മമ്മൂട്ടി ഒരു മെത്തേഡ് ആക്ടർ ആണോ?
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു ധാരാളം ആശംസകളും ഓർമക്കുറിപ്പുകളും, അദ്ദേഹത്തിന്റെ അഭിനയരീതിയെ പ്രശംസിച്ചുകൊണ്ടുള്ള ധാരാളം അവലോകനങ്ങളും വരികയുണ്ടായി. മൂന്ന് ദേശീയ പുരസ്‍കാരങ്ങൾ നേടിയ ഒരു നടൻ, നമ്മുടെയൊക്കെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ തന്മയത്വത്തോടെ സ്‌ക്രീനിൽ അവതരിപ്പിച്ച ഒരു വ്യക്തി, തീർച്ചയായും സാംസ്‌കാരിക കേരളത്തിന്റെ സമ്പത്ത് തന്നെയാണ്. അദ്ദേഹത്തിന്റെ ജന്മദിനം (പ്രത്യേകിച്ച് 70 ആം ജന്മദിനം) എല്ലാ അർത്ഥത്തിലും കൊണ്ടാടപ്പെടേണ്ടതുണ്ട്, സംശയമേതുമില്ല. പക്ഷെ, അതോടനുബന്ധിച്ചു നടക്കുന്ന പല ചർച്ചകളിലും മമ്മൂട്ടി ഒരു മെത്തേഡ് ആക്ടർ ആണെന്നുള്ള വാദങ്ങൾ കണ്ടു. ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്.
മെത്തേഡ് ആക്ടിങ്, അഭിനയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഒരു രീതിശാസ്ത്രമാണ്. നാടകരംഗവുമായി ബന്ധപ്പെട്ട് വികസിച്ചു വന്ന ഈ രീതി പ്രകാരം അഭിനേതാക്കൾ ബന്ധപ്പെട്ട കഥാപാത്രത്തെ ആവിഷ്കരിക്കാൻ വ്യക്തമായ ഒരു പ്ലാൻ, ഒരു ബ്ലൂ പ്രിന്റ്, തയ്യാറാക്കി അതിനനുസൃതമായ ഒരു മെത്തേഡ് രൂപീകരിക്കണം. ഇതുപ്രകാരം കഥാപാത്രത്തിന് കൃത്യമായ വേഷവിധാനം, ശരീര ഭാഷ, സംസാര രീതി (ആക്സന്റ് മാത്രമല്ല, അതിന്റെ താളക്രമം അടക്കം വിവിധ കാര്യങ്ങൾ), ആംഗ്യ ചലനങ്ങൾ, വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായൊരു ക്രമം, അതിനായി തന്നെ തനത് ശൈലി, അടക്കം പല സൂക്ഷ്മകാര്യങ്ങൾ ക്രമീകരിക്കും. സംസാരിക്കുമ്പോൾ കവിള് ചൊറിയുന്ന രീതിയും, ചുണ്ടു കോട്ടുന്നതിലെ ക്രമവും, നടക്കുമ്പോൾ ഒരു കൈ കൂടുതലായി ആട്ടുന്നതും, വലിക്കുന്ന സിഗരറ്റ് വിരലിൽ പിടിക്കുന്നതും, ചിലയക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ സംസാരത്തിൽ വരുന്ന താള വ്യത്യാസങ്ങളും, സാഹചര്യങ്ങൾക്കനുസരിച്ചു വികാരങ്ങൾ മാറുന്നതിലെ സൂക്ഷ്മമായ പരിണാമ ഘട്ടങ്ങളുമെല്ലാം ഈ ബ്ലൂ പ്രിന്റിൽ, ഈ മെത്തേഡിൽ ഉണ്ടാവണം. ഒരു സിനിമയിൽ, ഒരു കഥാപാത്രത്തെ ആവിഷ്കരിക്കാൻ ഉപയോഗിച്ച മെത്തേഡായിരിക്കില്ല അടുത്ത സിനിമയിലെന്ന് ചുരുക്കം.
കഥയാവശ്യപ്പെടുന്ന ചരിത്ര, രാഷ്ട്രീയ, സാമൂഹിക ഘട്ടത്തെയും കഥാപാത്രത്തിന്റെ വർഗസ്ഥാനത്തിന്റെയും, സാമുദായിക, സാംസ്‌കാരിക സ്വത്വത്തിന്റെയും കൂടി അടിസ്ഥാനത്തിലായിരിക്കും ഈ സൂക്ഷ്മമായ പ്ലാൻ, അല്ലെങ്കിൽ സ്‌കീം ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ മെത്തേഡ് ആക്ടിങ് എന്നത് നൈമിഷികമായ വൈകാരിക പ്രകാശനത്തെ കാണിക്കാനുളളതല്ല, മറിച്ചു ഒരു മനുഷ്യജീവിതത്തെ അതിന്റെ എല്ലാ സങ്കീർണതകളോടെയും ഉൾക്കൊള്ളുന്ന ആവാഹനമാണെന്ന് പറയാം. വിറ്റോ കോർലിയോൺ കഥാപാത്രത്തെ ഉൾക്കൊള്ളാൻ, സൂക്ഷ്മമായ മുഖ പേശീചലനങ്ങളടക്കം നോട്ട് ചെയ്ത്, മാസങ്ങളോളം ഏകാന്തപരിശീലനത്തിന് പോയ മാർലോൺ ബ്രാൻഡോയുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. വിഭ്രാന്തി മൂലം കരിയറും ജീവിതവുമില്ലാതായ ബോക്‌സർ ജെയ്ക്ക് ലാമോട്ടയെ ആവിഷ്കരിക്കാൻ, 27 കിലോ വണ്ണം കൂട്ടിയ റോബർട്ട് ഡി നിറോയെ നമുക്കറിയാം. വംശീയവെറിയുടെ ആൾരൂപമായ ബിൽ എന്ന കശാപ്പുകാരനായി മാറാൻ ഡാനിയേൽ ഡി ലൂയിസ് വർഷങ്ങളോളം ഇറച്ചിവെട്ട് പരിശീലിച്ചിരുന്നു.
മലയാളത്തിലെ (ഇന്ത്യയിലെയും) ഭൂരിഭാഗം അഭിനേതാക്കളും ഫോളോ ചെയ്യുന്നത് ക്ലാസിക് ആക്ടിങ് എന്ന മറ്റൊരു പ്രമുഖ രീതിയാണ്. നാടകത്തിൽ നിന്ന് തന്നെ വന്ന ഈ സ്കൂൾ ഊന്നുന്നത് സാന്ദർഭികമായ വികാരാവിഷ്കാരത്തിലാണ്. വളരെ സങ്കീർണവും, സ്ഥിരതയുള്ളതും, വ്യക്തമായ രൂപഘടനയും, രീതിശാസ്ത്രവുമുള്ള സ്കീമോ സ്കെച്ചോ ഈ രീതിക്ക് ആവശ്യമില്ല. കഥാപാത്രത്തിന്റെ ആ നിമിഷത്തിലെ പൊതുവികാരവും സ്വഭാവവുമെന്ത് എന്ന ജനറൽ അറിവിനെ അടിസ്ഥാനപ്പെടുത്തി, അഭിനേതാവ് തനിക്ക് സ്വായത്തമായ വിവിധ പെരുമാറ്റ (behave), ആദേശ (substitution), അനുകരണ (mimesis) നിലവാരത്തിനനുസരിച്ചു പെരുമാറുകയാണിവിടെ ചെയ്യുന്നത്. ഇവിടെ പൂർണതയിലുള്ള മനുഷ്യ ജീവിതത്തിന്റെ സങ്കീർണതയല്ല, മറിച് ആ ഒരു മുഹൂർത്തത്തിൽ നടനെങ്ങനെ (നടിയെങ്ങനെ) കഥാപാത്രമായി പെരുമാറിയെന്നാണ് പരിശോധിക്കപ്പെടുക. ഒരു മനുഷ്യ സ്വഭാവത്തനിമയെങ്കിലും പുതിയതായി ഇവിടെ പരീക്ഷിക്കപ്പെടണമെന്നില്ല. ഗാരി ഓൾഡ്മാൻ, പാകോ അൽകാസർ, നസീറുദിൻ ഷാ, ഓം പുരി, അമരീഷ് പുരി, നവാസുദ്ധീൻ സിദ്ധിഖി മുതൽ മലയാളത്തിന്റെ അതുല്യ നടൻ ജഗതി വരെ ഈ രീതിയിലഭിനയിക്കുന്നവരാണ്.
ഇവയിൽ ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതാണോ എന്ന ചോദ്യത്തിന് യാതൊരു പ്രസ്കതിയുമില്ലെന്നത് ഓർമിപ്പിക്കട്ടെ. ശരീരാവിഷ്കാര കലകളുടെ പരിണാമത്തിനനുസൃതമായി ഉണ്ടായി വന്ന രണ്ട് രീതികളെന്നതിനപ്പുറം ഇവയ്ക്ക് രണ്ടിനും മറ്റൊരു അധികമേന്മയോ ന്യൂനതയോ ഇല്ല. തങ്ങളുടെ സർഗബോധത്തിനനുസരിച് അഭിനേതാക്കൾ ഇതിലൊരു രീതി തെരഞ്ഞെടുക്കുന്നു, ചിലർ രണ്ടും പരീക്ഷിക്കും. സംവിധായകർ ആവിഷ്ക്കാര കലയുടെ ആവശ്യത്തിനനുസരിച് ഇവരിൽ തങ്ങൾക്ക് വേണ്ടവരെയും തെരഞ്ഞെടുക്കുന്നു.
ഇതിൽ മെത്തേഡ് ആക്ടിങ് എന്ന അഭിനയ രീതിയാണോ മമ്മൂട്ടിയുടേത്? സംസാര ഭാഷയിലും വേഷ വിധാനത്തിലും, ഒരു പരിധി വരെ ശരീരഭാഷയിലും ഈ ശൈലി കൊണ്ടുവരാൻ മമ്മൂട്ടി ശ്രമിച്ചിട്ടുണ്ടെന്നുള്ളത് ശരിയാണ് (പൊന്തന്മാട, മൃഗയ, അംബേദ്‌കർ, പാലേരി മാണിക്യം അങ്ങനെ പലതും). പക്ഷെ, ഭൂരിഭാഗം സിനിമകളിലും തന്റേതെന്ന് എസ്റ്റാബ്ലിഷ് ചെയ്തൊരു റേഞ്ചിൽ മാത്രമാണ് മമ്മൂട്ടി വർക്ക് ചെയ്തിട്ടുള്ളത്. താരാരാധകർക്ക് കഥാപാത്ര സൂക്ഷ്മത എന്നതിനപ്പുറം ആ താര ശരീരവും ചേഷ്ടകളും മാത്രമാണ് വേണ്ടത്. മമ്മൂട്ടിയുടേയും മോഹന്ലാലിന്റേയും അഭിനയ രീതികളിൽ ഈ ഘടകം വലിയ പരിമിതികൾ കൊണ്ടുവന്നിട്ടുണ്ട്. മോഹൻലാൽ താരപരിവേഷത്തിന് പുറത്തുകടക്കാൻ പറ്റാതെ ആവർത്തനങ്ങളിലേക്ക് തകർന്നടിഞ്ഞു. മമ്മൂട്ടി ശരീരശ്രദ്ധ കാണിച്ചു പിടിച്ചു നിന്നുവെന്നേ ഉള്ളൂ.
സാംസ്‌കാരിക കേരളത്തിന്റെ സ്വത്തുക്കളിലൊന്നായ ഈ നടന്റെ 70 ആം ജന്മദിനത്തിൽ നടക്കുന്ന മെത്തേഡ് ആക്ടിങ് ചർച്ച കഴമ്പില്ലാത്തതും താര പരിവേഷത്തെ പൊലിപ്പിക്കാൻ വേണ്ടിയിട്ടുമുള്ളതാണ്. മലയാളസിനിമയുടെ പരിണാമത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ പങ്കെന്തെന്നും, ഇന്നത്തെ സിനിമയിൽ (ഒടിടി പ്ലാറ്റ്‌ഫോം, ഇൻഡി സിനിമകൾ, അത്യാധുനിക ഉപകരണങ്ങൾ, ഉയർന്ന സാങ്കേതികവിദ്യാഭ്യാസമുള്ള കാഴ്ചക്കാർ) മമ്മൂട്ടിയുടെ സ്ഥാനമെന്തെന്നും വിലയിരുത്താനാവണം നമ്മളീ അവസരം ഉപയോഗിക്കേണ്ടതെന്ന് തോന്നുന്നു. അല്ലാതെ, ചില സാങ്കേതിക പദങ്ങളുപയോഗിച്ചുള്ള ഇത്തരം അബദ്ധ സമീകരണങ്ങളും (മാലിക്ക് സിനിമ= മലയാളം ഗോഡ്ഫാദർ, ലിജോ ജോസ് പെല്ലിശ്ശേരി= മാസ്റ്റർ ഓഫ് ക്യാവോസ്, ഫഹദ് ഫാസിൽ- ഇന്റർനാഷണൽ നടൻ, കമ്മട്ടിപ്പാടം- മലയാളം സിറ്റി ഓഫ് ഗോഡ്) വിശേഷണങ്ങളും (ലോങ്ങ് ടേക്ക്, വിഷ്വൽ ക്രാഫ്റ്റ്, മെത്തേഡ് ആക്ടിങ്), വിഷ്വൽ സാക്ഷരതയിൽ മലയാളികൾ വളരെ പിന്നിലാണെന്ന് കാണിക്കും.

Comments
Post a Comment