമായ സെൻസറിങ് നടപടികൾക്കായുള്ള മുറവിളികൾക്ക് വഴിവെച്ചേക്കാം. ഈ മുറവിളികൾ സിനിമയ്ക്ക് മുകളിൽ സാമൂഹികവും സാമുദായികവുമായ വിലക്കുകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കുന്ന സമ്പ്രദായങ്ങൾക്കും വഴിയൊരുക്കാനുള്ള സാധ്യതകൾ ചെറുതല്ല. പുരോഗമന, മതനിരപേക്ഷ മൂല്യങ്ങൾ വെച്ചുപുലർത്തുന്ന കേരളത്തിൽ ഇത്തരമൊരു പ്രവണതയുണ്ടാവുന്നതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.
പോപ്പുലർ സിനിമയുടെ സ്വാധീനം അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ നാം ആദ്യം ആശങ്കപ്പെടേണ്ടത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അനുരണനങ്ങൾ ഉള്ള സിനിമകൾ ഉണ്ടാവുന്ന സാഹചര്യത്തെയാണ്. സംഘപരിവാർ ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തെ ഒളിച്ചും തെളിച്ചും കടത്തുന്ന ഈ സിനിമകളിൽ പലതും ദേശീയാടിസ്ഥാനത്തിൽ തന്നെ വലിയ പ്രചാരം നേടിയവയാണ്. അവ പലതും വിപണിവിജയം നേടിയവയുമാണ്. സംഘപരിവാറിന്റെ സംഘടനാ നെറ്റ്‌വർക്ക് തന്നെ രംഗത്തിറങ്ങി പ്രചരിപ്പിച്ച സിനിമകളുമുണ്ട്. അവ സമൂഹ മനസ്സിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വ്യാപകമായി ചർച്ച ചെയ്യേണ്ടതല്ലേ? സോഷ്യൽ മീഡിയയുടെ കാലത്ത് സിനിമയെന്നാൽ വലിയൊരു പോപ്പുലർ വിഷ്വൽ ശേഖരം കൂടിയാണ്. അത് ഒരു ആർക്കൈവ് പോലെ വർത്തിക്കും. ഹിന്ദുത്വ രാഷ്ട്രീയവും അതുയർത്തിക്കൊണ്ട് വന്ന വിഷയങ്ങളെയും ചുറ്റിപ്പറ്റിയുള്ള വലിയൊരു വിഷ്വൽ ആർക്കൈവ് രൂപപെടുത്തിയെടുക്കുകയാണ് സംഘപരിവാർ. പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സോഷ്യൽ മീഡിയ കൊണ്ടെന്റുകളായി അവ നമ്മുടെ മുന്നിൽ കറങ്ങിക്കൊണ്ടേയിരിക്കും. ദൈനംദിന സംഘടനാപ്രവർത്തനത്തിലൂടെ നേടിയെടുക്കാവുന്നതിനേക്കാൾ എളുപ്പത്തിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിക്കുകയാണ്. എത്ര അപകടരകമാണീ അവസ്ഥ?
ആയതിനാൽ പോപ്പുലർ സിനിമയുടെ സ്വാധീനശക്തിയെ കുറിച്ച് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ കുറേക്കൂടെ സമഗ്രമായ പരിപ്രേക്ഷ്യത്തിൽ വിഷയത്തെ സമീപിക്കേണ്ടതുണ്ട്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന പ്രതിലോമതകൾക്ക് കാരണം സിനിമ മാത്രമല്ല. യഥാർത്ഥ വില്ലൻ ഈ ലോകക്രമത്തിലെ സാമൂഹിക വൈരുദ്ധ്യങ്ങളാണ്.
Comments
Post a Comment