പാ രഞ്ജിത്ത് സിനിമകളിലെ നിയോറിയലിസം

ഇന്ത്യൻ സിനിമയിൽ ഇന്ന് വർക്ക് ചെയ്യുന്ന പ്രമുഖനായൊരു സംവിധായകനാണ് പാ രഞ്ജിത്ത്. വളരെ പ്രകടമായി തന്നെ അധഃകൃത സമൂഹം നേരിടുന്ന ചൂഷണങ്ങളെയും വിവേചനങ്ങളെയും പ്രമേയമാക്കുന്ന സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ജനകീയ  കൊമേർഷ്യൽ സിനിമയുടെ ഭാഷയെ (പ്രമേയത്തിന്റെ ശക്തി ചോരാതെ) പുതുക്കിയെഴുതിക്കൊണ്ടിരിക്കുകയാണ് ഈ തമിഴ് യുവ സംവിധായകൻ.  അദ്ദേഹത്തിന്റെ സിനിമകളുടെ പ്രമേയ പരിസരവും, ആഖ്യാന ഭാഷയുടെ തന്മയത്വവും, കഥാപാത്ര നിർമിതികളിലെ പ്രത്യേകതകളുമെല്ലാം ധാരാളമായി ചർച്ച ചെയ്യപ്പെടുന്നു. അത്തരത്തിൽ രസകരമായി തോന്നിയൊരു ചെറിയ കാര്യം പങ്കുവെക്കാനാണ് ഈ കുറിപ്പ്. 

പാ രഞ്ജിത്ത് ഇറ്റാലിയൻ നിയോറിയലിസമെന്ന വിഖ്യാതമായ സിനിമാ പ്രസ്ഥാനത്തിന്റെ ആഖ്യാന രീതികൾ പലതും ഉപയോഗിക്കുന്നുവെന്നാണ് ഈ ലേഖകന്റെ വാദം. അതിന്റെ തന്നെ വളരെ പരിഷ്‌കൃതവും ഉദാത്തവുമായൊരു മാതൃകയാണ് അദ്ദേഹം പിൻതുടരുന്നത്. താൻ പറയാൻ ശ്രമിക്കുന്ന ജനകീയ പ്രമേയങ്ങളുടെ ശക്തി കാഴ്ചക്കാരിലെത്തിക്കാൻ പാ രഞ്ജിത്തിനെ ഇത് സഹായിക്കുന്നുണ്ട്. അപ്പോൾ തന്നെയും കൊമേർഷ്യൽ സിനിമയുടെ വാർപ്പുമാതൃകകളെ അദ്ദേഹം സൃഷ്ടിപരമായി കൂട്ടിച്ചേർക്കുന്നുണ്ടെന്ന് കൂടി ഈ ലേഖനം സമർത്ഥിക്കാൻ ശ്രമിക്കുകയാണ്. 

നിയോറിയലിസം

രണ്ടാം ലോക മഹാ യുദ്ധത്തിന്റെ അവസാനകാലത്ത് ഇറ്റാലിയൻ സിനിമയിൽ ഉയർന്നുവന്ന നിയോറിയലിസം മുതലാളിത്ത ലോകത്തെ രൂക്ഷമായ ചൂഷണവും, ദാരിദ്ര്യവും, പട്ടിണിയും, തൊഴിലാളിവർഗത്തിന്റെ മറ്റ് പ്രശ്നങ്ങളും, ലളിതവും യഥാതഥവുമായ ഭാഷയിൽ ആവിഷ്കരിക്കണമെന്ന വാദങ്ങൾ മുന്നോട്ടുവെച്ചു. അന്ന് വലിയ പ്രചാരമുണ്ടായ ഹോളിവുഡ് സിനിമയിലെ വിലയേറിയതും വിസ്തൃതവുമായ സെറ്റുകളെയും, താരമൂല്യമുള്ള നടീനടന്മാരെയും, വിപുലമായ ആക്ഷൻ രംഗങ്ങളും, വിനോദിപ്പിക്കാൻ വേണ്ടി മാത്രമുള്ള മറ്റ് പല ഘടകങ്ങളെയും നിയോറിയലിസ്റ്റ് സിനിമകൾ തള്ളിക്കളയുകയും ചെയ്തു.     

അയത്ന ലളിതമായ ആഖ്യാനം, സമൂഹത്തിലെ ചൂഷിത ജനതയുടെ ജീവിത പരിസരങ്ങൾ, സംഘർഷങ്ങൾ, സാമൂഹ്യ ശാസ്ത്രജ്ഞരുടേതിന് തുല്യമായ വസ്തുനിഷ്ഠ അവതരണം, പ്രൊഫഷണലുകൾ അല്ലാത്ത സാധാരണക്കാരെ അഭിനേതാക്കളാക്കുക (കാണിക്കുന്ന ജനതയേതോ ആ സമൂഹത്തിൽ നിന്നുള്ളവരെ കാസ്റ്റ് ചെയ്യുക), സെറ്റ് ഡിസൈൻ ചെയ്യാതെ യഥാർത്ഥ ലൊക്കേഷനുകളിലെ ഷൂട്ടിംഗ്, ഷൂട്ടിംഗ് സമയത്ത് ലഭ്യമായ അന്തരീക്ഷ വെളിച്ചമുപയോഗിക്കൽ, ആഖ്യാനത്തെ നാടകീയമാക്കാൻ ടെക്‌നിക്കുകൾ (സ്ലോ മോഷൻ) ഒന്നുമുപയോഗിക്കാതിരിക്കൽ, തുടങ്ങി നിയോറിയലിസം കൊണ്ടുവന്ന പല രീതികളും വലിയ രീതിയിൽ പ്രചാരം നേടി. മൂന്നാംലോക രാജ്യങ്ങളിലാണ് നിയോറിയലിസം വലിയ സ്വാധീനം ചെലുത്തിയത്. ഇന്നും വലിയളവിൽ ഈ ആഖ്യാന രീതികൾ ഉപയോഗിക്കപ്പെടുന്നു, ചർച്ച ചെയ്യപ്പെടുന്നു. 

ഇന്ത്യയിൽ സത്യജിത്‌റേ, ഋഥ്വിക് ഘട്ടക്, മൃണാൾ സെൻ തുടങ്ങി പുതിയ സംവിധായകരായ അനുരാഗ് കശ്യപ്, വെട്രിമാരൻ വരെ പലരും നിയോറിയലിസത്തെ പ്രധാന ഇൻഫ്ലുവെൻസ് ആയി പറഞ്ഞിട്ടുണ്ട്. പാ രഞ്ജിത്തും ആ കൂട്ടത്തിൽ പെടുന്നു. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിലും ഈ കാര്യം സൂചിപ്പിച്ചതായി കാണാം. തന്റെ എക്കാലത്തെയും ഇഷ്ട സിനിമയായി പാ രഞ്ജിത്ത് പരാമർശിച്ചിട്ടുള്ളത് “ദി ബാറ്റിൽ ഓഫ് അൾജിയർസ്” (The Battle of Algiers, 1966) നെയാണ്. ജില്ലോ പൊൻറെകോർവോ (Gillo Pontecorvo) സംവിധാനം ചെയ്ത ഈ സിനിമ ഫ്രഞ്ച് കൊളോണിയൽ അധിനിവേശത്തിനെതിരെ അൾജീരിയൻ ജനത നടത്തിയ ചെറുത്തുനിൽപ്പുകളെ രേഖപ്പെടുത്തുന്ന ഒരു ക്ലാസിക് തന്നെയാണ്. അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സ് കേന്ദ്രീകരിച്ചു ഗറില്ലകൾ നടത്തിയ രഹസ്യാക്രമണങ്ങളെയും, ഫ്രഞ്ച് സൈന്യത്തിന്റെ മൃഗീയമായ അടിച്ചമർത്തലുകളും, പീഡനങ്ങളെയും, പൊതുജനങ്ങളുടെ ദുരിതവും പ്രതിരോധങ്ങളെയും വിപുലമായി കാണിക്കുന്ന സിനിമ ഒരു ഡോക്യുമെന്ററി അനുഭവമാണ് പ്രേക്ഷകന് നൽകുക.

ന്യൂസ് റീലുകളോ, അത്തരത്തിലുള്ള ഫയൽ ഫൂട്ടേജുകളോ ഉപയോഗിക്കാതെ, ഷൂട്ടിന് മുൻപായി പൂർണമായി സ്റ്റേജ് ചെയ്ത് സൃഷ്ടിച്ച രംഗങ്ങളിൽ നടീനടന്മാർ ഒരു നാടിനെയും അതുകടന്നു പോയ കൊളോണിയൽ അടിച്ചമർത്തലിനെയും, അതിനെതിരായി ഉയർന്നുവന്ന സമരപ്രതിരോധങ്ങളെയും പുനർനിർമിക്കുന്ന അതിശയിപ്പിക്കുന്ന അനുഭവമാണ് “ബാറ്റിൽ ഓഫ് അൾജിയേഴ്സ്”. ഒന്നോ രണ്ടോ പേരൊഴികെ ബാക്കിയെല്ലാ അഭിനേതാക്കളും അൾജീരിയക്കാരാണ്. അവരിൽ തന്നെ വലിയൊരു ശതമാനവും അൾജിയേഴ്‌സിലെ, കസ്ബ (Casbah) എന്ന ചേരിനിവാസികളുമായിരുന്നു. FLN  (Front de libération nationale, FLN) എന്ന ഗറില്ലാ ഗ്രൂപ്പിലെ പ്രവർത്തകരും നേതാക്കളുമായ പലരും തന്നെ അതെ വേഷങ്ങളിൽ സിനിമയിലെത്തി. 

ഇത്തരത്തിൽ ഒരു നാടിന്റെ ചെറുത്തുനിൽപ്പിനെ ഒരു ചരിത്രരേഖയെന്ന വണ്ണം പുനരാവിഷ്കരിക്കുന്ന ഫീച്ചർ സിനിമയെന്നത് വിപ്ലവകരമായൊരു ചുവടുവെപ്പായിരുന്നു. സിനിമയുടെ ആഖ്യാനത്തിന്റെ നാടകീയമായ പ്രകടനാംശത്തെ തീർത്തും ഒഴിവാക്കി, സവിസ്തരമായി കാണിച്ചിരിക്കുന്ന ഗറില്ലാ ആക്രമണങ്ങളും, സ്ഫോടനങ്ങളും, സൈനിക നീക്കങ്ങളും, പീഡനങ്ങളും, ഘെറ്റോയുടെ ഉൾഭാഗങ്ങളിലെ ജനജീവിതവും, സിവിലിയൻ ചെക്ക്പോസ്റ്റുകളും, വലിയ പൊതുസമരങ്ങളും കാണുമ്പോൾ ന്യൂസ് ഫൂട്ടേജുകൾ കാണുകയാണെന്ന അനുഭവമാണ് കാഴ്ചക്കാരനുണ്ടാവുക. വിപ്ലവാത്മകമായ ഈ ചലച്ചിത്ര ആഖ്യാനരീതി നിയോറിയലിസത്തിന്റെ പരിഷ്‌കൃത രൂപമായിട്ടാണ് പരിഗണിക്കുന്നത്. പിന്നീട് വന്ന ഒരുപാട് പേർ ഈ രീതി അവലംബിക്കാൻ ശ്രമിച്ചുവെങ്കിലും “ബാറ്റിൽ ഓഫ് അൾജിയേഴ്സ്” ഇന്നുമൊരു ക്ലാസിക് സൃഷ്ടിയായി നിലകൊള്ളുന്നു. 

പാ രഞ്ജിത്തിന്റെ സിനിമാലോകം 

പാ രഞ്ജിത്ത് തന്റെ സിനിമകളിലും ഈ മാതൃക തുടരാൻ ശ്രമിക്കുന്നതായി കാണാം. ചെന്നൈ നഗരത്തിലെ പ്രധാന തുറമുഖ ചേരിയായ വടക്കൻ ചെന്നൈ (വടചെന്നൈ) യും അതിന്റെ പ്രാന്തപ്രദേശങ്ങളും അവിടത്തെ സാധാരണ ജനങ്ങളുമാണല്ലോ രഞ്ജിത്തിന്റെ കഥാപരിസരങ്ങൾ. “കബാലി” (Kabali, 2016), “കാല” (Kaala, 2018) തുടങ്ങിയ സിനിമകളിൽ പരിസരം മാറിയെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ട ചേരി നിവാസികളും കുടിയേറ്റ തൊഴിലാളികളുമൊക്കെ തന്നെയാണ് അവയിലും ചർച്ചാവിഷയം. അവരുടെ പ്രശ്നങ്ങളും, ദൈനംദിന ജീവിതത്തിലെ ഡ്രാമകളുമായി മുന്നോട്ടുപോകുന്ന ഇദ്ദേഹത്തിന്റെ സിനിമകൾ നിയോറിയലിസത്തിന്റെ ആദ്യ ആഖ്യാനഘടകമായ സാധാരണക്കാരുടെ  കഥകൾ പറയുകയെന്ന ധർമം നിറവേറ്റുന്നുണ്ട്.

ചൂഷണ സാഹചര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന, പൊരുതുവാനിറങ്ങുന്ന ഒരുകൂട്ടം മനുഷ്യരെ ചുറ്റിപ്പറ്റിയാണ് പാ രഞ്ജിത്തിന്റെ മിക്ക സിനിമകളും (അദ്ദേഹത്തിന്റെ ആദ്യ സിനിമയായ “അട്ടകത്തി” (Attakathi, 2012), അവസാനമായി വന്ന “സാർപ്പട്ട പരമ്പരൈ” (Sarpatta Parambarai, 2021) എന്നിവ ഇതിൽ നിന്നും വ്യത്യസ്തമാണ്). വലിയ രീതിയിൽ സംഘടിക്കുന്ന ഇവരുടെ പ്രതിഷേധങ്ങളുടെ വിപുലമായ ചിത്രീകരണം അവയുടെ പ്രധാന പ്രത്യേകതയാണ് (അതിലൊക്കെയുള്ള രാഷ്ട്രീയ സമഗ്രതക്കുറവ് കുറേക്കൂടി വിശാലമായ മറ്റൊരു ചർച്ചക്കുള്ള വിഷയമാണ്). ധാരാളം കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് വിസ്തൃതമായ ക്യാൻവാസിൽ കാണിക്കുന്ന ഈ മുന്നേറ്റങ്ങളിൽ അവർക്കോരോരുത്തർക്കും വ്യക്തമായ ചുമതലയും സ്ഥാനവും രഞ്ജിത്ത് കൊടുക്കാറുണ്ട്. ഇതും നിയോ റിയലിസത്തിന്റെ ആഖ്യാന രീതി തന്നെ.

വിസ്തൃതമായ സെറ്റ് ഡിസൈൻ ചെയ്യാതെ ഒറിജിനൽ ലൊക്കേഷനുകളിൽ (അതായത് കഥ നടക്കുന്ന യഥാർത്ഥ നാട്ടിൽ) ഷൂട്ട് ചെയ്യുന്ന രീതിയും, ലഭ്യമായ വെളിച്ചമുപയോഗിക്കുന്ന യഥാതഥ ചിത്രീകരണവുമെല്ലാം ഇതിനോട് ചേർത്തുവായിക്കാം. “മദ്രാസ്” (Madras, 2014) സിനിമയിലെ ഇന്റർവെൽ ആക്ഷൻ ഇതിനൊരു മികച്ച ഉദാഹരണമാണ്. 

പ്രൊഫഷണൽ അഭിനേതാക്കളോടൊപ്പം കഥ നടക്കുന്ന സ്ഥലത്തെ ജനങ്ങളെ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന രീതി പാ രഞ്ജിത്തിനുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ “അട്ടകത്തി” മുതൽ “സർപ്പാട്ട പരമ്പരൈ” വരെയുള്ള സിനിമകളിൽ ഇതുകാണാം. നാട്ടുകാരായ ധാരാളം പേരെ ഉപയോഗിച്ച് ഒരു നാടിന്റെ ജനജീവിതത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന രീതി നല്ല കാഴ്ച്ചാനുഭവം പകരുന്നു. സിനിമയിലെ പ്രധാന രംഗങ്ങളിൽ തങ്ങളുടെ സ്വാഭാവിക ജീവിതപരിസരത്തെ അടയാളപ്പെടുത്താൻ ഇവർക്ക് നല്ലപോലെ സാദ്ധിക്കുമെന്ന് രഞ്ജിത്തിനറിയാം. “മദ്രാസ്” പോലൊരു സ്ഥലകാല പ്രാധാന്യമുള്ള സിനിമയിൽ, പ്രധാന കഥാപാത്രങ്ങളായി ആ നാട്ടുകാർ തന്നെയാണെത്തുന്നത്. കഥ നടക്കുന്ന സ്ഥലത്ത് ജനിച്ചുവളർന്ന പ്രൊഫഷണൽ നടന്മാരെ വ്യാപകമായി ഉപയോഗിക്കുന്നതും കാണാം (അട്ടകത്തി ദിനേശ്, കലയരസൻ, ഹരികൃഷ്ണൻ തുടങ്ങിയവരുടെ വരവ്). ഇതുവഴി ഒരു യഥാർത്ഥ സംഭവത്തെ സാമൂഹ്യശാസ്‌ത്രപരമായി അടയാളപ്പെടുത്തുന്ന ഫീൽ ഉണ്ടായിവരുന്നു. 

ഒരുപാട് കഥാപാത്രങ്ങളെ സമ്മേളിപ്പിച്ചു, വിസ്തൃതമായ ക്യാൻവാസിൽ ജനകീയ മുന്നേറ്റങ്ങളെ വിഷ്വൽ സെറ്റ് പീസുകളാക്കാമെന്ന വിപ്ലവ ചിന്ത കൊണ്ടുവരുന്നത് “ബാറ്റിൽ ഓഫ് അൾജിയേഴ്സ്” വഴി ജില്ലോ പൊൻറെക്കോർവോയാണ്. പാ രഞ്ജിത്ത് തന്റെ സിനിമകളിൽ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. “മദ്രാസ്”, “കബാലി”, “കാല” ചിത്രങ്ങളിലെല്ലാം ഇത്തരം രംഗങ്ങൾ കാണാം.  “കാല” വളരെ വിസ്തൃതമായി തന്നെ അത്തരമൊരു സമര പ്രതിരോധത്തെ ആവിഷ്കരിക്കുന്നു. “അട്ടകത്തി”യും “സാർപട്ട പരമ്പരൈ” യുമാണ് ഇതിനപവാദങ്ങൾ. വലിയ ക്യാൻവാസിൽ ആയിരക്കണക്കിന് മനുഷ്യരെയും അവരുടെ ആരവത്തെയും, ബോക്സിങ് ആരാധനയെയും “സാർപട്ട” കാണിക്കുന്നുണ്ട്. തീർത്തും സാധാരണക്കാരായ വടചെന്നൈ മനുഷ്യരുടെ കുസൃതികൾ അവതരിപ്പിക്കുന്ന “അട്ടകത്തി”യിൽ അവരുടെ വലിയ ആഘോഷങ്ങളും നൈസർഗ്ഗിക പ്രകടനങ്ങളും (ബസിനകത്തെ പാട്ട്, ഉത്സവം, ശവഘോഷയാത്ര, ബസ് റൂട്ട് നിയന്ത്രണം) രസകരമായി ചിത്രീകരിച്ചിരിക്കുന്നു.  

കൊമേർഷ്യൽ ചേരുവകളുള്ള തമിഴ് നിയോറിയലിസം 

“ബാറ്റിൽ ഓഫ് അൾജിയേഴ്സ്” ന്റെ ആഖ്യാനത്തിൽ സിനിമയെന്ന മാധ്യമത്തിനുള്ള സ്വത്വസിദ്ധമായ നാടകീയത തീർത്തുമില്ല. നായകനോ, വില്ലനോ, സംഘട്ടനങ്ങളോ, വീരപരിവേഷമുള്ള ചെയ്തികളോ, അതിനെ പെരുപ്പിച്ചുകാണിക്കുന്ന ഗിമ്മിക്കുകളോ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ രഞ്ജിത്തിന്റെ സിനിമകൾ കൊമേർഷ്യൽ സിനിമയുടെ പല വാർപ്പുമാതൃകകളെയും ഉപയോഗിക്കുന്നുണ്ട്. നായകകേന്ദ്രിത ആഖ്യാനമാണ് ഇതിൽ പ്രധാനം. നായക കഥാപാത്രത്തിന്റെ ചെയ്തികൾക്ക് ചിത്രത്തിനകത്ത് വരുന്ന പ്രാമുഖ്യം വളരെ വലുതാണ്. സിനിമയുടെ നാടകീയ സാധ്യതകളുപയോഗിച്ച് അവർക്ക് വീരപരിവേഷം കൊടുക്കുന്നുമുണ്ട്. “അട്ടകത്തി” തൊട്ടിങ്ങോട്ട് എല്ലാ സിനിമകളിലും അത് തന്നെയാണ് രീതി. “കബാലി”, “കാല” സിനിമകൾ രജനീകാന്തിന്റെ താരപരിവേഷത്തെ സമർത്ഥമായി ഉപയോഗിച്ചവയാണ്.  

സ്ലോ മോഷൻ, നാടകീയമായ സംഗീതം, പാട്ടുകൾ, റൊമാൻസ് മുതലായി ജനകീയ  കൊമേർഷ്യൽ  സിനിമയുടെ മറ്റ് ഘടകങ്ങൾ ഇതിനോട് ചേർത്ത് രഞ്ജിത്ത് ഉപയോഗിക്കാറുണ്ട്. സിനിമ സെറ്റ് ചെയ്യുന്ന നാട്ടിലെ പ്രധാന പോപ്പുലർ കലാസാംസ്‌കാരിക രൂപങ്ങൾ - ഡാൻസ്, പാട്ട് (ചിലപ്പോഴൊക്കെ ഫോക്ക് സംഗീതം) - ഈ ആവശ്യത്തിനായി വിനിയോഗിക്കുന്നത് കാണാം. വടചെന്നൈയുടെ പ്രത്യേകതകളായ ഗാനയുടെ ഉപയോഗവും, തിരുവിഴ ഉത്സവങ്ങളുടെ ചിത്രീകരണവും ഇതിന്റെ മറ്റൊരു വശമാണ്. സംഘട്ടനങ്ങളും, കോമഡി രംഗങ്ങളും, വീറുറ്റ ഡയലോഗുകളും ഒരു ജനതയുടെ ഈ ജീവിത പരിസരത്തിനോട് ഇഴുകിച്ചേർന്ന് അവതരിപ്പിക്കുന്നത് രസകരമായ നവീനതയാണ്.  

സമാന്തര സിനിമാ സംസ്കാരമില്ലാത്ത തമിഴ്‌നാട്ടിൽ ഇത്തരം ചില ക്രമീകരണങ്ങൾ നടത്തേണ്ടിവരുമെന്നാണ് പാ രഞ്ജിത്തിന്റെ വാദം. നിരൂപക പ്രശംസ നേടിയതും അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രദര്ശിപ്പിച്ചതുമായ തമിഴ് സിനിമകളെല്ലാം ജനകീയ  സിനിമകളായിരുന്നുവെന്ന് ഇവിടെ ഓർക്കാം. മാത്രമല്ല, കൊമേർഷ്യൽ സിനിമയെന്നത് ഉല്പന്നകേന്ദ്രിതമായ വെറും വ്യവസായം മാത്രമല്ലെന്നും ഗൗരവമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാവുന്ന മാധ്യമം കൂടിയാണെന്നുമുള്ള ചിന്തകൾ ഇന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സിനിമാ പ്രേക്ഷക സമൂഹമാണ്  ഇന്ത്യ.  ഇവിടെ സാധാരണക്കാർക്ക് ആസ്വാദ്യമായ ഫോർമാറ്റിൽ സിനിമകളുണ്ടാക്കിയാൽ മാത്രമേ അതിനു പ്രചാരമുണ്ടാവുകയുള്ളൂ. താൻ പറയാനുദ്ദേശിക്കുന്ന കഥയും അതിലെ സന്ദേശവും ഒരുപാട് പേരിലേക്ക് എത്തണമെന്നും ചർച്ചയാവണമെന്നും ആഗ്രഹിക്കുന്ന രഞ്ജിത്ത്  ഈ ഫോർമാറ്റിനെ അതിനായി ഉപയോഗപ്പെടുത്തുകയാണ്.

അദ്ദേഹത്തിന്റെ “അട്ടകത്തി”, “കബാലി”, “സാർപട്ട പരമ്പരൈ” പോലുള്ള മുഴുനീള ജോണർ (genre) എന്റെർറ്റൈനെറുകൾ പ്രത്യക്ഷ രാഷ്ട്രീയം പറയുന്നവയല്ലെങ്കിലും, ചില നിയോറിയലിസ്റ്റ് പുതുക്കലുകൾ അവക്കകത്ത് കാണാം.

-----------------------------------------------------------------------------------------------------------------------------

നിയോറിയലിസത്തെ തമിഴ് സിനിമയുടെ കൊമേർഷ്യൽ ഭാഷക്കകത്ത് ഉപയോഗിക്കുന്ന ഒരേയൊരു സംവിധായകനാണ് രഞ്ജിത്ത് എന്നിതിനർത്ഥമില്ല. ഭാരതീരാജയുടെ ഗ്രാമീണ സിനിമകൾ തൊട്ട് വെട്രിമാരൻ, എം. മണികണ്ഠൻ, ലെനിൻ ഭാരതി, ഫ്രാങ്ക്‌ളിൻ ജേക്കബ് മുതലായ പുതുതലമുറ സംവിധായകരുടെ സിനിമകൾ വരെ അധ്വാനിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതം പ്രമേയമാക്കുന്നുണ്ട്. വെട്രിമാരന്റെ “പൊള്ളാധവൻ” (Pollaadhavan, 2007) “ബൈസിക്കിൾ തീവ്സ്” ൽ നിന്നും പ്രചോദിതമാണെന്ന് കാണാം. മണികണ്ഠന്റെ “കാക്ക മുട്ടൈ” (Kaaka Muttai, 2014), അതിയൻ അതിരൈയുടെ “ഗുണ്ട്” (Irandam Ulagaporin Kadaisi Gundu, 2019) ഒക്കെ അതേ മാതൃക പിന്തുടരുന്നു. തങ്ങളുടെ സാംസ്‌കാരിക ലോകത്തിനും അതിലിടപെടുന്ന മനുഷ്യർക്കും (എല്ലാ തുറയിൽ പെട്ടവർക്കും) പ്രാധാന്യം കല്പിക്കുന്നവരാണല്ലോ തമിഴർ. സർഗാത്മക സൃഷ്ടികളിലും അതേ സാംസ്‌കാരിക തന്മയത്വവും സ്വത്വബോധവും വേണമെന്ന ഈ വാശിയുടെ ഭാഗമാണ് തമിഴ് സിനിമയിലെ കീഴാള പ്രതിനിധ്യത്തിനു പിന്നിൽ.   


പക്ഷെ, നിയോറിയലിസത്തിന്റെ “ബാറ്റിൽ ഓഫ് അൾജിയേഴ്സ്” മാതൃക ഉപയോഗിക്കുന്ന ഒരേയൊരു സംവിധായകൻ പാ രഞ്ജിത്ത് ആണെന്ന് കാണാം. വിശാലമായ ക്യാൻവാസിൽ, ഒരുപാട് മനുഷ്യരെ (പ്രൊഫഷണലും അല്ലാത്തവരുമായ ഒരുപാട് പേരെ) ഉൾക്കൊള്ളിച്ച്, അവരുടെ പ്രശ്നങ്ങളും പ്രതിരോധങ്ങളും സാംസ്‌കാരിക ജീവിതവുമെല്ലാം ആവിഷ്കരിക്കുന്നതിലൂടെ സ്‌പെക്ടക്കിളുകൾ (spectacle)  സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ട്. ലഭ്യമായ വെളിച്ചമുപയോഗിച്ച്  കഥ നടക്കുന്ന യഥാർത്ഥ പരിസരത്താണ് രഞ്ജിത്ത് സിനിമകൾ സെറ്റ് ചെയ്യാറ്. ഒരു സാമൂഹ്യ ശാസ്ത്രജ്ഞന്റെ കൃത്യതയോടെ ഒരു സമൂഹത്തിന്റെ ജീവിതത്തെ ആകമാനം പുനരാവിഷ്ക്കരിക്കുന്ന രീതിയാണിത്. കൊമേർഷ്യൽ സിനിമയുടെ ചില ആഖ്യാന വശങ്ങളെ പൊതുജനകാഴ്ചക്കാർക്ക് ഇഷ്ടപ്പെടും വിധം ഈ ഡോക്യുമെന്റേഷനിൽ ഉൾച്ചേർക്കുന്നത് കാണാം. തന്റെ ആഖ്യാനത്തെ കൂടുതൽ പേരിലേക്ക് എത്തിക്കാനും അവർക്ക് ആസ്വാദ്യമാക്കാനുമുള്ള ഈ യത്നം പ്രശംസനാർഹം തന്നെ. ആ അർത്ഥത്തിൽ പാ രഞ്ജിത്ത് നിയോറിയലിസത്തിന്റെ ആഖ്യാന രീതികളെ, പ്രത്യേകിച്ചും “ബാറ്റിൽ ഓഫ് അൾജിയേഴ്സ്” കൊണ്ടുവന്ന വിപ്ലവാത്മകമായ ചലച്ചിത്രാവതരണ രീതിയെ, പിൻപറ്റുകയും പുതുക്കുകയും  ചെയ്യുന്നുണ്ട്. 


Comments