നദവ് ലെപ്പിഡിനെ വേട്ടയാടുന്ന സംഘപരിവാരം

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ വെച്ച് ‘കശ്മീർ ഫയൽസ്’ നെ വിലകുറഞ്ഞ പ്രചാരവേലയെന്ന് പറഞ്ഞ ജൂറി ചെയർമാൻ നദവ് ലെപ്പിഡ് (Nadav Lapid) വലിയ ആക്രമണം നേരിടുകയാണ്. കാശ്മീരിലെ പണ്ഡിറ്റുകളുടെ പലായനത്തെ കൃത്യമായി അടയാളപ്പെടുത്തുവെന്ന് പറഞ്ഞു സംഘപരിവാരവും കേന്ദ്രസർക്കാരും നാടുമുഴുവൻ കൊട്ടിപ്പാടി കൊണ്ടു നടന്ന സിനിമയാണ് ‘കശ്മീർ ഫയൽസ്’. ഈ ചിത്രം ഗോവ പോലൊരു പ്രമുഖ ഫെസ്റ്റിവൽ വേദിയിൽ എങ്ങനെ പ്രദർശിക്കപ്പെട്ടുവെന്നാണ് ലെപ്പിഡ് ചോദിച്ചത്. കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് താക്കൂറും മറ്റ് പല ബിജെപി നേതാക്കളുമുള്ള സദസ്സിലാണ് ഈ വിമർശനങ്ങളുയർന്നതെന്നതും ശ്രദ്ധിക്കണം. ഇന്ത്യയിലെ ഇസ്രായേലി അംബാസഡർ അടക്കമുള്ളവർ ലെപ്പിഡിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു രംഗത്ത് വന്നതിന് പിന്നിലെ താത്പര്യങ്ങളെന്താണെന്നതും ചിന്തിക്കേണ്ട വിഷയമാണ്.

ഇസ്രായേലിനെ ലോകസിനിമയിൽ അടയാളപ്പെടുത്തുന്ന പ്രമുഖ സംവിധായകരിലൊരാളാണ് നദവ് ലെപ്പിഡ്. സാമുവേൽ മവോസ് (Samuel Maoz), അരി ഫോൾമാൻ (Ari Folman), അമോസ് ഗിതായ് (Amos Gitai), യോസഫ് സെഡാർ (Joseph Cedar), ഇറാൻ കോലിറിൻ (Eran Kolirin) തുടങ്ങിയ പ്രമുഖരടങ്ങുന്ന നിരയിലൊരാൾ. ഇവരെല്ലാം തന്നെ വളരെ പരസ്യമായി തന്നെ പുരോഗമന രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നവരുമാണ്. സാമുവേൽ മവോസിന്റെ രണ്ട് ചിത്രങ്ങളും- ‘ലെബനൻ’ (Lebanon, 2009), ‘ഫോക്സ്‍ട്രോട്ട്’ (Foxtrot, 2017)- ഇസ്രായേലിന്റെ സാമ്രാജ്യത്വ അധിനിവേശ രാഷ്ട്രീയത്തെ തുറന്ന് കാണിക്കുന്നവയാണ്. 1982 ലെ ലെബനൻ യുദ്ധത്തെ പറ്റിയുള്ള ഫോൾമാന്റെ അനിമേറ്റഡ് ഡോക്യുമെന്ററി ‘വാൾട്സ് വിത്ത് ബഷീർ’ (Waltz with Bashir, 2008) ശക്തമായ രാഷ്ട്രീയ പ്രസ്താവനയാണ്. മറ്റു പ്രമുഖ സംവിധായകരും അങ്ങനെ തന്നെ. ഇവരുടെ പാരമ്പര്യം പിന്തുടർന്ന് വരുന്നയാളാണ് ലെപ്പിഡ്. അദ്ദേഹത്തിന്റെ സിനിമകളും ഇതേ പോലെ പ്രകടമായി രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കുന്നവയാണ്. അന്താരാഷ്ട്രാ ഫെസ്റ്റിവൽ വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘സിനോനിംസ്’ (Synonyms, 2019) ഇസ്രായേലിന്റെ വിഷലിപ്തമായ രാഷ്ട്രീയാന്തരീക്ഷം താങ്ങാനാവാതെ നാടുവിടുന്ന ഒരു വ്യക്തിയുടെ കഥയാണ്. അക്കൊല്ലത്തെ ബെർലിൻ ചലച്ചിത്രമേളയുടെ മികച്ച ചിത്രമായി ഇത് തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേൽ ഗ്രാമപ്രദേശങ്ങളിൽ സ്വന്തം സിനിമ സ്ക്രീൻ ചെയ്യാൻ പോകുന്നതിനിടയിൽ ഭരണകൂടത്തിന്റെ വിവിധ അധീശ ശാസനകൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു സംവിധായകന്റെ കഥ പറയുന്ന ‘അഹദ്സ് നീ’ (Ahed's Knee, 2021) ആണ് മറ്റൊരു സിനിമ. ഇത് കഴിഞ്ഞ കൊല്ലത്തെ ക്യാൻ ചലച്ചിത്രമേളയുടെ ജ്യൂറി പുരസ്‌കാരം നേടി. ഇങ്ങനെ വളരെ പരസ്യമായി രാഷ്ട്രീയം പറയുന്ന സിനിമകളെടുക്കുന്നയാളാണ് ലെപ്പിഡ്. അവയെല്ലാം അന്തർദേശീയ  തലത്തിൽ വലിയ ശ്രദ്ധ നേടുകയും അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ പൊതുജനമധ്യത്തിൽ തുറന്നു പറയാനും അദ്ദേഹം ഒരു മടിയും കാണിക്കാറില്ല. പല വേദികളിൽ, പല സന്ദർഭങ്ങളിലായി അദ്ദേഹം നടത്തിയ പരാമർശങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. 

അങ്ങനെയൊരു വ്യക്തിത്വം ഇന്ത്യയുടെ പ്രമുഖ ചലച്ചിത്രമേളയുടെ വേദിയിൽ വന്ന് പറഞ്ഞൊരു കാര്യം ഗൗരവത്തോടെ പരിഗണിക്കേണ്ടതല്ലേ? വലിയ രാഷ്ട്രീയ പ്രചാരവേലയുടെ പിന്തുണയിൽ ‘കശ്മീർ ഫയൽസ്’  ഇന്ത്യയെങ്ങും പ്രദർശിക്കപ്പെട്ടപ്പോൾ ഇതേ വിമർശനം ഇവിടെയുള്ള പുരോഗമന രാഷ്ട്രീയ കക്ഷികളും ഉയർത്തുകയുണ്ടായി. ഹീനവും പൈശാചികവുമായ കുപ്രചാരണങ്ങളിലൂടെയാണ് അന്ന് വിമർശനസ്വരങ്ങളെ സംഘപരിവാരവും കേന്ദ്രസർക്കാരും നേരിട്ടത്. ഇന്ന് അതേ കാര്യം അന്താരാഷ്ട്ര തലത്തിൽ പ്രമുഖനായൊരു സംവിധായകൻ പറഞ്ഞപ്പോഴും സമാനമായ ആക്രമണങ്ങളാണ് ഹിന്ദുത്വവാദികൾ അഴിച്ചുവിടുന്നത്. അവരുടെ മൂടുതാങ്ങുന്ന പല പ്രമുഖരും നദവ് ലെപ്പിഡിനെ രാഷ്ട്രീയ മുൻവിധികളുള്ള സങ്കുചിത ചിന്താഗതിക്കാരനാക്കി ചിത്രീകരിക്കുകയാണ്. വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ഇസ്രായേൽ ഭരണകൂടവും മുന്നിലുണ്ട്. ലെപ്പിഡിന്റെ മുൻപറഞ്ഞ പശ്ചാത്തലമാകാം ഈ പ്രതികരണത്തിനവരെ പ്രേരിപ്പിച്ചത്.  പിന്തുടരുന്ന സാമ്രാജ്യത്വ, തീവ്രവലതുപക്ഷ നിലപാടുകളെടുത്തു നോക്കിയാൽ ഇരട്ടസഹോദരങ്ങളാണ് ഇസ്രായേലിലെയും ഇന്ത്യയിലെയും ഭരണകൂടങ്ങൾ. ആയർത്ഥത്തിലുള്ള ഐക്യദാർഢ്യം കൂടിയായിട്ടേ ഇസ്രായേലിന്റെ ഈ വിഷയത്തിലെ പ്രതികരണത്തെ കാണാനാകൂ.

Comments