മലയാള സിനിമ: ഡിറക്ടഡ് ബൈ കെ ജി ജോർജ്!

കെ ജി ജോർജ് വിടവാങ്ങി. ഏതൊരു കലാമാധ്യമവും പൊതുജനത്തോട് കാര്യക്ഷമമായി സംവദിക്കണമെന്ന നിലപാടിലുറച്ചു നിന്ന സംവിധായകനായിരുന്നു അദ്ദേഹം.  ഗൗരവ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആർട്ട് സിനിമകൾ, കച്ചവടതാല്പര്യത്തോടെ വില്പനച്ചരക്കെന്ന നിലയിലിറങ്ങുന്ന കൊമേർഷ്യൽ സിനിമകൾ എന്നൊരു വേർതിരിവ് മലയാളത്തിൽ ഉണ്ടായിവന്ന 1970 കളുടെ രണ്ടാം പകുതിയിലാണ് ജോർജിന്റെ ‘സ്വപ്നാടനം’ വരുന്നത്. ആർട്ട് സിനിമകൾ മനുഷ്യമനസ്സിന്റെ വിഹ്വലതകളെയും സംഘർഷങ്ങളെയും ചിത്രീകരിക്കുന്നതും മെല്ലെപോകുന്നതും മുഖ്യധാരാ സിനിമകളുടെ വിജയഫോർമുലകൾ തീർത്തും ഒഴിവാക്കിയതുമായതുമായ ആഖ്യാനങ്ങളെന്നറിയപ്പെട്ടു. മറുഭാഗത്ത്, കൊമേർഷ്യൽ സിനിമകൾ പ്രേക്ഷകർക്ക് എസ്‌കേപിസ്റ്റ് എന്റർടെയ്‌ൻമെന്റ് നൽകാനുള്ള വിജയക്കൂട്ടുകളുപയോഗിക്കുന്ന ലളിതാഖ്യാനങ്ങളെന്ന് വേർതിരിഞ്ഞുപോയി. സിനിമയെന്ന കലാരൂപം മനുഷ്യ ജീവിതത്തിന്റെ സങ്കീർണതകളിലേക്ക് വെളിച്ചം വീശണമെന്ന കാര്യത്തിൽ കെ ജി ജോർജിന് സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അതുയർത്തുന്ന ചോദ്യങ്ങൾ എല്ലാവരിലേക്കുമെത്തണമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി മുഖ്യധാരാ സിനിമയുടെ ചില വാർപ്പുമാതൃകകൾ സർഗ്ഗാത്മകമായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാടായിരുന്നു ജോർജിന്റേത്. ‘മധ്യവർത്തി’ സിനിമകളെന്ന (middle stream cinema) പുതിയൊരു ധാര ഉണ്ടായി വരുന്നതെങ്ങനെയാണ്. മുഖ്യധാരാ ചിത്രങ്ങളുടെ പ്രധാന ഘടകങ്ങളായ പാട്ടുകളും മെലോഡ്രാമാറ്റിക് അതിനാടകീയതയും ഉദ്വേഗം ജനിപ്പിക്കുന്ന പൾപ്പ് കഥാപരിസരങ്ങളും (ക്രൈം, സൈക്കോ ത്രില്ലർ, സറ്റയർ) സമർത്ഥമായി കൂട്ടിച്ചേർത്ത ആഖ്യാനരീതിയിലൂടെ കെ ജി ജോർജ് മനുഷ്യസംഘർഷങ്ങളുടെ കഥ പറയാൻ തുടങ്ങി. മുഖ്യധാരാ മലയാള സിനിമയുടെ 1980 കളിലെ ഗുണപരമായ വളർച്ചയ്ക്ക് പിന്നിൽ ജോർജും കൂട്ടരും ഉണ്ടാക്കിയെടുത്ത ഈ ആഖ്യാന രൂപമാണെന്ന് കാണാം. ഐ വി ശശിയും ഭരതനും പത്മരാജനും ലോഹിതദാസും സിബി മലയിലും എംടിയുമെല്ലാം ഈ രീതിയെ കൂടുതൽ സമ്പുഷ്ടമാക്കിയവരാണ്.


മെലോഡ്രാമയാണ് കെ ജി ജോർജിന്റെ ആഖ്യാനത്തിന്റെ കാതൽ. ഏത് വികാരവും വിനിമയവും കഥാസന്ദർഭവും മെലോഡ്രാമയുടെ മേമ്പൊടിയോടെയാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ പരിണാമചരിത്രവുമായി ബന്ധപ്പെടുത്തി മാത്രമേ മെലോഡ്രാമയുടെ ഉപയോഗം കാണാൻ സാധിക്കൂ. ഫോക്ക് നാടകങ്ങളും തോൽപ്പാവക്കൂത്ത് പോലുള്ള പരമ്പരാഗത പ്രകടനകലാരൂപങ്ങളും രൂപപ്പെടുത്തിയ ആഖ്യാനരീതിയുടെ തുടർച്ചയായാണ് ഇവിടെയുള്ള സിനിമകളിലെ ആഖ്യാനവും ഉണ്ടായിവരുന്നത്. ഇന്ത്യയിലിറങ്ങുന്ന മുഖ്യധാരാ സിനിമകളുടെ സവിശേഷതയായാണ് ഈ മെലോഡ്രാമാറ്റിക് രീതിയെ രവി വാസുദേവൻ അടക്കമുള്ളവരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കെ ജി ജോർജ് ഈ രീതിയെ ക്രിയാത്മകമായി ഉപയോഗിച്ച ഒരാളാണ്. പലവിധ ചൂഷണങ്ങൾ നിറഞ്ഞതും ദുരിതസാന്ദ്രവുമായ ജീവിതസാഹചര്യങ്ങളിലുള്ള കഥാപാത്രങ്ങൾ അസാധാരണവും അതിനാടകീയവുമായ വികാരപ്രകടനങ്ങൾ നടത്തുന്നു. അവർക്ക് ചുറ്റുമായി ജോർജ് രൂപപ്പെടുത്തിയെടുക്കുന്ന ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലമാണ് ഈ അതിനാടകീയ പ്രകടനങ്ങൾക്കുള്ള സാധൂകരണം. ‘യവനിക’യിലെ ജലജയായാലും ‘ഇരകളി’ലെ ഗണേശ്കുമാറായാലും ‘ആദാമിന്റെ വാരിയെല്ലി’ലെ സ്ത്രീകഥാപാത്രങ്ങൾ ആയാലും ‘ഉൾക്കടലി’ലെ ശോഭയായാലും ‘മേള’യിലെ  രഘുവായാലും സൂക്ഷ്മമായി സൃഷ്ടിച്ചെടുത്ത ബാക്ക്ഗ്രൗണ്ടാണ് ഇവരുടെ പെർഫോമൻസുകൾക്ക് മിഴിവേകുന്നത്. കെ ജി ജോർജിന്റെ ക്രൈം സിനിമകളെടുത്താൽ ഇത് കൂടുതൽ പ്രകടമാണ്. ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’, ‘കഥക്ക് പിന്നിൽ’, ഈ കണ്ണി കൂടി’ പോലുള്ള ഉദ്വേഗജനകമായ സിനിമകളിൽ പോലും മെലോഡ്രാമ കാണാം. ഇന്ന് വർക്ക് ചെയ്യുന്ന പല പ്രമുഖ സംവിധായകരും ജോർജിന്റെ ഈ രീതി അന്ധമായി പിന്തുടരാൻ ശ്രമിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശേരിയാണ് ഇതിലൊരാൾ. തന്റെ ഏറ്റവും വലിയ ക്രീയേറ്റീവ് ഇൻഫ്ളുവൻസായി ലിജോ കെ ജി ജോർജിനെ സൈറ്റ് ചെയ്യുന്നത് പല അഭിമുഖങ്ങളിലും കണ്ടിട്ടുണ്ട്. അതിനാടകീയമായ കഥാമുഹൂർത്തങ്ങളും വികാരപ്രകടനങ്ങളും തന്റെ സിനിമകളിൽ അദ്ദേഹം ധാരാളമായി ഉപയോഗിക്കുന്നു. അതേപോലെ തീർത്തും സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ കവർ ചെയ്യാനും ലിജോ ശ്രമിക്കാറുണ്ട്. പക്ഷെ, അവരെ സൂക്ഷ്‌മമായ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിഷ്ഠിക്കാൻ പലപ്പോഴും അദ്ദേഹത്തിന് സാധിക്കാറില്ല. അതുകൊണ്ടു തന്നെ പ്രായോഗികയുക്തിയോ ഔചിത്യബോധമോ ചിന്താശേഷിയോ ഇല്ലാതെ പൊട്ടിത്തെറിക്കുകയും കരയുകയും ആഹ്‌ളാദിക്കുകയും ചെയ്യുന്നവരായി ലിജോയുടെ കഥാപാത്രങ്ങൾ പലപ്പോഴും മാറാറുണ്ട്. എന്നാൽ കെ ജി ജോർജിന്റെ കഥാപാത്രങ്ങൾ നിവൃത്തികേട്‌ കൊണ്ട് മെലോഡ്രാമാറ്റിക് ആയി വർത്തിക്കുന്നവരാണ്. കുറേക്കൂടി മെച്ചപ്പെട്ടൊരു ലോകം സാധ്യമായെങ്കിൽ അവരിങ്ങനെ ആകുമായിരുന്നോയെന്ന വർഗ്ഗ രാഷ്ട്രീയത്തിന്റെ ചോദ്യം ജോർജിന്റെ സിനിമകളിൽ അടിയൊഴുക്കെന്ന മട്ടിൽ കാണാം. 


വർഗ്ഗാധികാരത്തിന്റെ ചൂഷണത്തോടൊപ്പം പുരുഷാധികാര വ്യവസ്ഥയേൽപ്പിക്കുന്ന ദുരിതവും പേറുന്ന സ്ത്രീ എന്ന ബിംബം കെ ജി ജോർജിന്റെ ഇഷ്ടവിഷയമായിരുന്നു. അതിനെ കേന്ദ്രപ്രമേയമാക്കി ഒരുപാട് സിനിമകളെടുത്ത ചുരുക്കം സംവിധായകരിലൊരാളാണ് അദ്ദേഹം. മറ്റ് പ്രമേയങ്ങൾ കൈകാര്യം ചെയ്ത സിനിമകളിലും ഈ തീം പലപ്പോഴായി കടന്നുവരുന്നത് കാണാം. ‘ആദാമിന്റെ വാരിയെല്ല്’ പുരുഷാധിപത്യ വ്യവസ്ഥയ്‌ക്കെതിരെയുള്ള വലിയ സ്റ്റേറ്റ്മെന്റായി അറിയപ്പെടുന്നു. ‘യവനിക’, ‘ഉൾക്കടൽ’,  ‘മേള’, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’, ‘കഥക്ക് പിന്നിൽ’, ഈ കണ്ണി കൂടി’ പോലുള്ള ചിത്രങ്ങളിൽ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളെ വ്യക്തമായ സാമൂഹിക പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. മുഖ്യധാരാ സിനിമകളിൽ ഇത്തരം ഗൗരവ വിഷയങ്ങൾ ഉൾച്ചേർക്കാൻ അദ്ദേഹം കാണിച്ച സന്നദ്ധത പ്രശംസനീയമാണ്. ‘മണ്ണ്’ എന്ന ചിത്രം കേരളത്തിലെ ഭൂപ്രശ്നങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഒരു ഗംഭീര രാഷ്ട്രീയ ആഖ്യാനമായി കരുതപ്പെടുന്നു. ‘പഞ്ചവടിപ്പാലം’ രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന ആഖ്യാനരീതിയിൽ വന്ന മിഴിവുറ്റ ചിത്രമാണ്.  


ആയർത്ഥത്തിൽ മലയാള സിനിമയ്ക്ക് ക്രിയാത്മകമായ പുതുമുഖം നൽകിയ വലിയ വ്യക്തിത്വങ്ങളിലൊരാളാണ് കെ ജി ജോർജ്. സിനിമയെന്നാൽ ഗൗരവ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട ഒരു കലാമാധ്യമമാണെന്ന് വിശ്വസിക്കുകയും ഈ ചർച്ചകൾ പൊതുജനമധ്യത്തിലേക്കെത്തിക്കാൻ ആകർഷകമായ ആഖ്യാനരീതി രൂപപ്പെടുത്തിയെടുക്കുകയും ചെയ്ത സർഗ്ഗപ്രതിഭ കൂടിയാണദ്ദേഹം. കെ ജി ജോർജ് രൂപപ്പെടുത്തിയെടുത്ത ‘മധ്യവർത്തി’ സിനിമാരൂപം പിന്നീട് മലയാളസിനിമയെ ലോകഭൂപടത്തിൽ തന്നെ രേഖപ്പെടുത്തുകയുണ്ടായി. ‘താഴ്വാരം’ പോലുള്ള ലോകോത്തര സിനിമകളുണ്ടായി വന്ന ആഖ്യാനരീതിയാണിത്. ഈ മാതൃകയിൽ ഇന്നും മലയാളത്തിൽ സിനിമകളുണ്ടാവുന്നു. ദിലീഷ് പോത്തൻ ഈ രീതിയെ ക്രിയാത്മകമായി പുതുക്കിയ സംവിധായകനാണ്. അങ്ങനെ നോക്കുമ്പോൾ മലയാള സിനിമ കെ ജി ജോർജിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയാവുന്നതാണ്. വൈവിധ്യമാർന്ന ഗൗരവ വിഷയങ്ങൾ ചർച്ച ചെയ്യാൻ തന്റേതായ സിനിമാഭാഷ രൂപപ്പെടുത്തിയ കെ ജി ജോർജ് സാംസ്‌കാരിക കേരളത്തിന്റെ അഭിമാനം കൂടിയാണ്. താൻ സൃഷ്ടിച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും കെ ജി ജോർജ് നമുക്കിടയിൽ ഇനിയുമൊരുപാട് കാലം ജീവിക്കും.


                   


Comments