'മോണോസ്' (Monos): പൈശാചികത ഒരു രാഷ്ട്രീയ, ചരിത്ര യാഥാർഥ്യമാവുമ്പോൾ...
വിൽസൺ സാലസർ (Wilson Salazar). തന്റെ കുറിയ അത്‌ലറ്റിക് ശരീരം കൊണ്ടും അസാമാന്യമായ ആജ്ഞാശക്തി കൊണ്ടും 2019 ൽ, ലോകസിനിമാഭൂപടത്തിൽ സ്ഥാനം പിടിച്ച കൊളംബിയക്കാരൻ. അലെഹാന്ദ്രോ ലാൻഡസ് (Alejandro Landes) സംവിധാനം ചെയ്ത 'Monos' (മോണോസ് എന്നാൽ സ്പാനിഷിൽ കുരങ്ങൻ എന്നർത്ഥം. ഗ്രീക്ക് മൂലപദമായ ഒറ്റ, ഒന്ന്, ഒറ്റപ്പെടൽ എന്നയർത്ഥമാണ് കൂടുതൽ ചേരുക എന്ന് സംവിധായകപക്ഷം) എന്ന ചിത്രത്തിലൂടെയാണ് സാലസർ സ്‌ക്രീനിലെത്തുന്നത്. നിത്യജീവിതത്തിൽ നിന്നും വളരെയകലെ വിജനമായ കൊളംബിയൻ പർവ്വതങ്ങളിലും ( സമുദ്രനിരപ്പിൽ നിന്നും 13000 അടിയോളം ഉയരത്തിൽ Chingaza National Natural Park കൊടുമുടികൾ) ഇടതൂർന്ന കാടുകളിലുമായി (Samana Norte river forest, Antioquia department) അമേരിക്കൻ ഡോക്ടറെ ബന്ദിയാക്കി ജീവിക്കുന്ന ഒരു കൂട്ടം ചൈൽഡ് സോൾജിയേഴ്സിന്റെ കഥയാണ് മോണോസ്. കൗമാരത്തിന്റെ ശങ്കകളും, രാജ്യത്തെ പതിറ്റാണ്ടുകളായി കീറിമുറിക്കുന്ന ആഭ്യന്തരയുദ്ധത്തിലെ സംഘർഷങ്ങളും, ഇവരുടെ ഏകാന്തവാസത്തെ കൂടുതൽ കഷ്ടമാക്കുന്നു. ഇടതോ, വലതോ എന്നറിയാത്ത ഒരു ഗറില്ലാ സംഘത്തിന്റെ ഭാഗമാണവർ.
ഈ ഒറ്റപ്പെട്ട ട്രൈബൽ ജീവിതത്തിൽ പുറംലോകവുമായുള്ള ഇവരുടെ ബന്ധം, നേതൃത്വത്തിന്റെ സന്ദേശവുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന സാലസർ ആണ്. വന്നു കഴിഞ്ഞാൽ പിന്നെ ദിവസങ്ങൾ നീളുന്ന കഠിനപരിശീലനം. ഒളിച്ചിരിക്കാനും പക്ഷിമൃഗാദികളെ പോലെ ശബ്ദങ്ങളുണ്ടാക്കി സന്ദേശങ്ങൾ കൈമാറാനുമൊക്കെ സാലസർ അവരെ പഠിപ്പിക്കുന്നു. അവരുടെ ഇടയിലെ സംശയങ്ങളും വ്യക്തിമോഹങ്ങളും അടുത്തറിഞ്ഞ ശേഷം അവയ്ക്ക് പരിഹാരം പറയുന്നതും സാലസർ തന്നെ. അവരുടെ ലോകത്തെ ഏറ്റവും വലിയ നേതാവ്!
സാലസറിന്റെ ചലനങ്ങളിലോരോന്നിലും, അധികാരത്തിന്റെയും യുദ്ധസന്നദ്ധതയുടെയും കെട്ടുറപ്പുണ്ട്. അച്ചടക്കത്തിന്റെ യാന്ത്രികതയുമുണ്ട്. ഭയപ്പെടുത്തുന്ന നിശബ്ദതയാണ് അയാളുടെ ആയുധം. വല്ലപ്പോഴും പുറത്തുവരുന്ന വാക്കുകൾ ആജ്ഞാസ്വരങ്ങളായതു കൊണ്ടുതന്നെ കേൾക്കാനായി നിങ്ങളിങ്ങനെ വിറങ്ങലിച്ചു നിൽക്കും. കുട്ടിപ്പട്ടാളവുമതെ. അയാളിരിക്കാൻ പറഞ്ഞാലിരിക്കും, സംസാരിക്കാൻ പറഞ്ഞാൽ മാത്രം സംസാരിക്കും, കൊല്ലാൻ പറഞ്ഞാൽ കൊല്ലും!
ആരാണീ സാലസർ? എന്തുകൊണ്ടാണ് അയാൾ നമ്മെ ഭയപ്പെടുത്തുന്നത്?
മോണോസ് സിനിമയിലെക്കെടുക്കാൻ എണ്ണൂറോളം കുട്ടികളെ നാടുമുഴുവൻ നടന്ന് ഓഡിഷൻ നടത്തി, അതിൽ 20 പേരെ അവസാനവട്ട പരിശീലനത്തിനു തിരഞ്ഞെടുക്കുകയാണ് ലാൻഡസ് ആദ്യം ചെയ്തത്. ആ 20 പേർക്ക് ആഴ്ചകൾ നീണ്ട ട്രെയിനിങ് കൊടുത്തു. പകൽ അർജന്റീനിയൻ നടി ഇനെസ് എഫ്രോൺ (Ines Efron)ന്റെ നേതൃത്വത്തിൽ ആക്ടിങ് ക്ലാസുകൾ. ഉച്ച കഴിഞ്ഞു കഠിനമായ ഗറില്ലാ സൈനികപരിശീലനം. സൗകര്യങ്ങളോ വിഭവങ്ങളോ ഇല്ലാത്ത ഉൾക്കാടുകളിൽ, പ്രകൃതിയോടിണങ്ങിയ സൈനികരീതിയാണ് അവലംബിക്കേണ്ടത്. ഭാഷക്ക് പകരം ശബ്ദങ്ങൾ, പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ ചായം തേച്ചുകൊണ്ട് മറഞ്ഞിരിക്കുക, ജൈവവസ്തുക്കളുപയോഗിച്ചുള്ള താമസസൗകര്യം, തീർത്തും വന്യമായ പെരുമാറ്റരീതി അങ്ങനെ മൊത്തം ജീവിതശൈലിയിൽ തന്നെ മാറ്റം വരുന്നു.
ഏകാന്തമായ ആ പർവ്വതനിരയിൽ, ഇടതൂർന്ന കാടിൻനടുവിൽ, ഒരു കൊച്ചുവിശ്വമായി അവരങ്ങനെ ജീവിക്കണം. ഈ നാച്യുറാലിറ്റിക്ക് വേണ്ടി കുട്ടികളറിയാതെ അവരെക്കൊണ്ട് സിനിമയിലെ പല രംഗങ്ങളും റിഹേഴ്‌സ് ചെയ്യിപ്പിച്ചതായി ലാൻഡസ് പറയുന്നുണ്ട്. ആഴ്ചകൾക്കുശേഷം അവർക്കിടയിൽ ഒരു ബോണ്ടിങ് വളർന്നു വരികയും ഏറ്റവും ശക്തിയായി അതുപ്രകടിപ്പിച്ച എട്ടുപേരെ സിനിമയിലേക്കെടുക്കുകയും ചെയ്തു. കഠിനമായ ഈ സൈനികപരിശീലനത്തിന് നേതൃത്വം കൊടുത്തത് സാലസർ ആയിരുന്നത്രേ!
ജേർണലിസ്റ്റ് കൂടിയായ ലാൻഡസ് വർഷങ്ങൾക്ക് മുന്നേ ഒരു ക്യാമ്പിൽ വെച്ചാണ് സാലസറിനെ പരിചയപ്പെടുന്നത്. ഇദ്ദേഹം കൊളംബിയയിലെ പ്രധാനഗറില്ലാഗ്രൂപ്പ് FARC (Revolutionary Armed Forces of Colombia—People's Army Spanish: Fuerzas Armadas Revolucionarias de Colombia)ന്റെ ചൈൽഡ് സോൾജ്യർ ആയിരുന്നത്രേ. 11 ആം വയസ്സിൽ ഫാർക്കിൽ ചേർന്ന സാലസർ നീണ്ട 13 വർഷങ്ങൾക്ക് ശേഷം മനംമടുത്തു നിർത്തിപ്പോന്നു. മടങ്ങിവരുന്ന ഗറില്ലകൾക്കുള്ള റിഹാബ് ക്യാമ്പിൽ വെച്ചായിരുന്നു ലാൻഡസ് സാലസറിനെ കാണുന്നത്. കുട്ടികളെ ട്രെയിൻ ചെയ്യാനുള്ള കൺസൾട്ടന്റ് ആയി ടീമിൽ ചേർന്നെങ്കിലും ലാൻഡസിന്റെ അഭ്യർത്ഥന മാനിച് പിന്നീട് സിനിമയിലെ ദൂതന്റെ റോൾ ഏറ്റെടുക്കുകയായിരുന്നു അയാൾ. വല്ലാത്തൊരു കാവ്യനീതി തന്നെ...!
കൊളംബിയയിലെ ആറു പതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധം ഇല്ലാതാക്കിയ മനുഷ്യജീവിതങ്ങളുടെ കഥയാണ് മോണോസ്. തീർത്തും യൂണീക് ആയ വിഷ്വൽ ലാംഗ്വേജിലൂടെ, സംവിധായകൻ ലാൻഡസ് നിർമിക്കുന്ന മായിക ലോകത്തെ കുരങ്ങുകളാണ് ഓരോ കഥാപാത്രങ്ങളും. എന്തിനു വേണ്ടി തങ്ങളിതുചെയ്യുന്നുവെന്ന ബോധമില്ലാത്ത കുട്ടികളും, അവരുടെ ഫ്രസ്ട്രേഷനുകളേറ്റു വാങ്ങുന്ന ബന്ധിയായ വനിതാഡോക്ടറും, സന്ദേശവാഹകനായെത്തുന്ന സാലസറും. അങ്ങനെ വളരെ കുറഞ്ഞ കഥാപാത്രങ്ങളേ സിനിമയിലുള്ളു. പക്ഷെ മടുപ്പുളവാക്കുന്ന ആ ഏകാന്തപ്രകൃതിയും ഇവരുടെ ജീവിതങ്ങളും കാഴ്ച്ചക്കാരിലുണ്ടാക്കുന്ന ഇമ്പാക്ട് വളരെ വലുതാണ്. അധികാരബോധവും യുദ്ധസന്നദ്ധതയുമുള്ള സാലസറിന്റെ ശരീരഭാഷ കാഴ്ചക്കാരിലേക്ക് ഒരു മരവിപ്പ് പടർത്തുന്നു. തീർത്തും അനാവശ്യമായ സംഘർഷങ്ങൾ, സൂക്ഷ്മമായ അധികാരപ്രയോഗങ്ങൾ, ലൈംഗികമായ ഉണർച്ച/തളർച്ചകൾ, പൈശാചികമായ ക്രൂരതകൾ... അങ്ങനെ ഒരു നാടിന്റെ രക്തരൂഷിതമായ ചരിത്രം സാലസറിലൂടെയും ഈ സിനിമാവിശ്വത്തിലൂടെയും നമ്മളറിയുന്നു...

Comments
Post a Comment