'നായാട്ട്' പറയുന്നതും പറയാത്തതും...

‘നായാട്ട്’ (2021) മലയാളത്തിൽ ഇറങ്ങിയ മികച്ചൊരു ത്രില്ലർ ഉദ്യമമാണ്. ‘ജോസഫ്’ നുശേഷം ഷാഹി കബീർ എഴുതി, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമയിൽ ഈ ജോണറിന്റെ സവിശേഷതകളെ സമർത്ഥമായി ഉൾച്ചേർത്തിയിട്ടുണ്ട്. ആഖ്യാനത്തിലെ കയ്യൊതുക്കം, ഇന്ത്യൻ പോപ്പുലർ സിനിമയിൽ അതിനാടകീയത കൊണ്ടുവരാൻ ഉപയോഗിക്കുന്ന സ്ഥിരം ഫോർമുലകളായ പാട്ട്, റൊമാൻസ് എന്നിവയുടെ ആധിക്യമില്ലാത്തതൊക്കെ ത്രില്ലർ ജോണറിന്റെ രൂപത്തോട് ആത്മാർത്ഥത പുലർത്താൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകളാണ്. സരസ നിമിഷങ്ങളും, നാടകീയമായ സന്ദർഭങ്ങളുമുണ്ടെങ്കിലും സിനിമയുടെ കഥാപരിസരം ആവശ്യപ്പെടുന്ന ഗൗരവം ആദ്യവസാനം കാത്തുസൂക്ഷിച്ചിട്ടുണ്ട്.
‘നായാട്ട്’ വ്യക്തമായൊരു രാഷ്ട്രീയ, സാമൂഹിക പശ്‌ചാത്തലത്തിൽ സെറ്റ് ചെയ്തിരിക്കുന്ന സിനിമയാണ്. അതിൽ തന്നെ തീർത്തും സവിശേഷവും, കൃത്യവുമായൊരു രാഷ്ട്രീയ സംഭവത്തിൻറെ അരികുപറ്റിയാണ് കഥ വികസിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്, മൂന്ന് പൊലീസുകാർക്ക് സംഭവിക്കുന്ന കൈപ്പിഴകൾ, അസാധാരണമായ രാഷ്ട്രീയമാനം കൈവരിക്കുന്നതും, അതിനോട് ചേർന്നുണ്ടാകുന്ന ചെയിൻ ഓഫ് ഇവൻറ്സുമാണ് പടത്തിന്റെ ത്രെഡ്. കേരളത്തിൻറെ രാഷ്ട്രീയ ഭരണനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും മാധ്യമങ്ങളും പൊതുസമൂഹവുമെല്ലാം ഒരേപോലെ ഇൻവോൾവ് ചെയ്യുന്ന സംഭവവികാസങ്ങളെ ചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ തുടങ്ങി സിനിമയിലെ എല്ലാ അഭിനേതാക്കളും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നെഗറ്റീവ് ഷെയ്‌ഡിൽ വന്ന നടൻ അതിഗംഭീരമായ സ്ക്രീൻപ്രസൻസ് ആയിരുന്നു.
പ്രശംസനീയമായ മറ്റൊരു കാര്യം, മാർട്ടിൻ പ്രക്കാട്ട് സിനിമാറ്റോഗ്രാഫർ ഷൈജു ഖാലിദുമായി ചേർന്ന് സെറ്റ് ചെയ്യുന്ന neo-noir വിഷ്വൽ ലാംഗ്വേജ് ആണ്. High contrast ഫ്രേയ്യ്മുകളിൽ ചിത്രീകരിച്ച രാത്രി സീക്വൻസുകൾ, വളരെ മിനിമലായ ലൈറ്റിംഗ്, നിഴലിന്റെ സമർത്ഥമായ ഉപയോഗം, ഒക്കെ കൈകാര്യം ചെയ്യുന്ന ജോണറിൻറെ പ്രത്യേകതകളെ പറ്റിയുള്ള അവഗാഹം കാണിച്ചുതരുന്നുണ്ട്. Quick cuts ഉപയോഗിച്ച് കാഴ്ചക്കാരനെ അന്ധാളിപ്പിക്കുന്നതിനുപകരം, കഥാപാത്രങ്ങളെയും പരിസരങ്ങളെയും നിരീക്ഷിക്കാനും, സംഭവവികാസങ്ങളിൽ അവരോടൊപ്പം മുഴുകാനും സഹായിക്കുന്ന ഒരു റിഥമാണ് സിനിമക്കുള്ളത്.
ഉദ്വേഗം ജനിപ്പിക്കുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന ബാഹുല്യങ്ങളൊന്നും തന്നെയില്ല. പകരം ദൈനംദിന ജീവിതത്തിൽ വന്നുചേരുന്ന രാഷ്ട്രീയ, സാമൂഹിക പ്രതികൂല സാഹചര്യങ്ങളും അസന്ദിഗ്ധതകളും വിവേകപൂർവം ഉൾച്ചേർത്തിട്ടുണ്ട്. ത്രില്ലർ ജോണർ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന, എന്നാൽ ഇന്ത്യൻ പോപ്പുലർ സിനിമയിൽ അധികം ഉപയോഗിച്ചു കണ്ടിട്ടില്ലാത്ത Ellipsis, ‘നായാട്ട്’ ൽ സമർത്ഥമായി ഉൾച്ചേർത്തിരിക്കുന്നു. ഒരിടത്ത്, Ellipsis നെ matchcut മായി സമ്മേളിപ്പിച്, നരേഷനിൽ വലിയൊരു ജമ്പ് ഒക്കെ കാണാം. മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ സിനിമാറ്റിക് വിഷൻ വളരെ സമഗ്രമാണെന്ന് ഇത്തരം രംഗങ്ങൾ കാണിച്ചുതരുന്നു.
ഇങ്ങനെ, പല തരത്തിൽ പ്രശംസയർഹിക്കുന്ന സിനിമയാണ് ‘നായാട്ട്’. പക്ഷെ സിനിമയിലവതരിപ്പിച്ചിരിക്കുന്ന ചിലകഥാപാത്രങ്ങളുടെ സ്വത്വത്തിന്റെയും അതിന്റെ പ്രതിനിധാനത്തെയും സംബന്ധിച്ച് നിരവധി വിമർശനങ്ങൾ ഉയർന്നിരിക്കയാണിപ്പോൾ. ജാതി, മത, മുതലാളിത്ത വ്യവസ്ഥകളുടെ ബഹുമുഖ ചൂഷണം വഴി അരികുവൽക്കരിക്കപ്പെട്ട കീഴാളരെ, പോപ്പുലർ സിനിമയുടെ പഴകിത്തേഞ്ഞ മുൻവിധികളിലൂടെ തന്നെ ചിത്രീകരിച്ചുവെന്നാണ് മുഖ്യവിമർശനം. ഇതൊരു ലളിതവൽക്കരണമായിട്ടാണ് തോന്നുന്നത്. പ്രമേയം മുന്നോട്ടു വെക്കുന്ന, വിശാലമായ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കകത്തുനിന്നായിരിക്കണം ഏതൊരു വിശകലനവും നടക്കേണ്ടത്. സിനിമക്കെതിരെ വ്യാപകമായി ഉയർന്നിട്ടുള്ള വിമർശനങ്ങൾ, കഥാസന്ദർഭത്തിൽ നിന്നുമുള്ള ഏതാനും ഭാഗങ്ങളെ ചെറിപിക്ക് ചെയ്ത് വലിച്ചുനീട്ടുകയാണ് ചെയ്യുന്നത്. ‘നായാട്ട്’ എന്ന ചലച്ചിത്രപാഠം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം സ്വത്വപ്രതിനിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള കീഴാളവിരുദ്ധതയല്ല. മറിച്ച്, കുറേക്കൂടി സൂക്ഷ്മമായി പരിശോധിക്കേണ്ട അരാഷ്ട്രീയതയാണ്.
പൊലീസ് സേന എന്ന കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥ നെറ്റ്‌വർക്കിനകത്തെ നൂലാമാലകളാണല്ലോ ‘നായാട്ട്’ ന്റെ കഥാപരിസരം. ബൂർഷ്വ ജനാധിപത്യത്തിൽ, ഭരണഘടന അനുശാസിക്കുന്ന നിയമപാലനമാണ് അതിന്റെ കർത്തവ്യം.പക്ഷേ, രാഷ്ട്രീയ ഭരണകൂടം അതിന്റെ ഭരണതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള മർദ്ദനോപകരണമായി പൊലീസിനെ ഉപയോഗിക്കുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥയിൽ, ഉല്പാദനോപാധികളുടെ മേലിൽ ബൂർഷ്വസിക്കുള്ള ഉടമസ്ഥത നിലനിർത്താനും, തൊഴിലാളികളുടെ അധ്വാനശേഷി ചൂഷണം ചെയ്യാനുമുള്ള സഹായം ചെയ്യുക എന്ന് ചുരുക്കം. അൽത്തൂസർ മുതലിങ്ങോട്ടുള്ള പല ചിന്തകരും ഇതിനെപ്പറ്റി പഠിക്കുന്നുണ്ട്. വിശാലമായ രൂപത്തിൽ ഉല്പാദനവ്യവസ്ഥ മാറുകയും അധ്വാനശേഷി ചൂഷണം ചെയ്യുന്നത് അവസാനിക്കുകയും ചെയ്താലേ ഇത്തരം മർദ്ദനരൂപങ്ങൾക്ക് പ്രസക്തി ഇല്ലാതാവൂ. ‘നായാട്ട് ‘ സിനിമയിൽ, പൊലീസ് സേന എന്ന ഈ മർദ്ദക യാഥാർഥ്യത്തെ കേരളരാഷ്ട്രീയത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികളുടെ തെരഞ്ഞെടുപ്പുലാഭത്തിനായി തട്ടിക്കളിക്കുന്ന പാവകൾ എന്ന നിലക്കാണ് കാണിച്ചിരിക്കുന്നത്.
നിശ്ചിതമായൊരു രാഷ്ട്രീയ സംഭവം പശ്ചാത്തലമായതിനാൽ ഈ വാദത്തിന് സിനിമക്കകത്ത് വാലിഡിറ്റി കിട്ടുന്നുണ്ട്. വലതുപക്ഷ രാഷ്ട്രീയ കക്ഷികൾ ഭരണ, രാഷ്ട്രീയാവശ്യങ്ങൾക്കായി പൊലീസിനെ ഉപയോഗിച്ച ചരിത്ര സംഭവങ്ങളും നമുക്ക് മുന്നിലുണ്ട്. എന്നാൽ സേനയുടെയും, അതിലുപരി ഭരണകൂടവ്യവസ്ഥയുടെയും വർഗ്ഗസ്വഭാവത്തിലേക്ക് വിരൽ ചൂണ്ടാൻ സിനിമക്ക് സാധിക്കുന്നില്ല. മറ്റേത് പോപ്പുലർ സിനിമയെയും പോലെ ഇതും ലളിതയുക്തികൾ വെച്ച് രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്ന അവസ്ഥ വരുന്നു. ഈ വിമർശനം നിലനിൽക്കെ തന്നെ, ‘നായാട്ട് ‘ മലയാളത്തിൽ വന്ന മികച്ച ത്രില്ലറുകളിലൊന്നാണെന്ന് പറയാം. അതിനാടകീയതയിലേക്ക് വഴുതിപ്പോകാതെ, ത്രില്ലർ ഴോണർ (genre) സകല സവിശേഷതകളുമുപയോഗിച്ച്‌, ദൃഢവും നൂതനവുമായ വിഷ്വൽ ലാംഗ്വേജ് കൊണ്ടുവന്ന നല്ലൊരു പൊളിറ്റിക്കൽ ത്രില്ലർ. ഇതു മുന്നോട്ടു വെക്കുന്ന രാഷ്ട്രീയമെന്തെന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. നിർഭാഗ്യവശാൽ, ഇപ്പോൾ നടക്കുന്ന പല ചർച്ചകളും അത്തരമൊരു സാധ്യത ആരായുന്നില്ലെന്ന് തോന്നുന്നു.

Comments