അരാഷ്ട്രീയത പുകയുന്ന ഇന്ത്യൻ അടുക്കള
പുരുഷാധിപത്യ മൂല്യവ്യവസ്ഥ കാരണം സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങളും തുല്യതാ നിഷേധവും തുറന്നുകാണിച്ച “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” 2020 ലെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാർഡ് നേടിയിരിക്കുകയാണ്. ലോകമൊന്നടങ്കം കോവിഡ് മഹാമാരിയുടെ വ്യാധി നിലനിൽക്കുന്ന ഒരു സമയത്ത്, പ്രസ്തുത വിഷയത്തെ സംബന്ധിച്ച വിപുലമായ ചർച്ചകൾക്ക് തിരികൊളുത്തിയെന്നതിനാൽ ഈ അംഗീകാരം അർഹതപ്പെട്ടതാണ്, അഭിമാനകരമാണ്. സംവിധായകൻ ജിയോ ബേബിക്ക് അഭിനന്ദനങ്ങൾ
സംഘപരിവാരം കേരളമൊട്ടാകെ കൊണ്ടുപിടിച്ചു നടത്തിയ വലിയൊരു രാഷ്ട്രീയ, വർഗീയ പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ സാർവ ദേശീയമായൊരു പ്രശ്നത്തെ പ്രതിഷ്ഠിച്ചു, അതിന്റെ പലവശങ്ങളെ തുറന്നുകാണിക്കാനുള്ള നല്ല ശ്രമമായിരുന്നു “ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ”. മലയാള സിനിമക്ക് അപരിചിതമായ ആഖ്യാനശൈലിയാണ് സിനിമയുടേത്. രംഗങ്ങൾക്ക് അതിന്റെതായ ആഖ്യാന സമയവും, താളാത്മകമായ എഡിറ്റിംഗും, കഥാപാത്ര വ്യവഹാരങ്ങൾക്കിണങ്ങും വിധമുള്ള ക്യാമറ മൂവ്മെന്റ്സും ഷോട്ടുകളുമൊക്കെ നൂതനവും സര്ഗാത്മകവുമാണ്. പറയാനെടുത്ത വിഷയത്തിന്റെ കാഠിന്യവും അതിന്റെ പല ഹീന വശങ്ങളും ആവിഷ്കരിക്കാനുപയോഗിച്ച കണിശതയും എടുത്തുപറയേണ്ടതു തന്നെ. പ്രതിപാദ്യത്തിൽ നിന്ന് തന്ത്രപരമായൊരു അകൽച്ച -വസ്തുനിഷ്ഠതക്ക് വേണ്ടിയായിരിക്കണം- കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതിനാടകീയതയിലേക്ക് വഴുതിപ്പോകാതെ, കയ്യൊതുക്കത്തോടെ ആഖ്യാനം മുന്നോട്ടു കൊണ്ടുപോകാൻ സംവിധായകന് സാധിച്ചു. പലയിടത്തും ആഖ്യാനത്തിന്റെ മേന്മക്കായി ജമ്പ് കട്ടുകളും മാച്ച് കട്ടുകളും കൃത്യമായി പ്രയോഗിച്ചത് മികച്ചതായി. കഥാപാത്രങ്ങളുടെ തനിമ ചോരാതെ അവതരിപ്പിച്ച അഭിനേതാക്കളെയും എടുത്തുപറയേണ്ടതാണ്. (നിമിഷയുടെയും സുരാജിന്റെയും അഭിനയം ഗംഭീരമായി.)
പ്രേക്ഷകനെ ക്രിയാത്മകമായ ആത്‌മപരിശോധനക്ക് പ്രേരിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ട്. മലയാള പോപ്പുലർ സിനിമ ഇതുവരെ കാണിക്കാത്ത ആഴത്തിൽ ഒരു സാമൂഹിക വിഷയത്തെ പ്രതിപാദിച്ചതു കൊണ്ടാവണം (സെറ്റ് ചെയ്ത രാഷ്ട്രീയ സന്ദർഭത്തിന്റെ പ്രാധാന്യം കൊണ്ടും), ഇത് തുടങ്ങിവെച്ച ചില ചർച്ചകൾ വിഷയത്തിന്റെ പരിധിക്ക് പുറത്തേക്കു നീണ്ട്, സങ്കുചിത രാഷ്ട്രീയ സ്വഭാവമുള്ള തുറന്ന വാക്തർക്കങ്ങളിലേക്കും ഗ്വാ ഗ്വാ വിളികളിലേക്കും ചെന്നെത്തി. ഈ ഒച്ചപ്പാടിനിടയിൽ കാമ്പുള്ള പല നിരീക്ഷണങ്ങളും മുങ്ങിപ്പോയിയെന്നത് ദുഃഖകരമാണ്. പുരുഷാധിപത്യ വ്യവസ്ഥയെ തുറന്നുകാണിക്കാനുള്ള ഈ സമീപനത്തിൽ ചില ന്യൂനതകളുണ്ടെന്നടക്കമുള്ള പ്രസക്തമായ ചില വാദങ്ങളും അതിനിടയിലുണ്ടായി. അവയിൽ ചിലത് പങ്കുവെക്കാനാണിവിടെ, ഈ വൈകിയ വേളയിൽ, ശ്രമിക്കുന്നത്.
പുരുഷാധിപത്യത്തിന്റെ പ്രകടവും അറപ്പുളവാക്കുന്നതുമായ ചില വശങ്ങൾ പുറത്തുകൊണ്ടുവന്നതിനപ്പുറം സിനിമ മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങൾ പലതും പരിശോധിക്കപ്പെടേണ്ടതുണ്ട്. വളരെ വ്യക്തികേന്ദ്രിതമായൊരു (indivisualistic) വിശകലന രീതിയാണ് സിനിമ കൈക്കൊള്ളുന്നത്. അതിനാൽ, രാഷ്ട്രീയ സാമൂഹിക മൂലധനം സ്വന്തമായുള്ള ഉന്നത ജാതിക്കാർ, ആധുനിക (മുതലാളിത്ത) ലോകത്തും തുടർന്നുപോരുന്ന ഒരുകൂട്ടം അപരിഷ്‌കൃത ഫ്യൂഡൽ മൂല്യങ്ങളുടെയും ആചാരങ്ങളുടെയും സഞ്ചയമായാണ് ഇവിടെ പുരുഷാധിപത്യ വ്യവസ്ഥ ചിത്രീകരിക്കപ്പെടുന്നത്. അടുക്കള മാലിന്യ നിർമാർജനം, തീൻമേശയിലെ വൃത്തി, ആർത്തവത്തെ ചൊല്ലിയുള്ള ശുദ്ധാശുദ്ധി സങ്കൽപ്പങ്ങൾ പോലുള്ളവക്ക് ചുറ്റുമായി കറങ്ങുന്ന ഇതിവൃത്തം ഇത് തെളിയിക്കുന്നുണ്ട്.
ശുദ്ധിയെന്നത് ഇന്ത്യൻ ഫ്യൂഡൽ വ്യവസ്ഥയുമായി ചേർന്നുപോകുന്ന ഒന്നാണ്. ജാതിവ്യവസ്ഥ, കുലത്തൊഴിലടിസ്ഥാനമാക്കിയുള്ള സാമൂഹിക വിഭജനത്തോടൊപ്പം ഉന്നതശീർഷനാവാൻ കലർപ്പില്ലായ്മ (purity) കൂടി വേണമെന്ന് നിഷ്കർഷിക്കുന്നു. സ്ത്രീക്ക് കൽപ്പിച്ചു നൽകുന്ന ശുദ്ധിയും ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. ഇവിടെ ശുദ്ധി ഒരു വിഭാഗം മാത്രം പാലിക്കേണ്ടതാണത്രേ. വീട്ടിൽ സ്വന്തം എച്ചിൽ പോലും തീന്മേശയിൽ നിന്നെടുക്കാൻ കൂട്ടാക്കാത്ത പുരുഷന് ഇത്തരം നിഷ്കർഷകളില്ല. നൂറ്റാണ്ടുകളായി പിന്തുടർന്നുപോന്ന ഈ ആചാരങ്ങൾ അവരുടെ സാമുദായിക മേന്മയുടെ കൂടെ ഭാഗമാണിവിടെ. സിനിമയുടെ നായർ പശ്ചാത്തലവും ഈ യുക്തിയുടെ സാധൂകരണത്തിന് സഹായിക്കുന്നുണ്ട്.
നായിക താമസിക്കുന്ന രണ്ടു വീടുകളുടെയും ഭൗതിക, സാമൂഹിക പശ്ചാത്തലവും ഈ തരത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. കുറേക്കൂടി ആധുനിക രീതിയിലുള്ളതാണ് നായികയുടെ സ്വന്തം വീട്. പ്രവാസ ജീവിതം നയിച്ചിരുന്ന അവരുടെ കുടുംബം കുറേക്കൂടി പരിഷ്‌കൃത ജീവിതം നയിക്കുന്നവരാണ്. ആർത്തവകാലത്ത് അടുക്കളയിൽ നിന്ന് അവിടെ ആരെയും മാറ്റിനിർത്തുന്നില്ല. സ്ത്രീകൾക്ക് ജോലിയെടുക്കാം. കുറേക്കൂടി സ്വാഭിമാനത്തോടെ കാര്യങ്ങൾ ചോദ്യം ചെയ്യാം. മറിച്ചു ഭർതൃഗൃഹം ഇതിന്റെയൊക്കെ വിപരീതമാവുന്നു. ഇരുണ്ട ഇടനാഴികളുള്ള ആ പൗരാണിക കെട്ടിടം കുറേക്കൂടി നിശ്ചലമാണ്, നിശ്ചേതനമാണ്. അതിനൊരു ഫ്യൂഡൽ ഛായ അങ്ങനെ തന്നെ കൈവരുന്നുണ്ട്.
വീട്ടുവേലക്കാരിയുടെ കഥാപാത്രമാണ് മറ്റൊരു സൂചന. കീഴ്ജാതിയിൽ പെട്ട അവർ ആർത്തവം നോക്കാതെയാണ് താൻ പലയിടങ്ങളിൽ വീട്ടുജോലി നോക്കുന്നതെന്ന് പറയുന്നു. നായികയായ പുതുവധു, തനിക്കാ സ്വാതന്ത്ര്യവും ജോലിയെന്ന അഭിലാഷവും നിഷേധിക്കപ്പെട്ടതിൽ ദുഖിതയാണ്. ഇവിടെ വീട്ടുജോലിക്കാരി ചലനാവകാശം നേടിയിട്ടുണ്ട്. ഇതേ സ്വാതന്ത്ര്യം നേടാനാകാതെ, നായിക ആ ഫ്യൂഡൽ ഭർതൃ ഗൃഹത്തിൽ തളക്കപ്പെട്ടിരിക്കുന്നുവെന്നും സിനിമ കാണിക്കുന്നു.
ഇതുപക്ഷേ മൂർത്തമായ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുടെ തെറ്റായ ചിത്രീകരണമല്ലേ. വീട്ടുജോലിക്കാരിയായ, വർഗ്ഗപരമായും സാമൂഹികമായും ഒരുപാട് ചൂഷണങ്ങളും അടിച്ചമർത്തലുകളും നേരിടേണ്ടി വരുന്ന ആ സ്ത്രീക്ക് എന്തായാലും കോളേജ് വിദ്യാഭ്യാസം ലഭിച്ച പ്രവാസി മധ്യവർഗ നായികയുടെ മൂലധനശേഷി (ബോർദ്യു പറയുന്ന സാമൂഹിക, സാംസ്‌കാരിക മൂലധനം) ഉണ്ടാവില്ല. പരിഷ്കാരങ്ങളോ സാമൂഹികാംഗീകാരമോ ലഭിക്കുകയുമില്ല. അവർ എല്ലാ സാഹചര്യങ്ങളിലും ജോലി ചെയ്യുന്നത് അതിജീവനത്തിന് മറ്റു മാർഗ്ഗങ്ങളില്ലാത്തതുകൊണ്ടാണ്. പക്ഷെ സിനിമ ഈ ഗതികേടിനെ സ്ത്രീയുടെ ചലനസ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കുകയാണ് ചെയ്യുന്നത്.
പുരുഷാധിപത്യം വെറുമൊരു ഫ്യൂഡൽ അപരിഷ്‌കൃതത്വം മാത്രമാണെന്ന ഈ ലളിതയുക്തി ചില പ്രധാന വിഷയങ്ങളെ മറച്ചുപിടിക്കുന്നുണ്ട്. ഈ വ്യവസ്ഥക്ക് സ്വകാര്യസ്വത്തുമായുള്ള ബന്ധവും, അതുവഴി നിലവിലെ വർഗബന്ധങ്ങളുടെ സാധൂകരണവുമാണതിൽ പ്രധാനം. മുതലാളിത്ത വ്യവസ്ഥയുടെ വികസനഘട്ടത്തിൽ സ്ത്രീപുരുഷ ബന്ധങ്ങളിലുണ്ടാവുന്ന കാതലായ മാറ്റം സാമൂഹിക പുനരുല്പാദനം (social reproduction) അടിസ്ഥാനമാക്കിയായിരുന്നു. പുതിയൊരു തലമുറയെ ഉണ്ടാക്കുന്നതിലൂടെ, അധ്വാനശക്തിയുടെയും അധ്വാനത്തിന്റെയും ഇടമുറിയാത്ത ശ്രംഖല നിലനിർത്തുകയാണ് ഈ അലിഖിതകരാറിന്റെ സത്ത. പുരുഷൻ അതിനായി തന്റെ അധ്വാനശക്തി വിൽക്കുന്നു. സ്ത്രീ വീട്ടുപണികളെടുത്ത് കുട്ടികളെ മുലയൂട്ടി വളർത്തുന്നു. കുടുംബമെന്ന യുക്തിയുടെ സ്ഥാപനവൽക്കരണവും അതിനകത്തെ വിവിധങ്ങളായ കടമകളുടെ പ്രകീർത്തികരണവും, അതിനെ ചുറ്റി വളർന്നുവന്ന വിവിധങ്ങളായ വിപണികളും മുതലാളിത്തത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് ചുരുക്കം (മാർക്സ്,എംഗൽസ്, ബോർദ്യു തുടങ്ങി പലരും ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.). അതുകൊണ്ടു തന്നെ പുരുഷാധിപത്യ വ്യവസ്ഥയുടെ ഭാഗമായി വളർന്നുവന്ന പല സങ്കല്പങ്ങളും ആധുനിക ബൂർഷ്വ മൂല്യസഞ്ചയത്തിന്റെ- വ്യക്തിസ്വാതന്ത്ര്യവുമുൾക്കൊള്ളുന്ന - കൂടി ഉല്പന്നമാണ്.
എന്നാലിവിടെയത് ഫ്യൂഡൽ കാലത്തുനിന്ന് മുന്നേറിയിട്ടില്ലാത്ത ഒരു പറ്റം മനുഷ്യരുടെ പരമ്പരാഗത ആചാരക്രമങ്ങൾ മാത്രമാണ്. സ്ത്രീ ആധുനിക വിദ്യാഭ്യാസം നേടി, തൊഴിൽ നേടി, സാമ്പത്തിക സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും, (ഇവിടെ ഡാൻസ് ടീച്ചർ) കർതൃത്വവും (agency) കൈവരിക്കുന്നത് വഴി ഇതിൽ നിന്നും മോചനം നേടാമെന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്. പല പ്രകടമായ നാട്ടുനടപ്പുകളും ഇതു കൊണ്ടൊക്കെ മാറിയേക്കാം. പക്ഷെ, ഈ വ്യക്തിയധിഷ്ഠിത പരിഷ്കരണങ്ങൾ ഘടനാപരമായ സാമൂഹിക മാറ്റങ്ങൾക്ക് വഴിവെക്കുമോ എന്നത് സംശയമാണ്. പുരുഷാധിപത്യ വ്യവസ്ഥയുടെ ഇന്ത്യൻ അനുഭവങ്ങളിലെ സൂക്ഷ്മമായ പലതിനെയും “ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” ആവിഷ്കരിക്കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷെ അതുയർത്തുന്ന മോചന മുദ്രാവാക്യങ്ങൾക്ക് മേൽപ്പറഞ്ഞ സമഗ്രതക്കുറവുണ്ടെന്ന് തോന്നുന്നു.
ഈ സമീപനത്തിന്റെ മറ്റൊരു പ്രതിഫലനം സിനിമയിലെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ ഉപരിപ്ലവമായ ആവിഷ്കരണമാണ്. ശബരിമല വിധി വന്ന സമയത്തുണ്ടായ സംഭവങ്ങളെ സിനിമ ചില സാമൂഹ്യ പ്രവർത്തകരുടെ പ്രഘോഷണങ്ങളായും അതിനോടുള്ള തീവ്രവലതുപക്ഷത്തിന്റെ, സംഘപരിവാറിന്റെ വിനാശകരമായ പ്രതികരണങ്ങളായിട്ടുമാണ് കാണിച്ചിരിക്കുന്നത്. പക്ഷെ, അതേ സമയത്ത്, സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായ പുരോഗമന ബോധവൽക്കരണ പരിപാടികൾ “ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” കാണിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടന്ന ആ പൊതുപരിപാടികൾക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണം വരെയുണ്ടായി. ഒരു തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സുവർണാവസരമായിട്ടു പോലും അതിനെ എതിർകക്ഷികൾ പ്രഖ്യാപിച്ചിരുന്നു. സിനിമയിലെവിടെയും അതിനെ പറ്റി പരാമർശമില്ല. വിവിധ യുവജന, വിദ്യാർത്ഥി, സാമുദായിക, പുരോഗമന സംഘടനകൾ നടത്തിയ അനുകൂല ഇടപെടലുകൾ കാണിക്കുന്നുമില്ല. ഇത് ശ്രദ്ധിക്കാമായിരുന്നു.
വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ കർതൃത്വം കൈവരിക്കുന്നത് വഴി, പുരുഷാധിപത്യത്തെ മറികടക്കാമെന്ന സിനിമയുടെ ആഹ്വാനത്തിന്റെ ന്യൂനതയാണിത്. അങ്ങനെ മറികടക്കാവുന്നതാണോ ഇതിനു പിന്നിലെ സങ്കീർണതകൾ? കുറേക്കൂടി ഭൗതികമായ മാറ്റങ്ങൾക്ക് സംഘടിത പ്രസ്ഥാനങ്ങളുടെ ആവശ്യതകളില്ലേ?
പുരുഷാധിപത്യത്തിന്റെ പ്രകടവും, ഹീനവും, അറപ്പുളവാക്കുന്നതുമായ വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, “ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” ഇത്തരം പല ചോദ്യങ്ങൾക്കും മറുപടി തരുന്നില്ല. ഒരു സമഗ്രമായ രാഷ്ട്രീയ പ്രസ്താവനയാവാൻ സാധ്യതകളുണ്ടായിരുന്നെങ്കിലും ഈ വ്യക്തികേന്ദ്രിത സമീപനം സിനിമയെ ലിമിറ്റ് ചെയ്തുവെന്ന് തോന്നുന്നു.
(എൻബി: ഇത്രയും സമഗ്രമായ കാഴ്ചപ്പാടിൽ സിനിമയെടുക്കാൻ സാധിക്കുമോ എന്ന മറുചോദ്യം വരാവുന്നതാണ്. ഏത് കലാസൃഷ്ടിയും അത് രേഖപ്പെടുത്തുന്ന കാലത്തിന്റെയും അന്നത്തെ സാമൂഹിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ കൂടിയാണല്ലോ വിലയിരുത്തേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഈ സന്ദേഹങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നു.)
Comments
Post a Comment