‘പുരുഷ പ്രേത’ത്തിന്റെ ചില ആഖ്യാന മേന്മകൾ
കൊളോണിയൽ കാലത്തിന്റെ വിഴുപ്പ് പേറുന്ന പൊലീസ് എന്ന ഭരണസ്ഥാപനത്തിന്റെ ഇൻക്വസ്റ്റാണ് (inquest) കൃഷാന്തിന്റെ ‘പുരുഷപ്രേതം’. നിയമപാലന സംവിധാനത്തെയും അതിനകത്തെ സങ്കീർണതകളെയും വിമർശനാത്മകമായും എന്നാൽ വളരെ അനുകമ്പയോടെയും ചിത്രീകരിച്ചിരിക്കുകയാണിവിടെ. ഡാർക്ക് ഹ്യൂമർ (dark humour), പൊലീസ് പ്രൊസീജ്യറൽ (police procedural), ഇൻവെസ്റ്റിഗേഷൻ (investigation), ഹൊറർ (horror) തുടങ്ങിയ ഴോണറുകളെ (genre) അതിസമർത്ഥമായി സമ്മേളിപ്പിച്ചു കൊണ്ടാണ് കൃഷാന്തും സംഘവും ഈ 'പ്രേതപരിശോധന’ നടത്തുന്നത്.
പൊലീസ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും അതിന്റെ അടിച്ചമർത്തലനുഭവിക്കുന്നവരും സാമൂഹിക മൂലധനമുപയോഗിച്ചു അതിനെ മുതലെടുക്കുന്നവരുമായ ധാരാളം കഥാപാത്രങ്ങളെ ചിത്രത്തിൽ കാണാം. വ്യക്തമായ ക്യാരക്ടർ ആർക്കുള്ളവരാണ് ഇവരെല്ലാം. ആഖ്യാനത്തിൽ ഇവർക്കെല്ലാം തുല്യപ്രാധാന്യവുമുണ്ട്. ഒരുപാട് കഥാപാത്രങ്ങളെ ചാരുതയോടെ ഉപയോഗിച്ചത് രസകരമായി തോന്നി. ഒന്നിലധികം പേരെ ഫ്രെയിമിൽ ഫോർമേഷനായി നിർത്തി ഒരേ ചേഷ്ടകൾ താളത്തിൽ അവതരിപ്പിച്ച രീതി മലയാള സിനിമയിൽ അധികം കണ്ടിട്ടില്ല. ജാപ്പനീസ് സംവിധായകൻ അകിര കുറോസാവയാണ് ഈ രീതി ലോകസിനിമയിൽ ധാരാളമായി ഉപയോഗിച്ചിട്ടുള്ളത്. നർമ്മം ജനിപ്പിക്കാനായി ആ രീതി ഒന്നിലധികം തവണ ചിത്രത്തിൽ ഉപയോഗിച്ചത് നല്ല അനുഭവമായിരുന്നു.
ഒരു ഗ്രാഫിക് നോവലെന്ന പോലെയാണ് ‘പുരുഷപ്രേതം’ മുന്നോട്ടുപോകുന്നത്. ചടുലമായ കട്ടുകളും, സാമ്പ്രദായിക ആഖ്യാനരീതികൾക്ക് വിരുദ്ധമായ വേഗവും ക്യാമറാ ഷോട്ടുകളുടെ വിന്യാസവുമെല്ലാം യാഥാർത്ഥ്യത്തിനതീതമായൊരു ലോകത്തെ ആവിഷ്ക്കരിക്കുന്നു. ഇതുപോലൊരു ഭരണസ്ഥാപനത്തിനകത്തുള്ള സങ്കീർണതകളെ കാണിക്കുന്നതിൽ ഈ ആഖ്യാനതന്ത്രം വിജയിച്ചുവെന്ന് പറയാം. ചിത്രത്തിലെ ഹൊറർ അന്തരീക്ഷത്തെയും ഈ ക്രമരഹിത ആഖ്യാനം അനുഭവവേദ്യമാക്കുന്നു.
ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ആഖ്യാനമാണ് ‘പുരുഷപ്രേത’ത്തിന്റേത്. കൃഷാന്തിന്റെ മുൻ ചിത്രമായ ‘ആവാസവ്യൂഹം’ പോലെ തന്നെ കഥാപാത്രങ്ങളുടെ വിനിമയങ്ങളിലൂടെയും അവരുൾക്കൊള്ളുന്ന ലോകത്തിലെ യുക്തിരാഹിത്യത്തിൽ നിന്നുമാണ് നർമ്മമുണ്ടാവുന്നത്. ഈ ഡാർക്ക് ഹ്യൂമർ കാഴ്ചക്കാരെ കുടുകുടെ ചിരിപ്പിക്കുന്നുണ്ട്. അതോടൊപ്പം ചിന്തിപ്പിക്കുന്നുമുണ്ട്. ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനി (Federico Fellini), സെർബിയൻ സംവിധായകൻ എമിർ കുസ്തുറിക്ക (Emir Kusturica), ഫ്രഞ്ച് സംവിധായകർ ഷാക്വസ് ടാറ്റി (Jaques Tati), ഗൊദാർദ് (Godard) തുടങ്ങി പല ലോക സംവിധായകരുടെയും സ്വാധീനം ഈ ആഖ്യാനത്തിലുണ്ടെന്ന് തോന്നുന്നു.
‘പുരുഷപ്രേത’ത്തിന്റെ ചടുലമായ ആഖ്യാനം കാഴ്ചക്കാരന് കണ്ണുചിമ്മാനുള്ള സമയം പോലും നൽകുന്നില്ല. പലപ്പോഴും ചിരിയുണർത്തുന്നത് ഈ ആഖ്യാനരീതി തന്നെയാണെന്ന് കാണാം. സ്‌ക്രീനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുമായി ബന്ധമുള്ളതും എന്നാൽ പലപ്പോഴും കാഴ്ചക്കാരെ സംഭ്രമിപ്പിക്കുന്നതുമായ കാര്യങ്ങൾ പെട്ടെന്ന് വന്നുപോകുന്നു. ഗ്ലാസ് ചീളുകൾ പോലെ കാഴ്ചയിലേക്കും ചിന്തയിലേക്കും അവയെത്തുകയാണ്. ഈ രീതി ബ്രിട്ടീഷ് സംവിധായകരായ ഗൈ റിച്ചിയുടെയും (Guy Ritchie) എഡ്ഗാർ റൈറ്റിന്റെയും (Edwar Wright) ശൈലികളുമായി സാമ്യം തോന്നി. ഇങ്ങനെയുള്ള ചടുലാഖ്യാനങ്ങൾ വഴി കോമഡി ജനിപ്പിക്കുന്നതിൽ പ്രശസ്തരാണല്ലോ അവർ.
പ്രശംസനീയമായി തോന്നിയ മറ്റൊരു കാര്യം ഇവക്കെല്ലാമിടയിൽ കൊണ്ടുവന്ന പ്രണയരംഗങ്ങളാണ്. അമേരിക്കൻ സംവിധായകൻ പോൾ തോമസ് ആൻഡേഴ്സന്റെ (Paul Thomas Anderson) പല റൊമാൻസ് ചിത്രങ്ങളെയുമാണ് ഇതോർമ്മിപ്പിക്കുന്നത്. അതേപോലെ ലോകോത്തര ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളുപയോഗിക്കുന്ന നിയോ നുവാ (neo noir) ശൈലി കഥപറച്ചിലിനായി തെരഞ്ഞെടുത്തതും സിനിമയുടെ ആസ്വാദനം ഹൃദ്യമാക്കി. കൊച്ചി പോലൊരു മെട്രോപൊളിറ്റൻ സിറ്റിയുടെ ഭൂപ്രകൃതിയും, അതിന്റെ രാത്രിജീവിതവും, നിയോൺ ലൈറ്റുകളും കഥാന്തരീക്ഷത്തിന് മിഴിവേകുന്നുണ്ട്. പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളുടെ പാലെറ്റ് കൂടുതലായി ഉപയോഗിച്ചത് കല്പനാത്മകമായ അന്തരീക്ഷം ചിത്രത്തിന് നൽകുന്നു. ഷാർപ്പ് കോൺട്രാസ്റ്റ് ഫ്രെയിമുകളും ചിത്രത്തിന്റെ ഭ്രമാത്മകതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
സമർത്ഥമായ രീതിയിലുപയോഗിച്ചിരിക്കുന്ന റാപ്പ് സംഗീതവും ചിത്രത്തിന്റെ ആസ്വാദനം രസകരമാക്കുന്നു. ഇതിനു മുൻപ് വന്ന മറ്റ് പല സിനിമകളിലും റാപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവയിലെ രംഗങ്ങളുമായി ആ സംഗീതവും അതിലെ വരികളും ചേർന്നുപോകാത്തത് ഒരു കല്ലുകടിയായി നിന്നിരുന്നു. 'പുരുഷപ്രേത'ത്തിൽ അങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നില്ല. മാത്രമല്ല, രംഗങ്ങളുടെ വൈകാരികാന്തരീക്ഷത്തെ കൃത്യമായി പ്രതിഫലിപ്പിക്കാനും റാപ്പിന് സാധിക്കുന്നുണ്ട്.
ആയർത്ഥത്തിൽ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത ഒരുപാട് ആഖ്യാനതന്ത്രങ്ങൾ ഗംഭീരമായി സമ്മേളിപ്പിച്ച ചിത്രമാണ് ‘പുരുഷപ്രേതം’. പറയാനുദ്ദേശിക്കുന്ന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ മനോഹരമായി കോർത്തിണക്കിക്കൊണ്ട് ആസ്വാദനമൂല്യമേറെയുള്ളൊരു ആഖ്യാനം ചിത്രത്തിന്റെ സ്രഷ്ടാക്കൾ രൂപപ്പെടുത്തിയിട്ടുണ്ട്. ചിരിപ്പിക്കുന്നതിനൊപ്പം കാഴ്‌ചക്കാരനെ ചിന്തിപ്പിക്കാനും ഈ സിനിമയ്ക്ക് സാധിക്കുന്നു. മലയാള സിനിമയ്ക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു കലാ, രാഷ്ട്രീയ പാഠമായി ‘പുരുഷപ്രേതം’ നിലനിൽക്കും.

Comments
Post a Comment