റോൺറോക്കോ ഗിത്താറിലൂടെ ഒഴുകിയെത്തുന്ന അറിയാ നോവുകൾ


Walter Salles ന്റെ The Motor Cycle Diaries (2004) അവസാനിക്കുന്നത് ലാറ്റിൻ അമേരിക്കൻ സമൂഹത്തിന്റെ പരിച്ഛേദങ്ങളായ ഒരുപാട് മനുഷ്യരെയും അവരുടെ ജീവിതപരിസരങ്ങളെയും കാണിച്ചുകൊണ്ടുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് മൊണ്ടാഷിലാണ്. വിവിധ നാടുകളിലെ, വൈവിധ്യമാർന്ന ലോകങ്ങളിലെ, വ്യത്യസ്തഭാഷകൾ സംസാരിക്കുന്ന, ഒരുപാട് പ്രായഭേദങ്ങളിലുള്ള പച്ചയായ മനുഷ്യർ... (ലിങ്ക്: https://youtu.be/mMSwgG4UOWo)

യുവഡോക്ടർ ആസ്ത്മാക്കാരൻ ഏണസ്റ്റോ ദേ ലാ സെർന ഗുവേരയുടെ ജീവിതത്തിലും ജീവിതാവബോധത്തിലും വലിയ മാറ്റങ്ങളാണ് ഒൻപതുമാസം നീണ്ട ഒരു ബൈക്കുയാത്രയുണ്ടാക്കുന്നത് (1952). ലോകം മുഴുവൻ വിപ്ലവാവേശം പകരുന്ന ചെ ഗുവേരയെന്ന വലിയ ഐക്കൺ ആയി ഏണെസ്റ്റോ മാറുന്നത് ഈ യാത്രയുടെ അവസാനത്തോടെയാണ്. നല്ലോരു ഫോട്ടോഗ്രാഫർ കൂടിയായ ഏണസ്റ്റോ, യാത്രക്കിടെ പകർത്തുന്ന ചിത്രങ്ങളാണ് സാലസിന്റെ സിനിമയുടെ അവസാനത്തെ മൊണ്ടാഷിനുള്ള ഇൻസ്പിറേഷൻ!

ഈ മൊണ്ടാഷിന്റെ സമയത്ത് കടന്നുവരുന്ന സംഗീതശകലത്തിന്റെ പേര് De Ushuaia a la Quiaca എന്നാണ്. La Quiaca യും Ushuaia യും അർജന്റീനയിലെ രണ്ട് പട്ടണങ്ങളാണ്, ആദ്യത്തേത് രാജ്യത്തിന്റെ വടക്കേയറ്റത്തും മറ്റേത് തെക്കേയറ്റത്തും (Ushuaia ക്ക് the southernmost city in the world എന്ന ഖ്യാതി കൂടിയുള്ളതാണ്!). അതായത് "ഉശ്ച്വായ മുതൽ ലാ ക്വിയാക്ക വരെ" എന്നർത്ഥം. അർജന്റീനക്കാരൻ കമ്പോസർ Gustavo Santaolalla, സിനിമക്കായി രാജ്യത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ സഞ്ചരിച്ചതിൽ നിന്നുമുൾക്കൊണ്ടതാണ് ഈ പീസെന്ന്‌ പറയുന്നു. ഗുസ്താവോയുടെ പ്രിയപ്പെട്ട Ronroco ഗിറ്റാറിന്റെ റിഫിനൊപ്പം ലാറ്റിൻ ഫ്ലൂട്ട് കൂടി ചേരുന്ന അതിമനോഹരവും നോവുള്ളതുമായ കുറച്ചു മുഹൂർത്തങ്ങൾ.

ഓപ്പൺ കോൺസെർട്ടുകളിലെല്ലാം ഗുസ്താവോ റൊൺറോക്കോയുമായാണ് പ്രത്യക്ഷപ്പെടുക. പത്തുസ്ട്രിംഗുകളുള്ള റൊൺറോക്കോ ഗുസ്താവോയുടെ കൈകളിൽ താലോലത്തിനായി കാത്തുനിൽക്കുന്ന പൂച്ചയെപ്പോലെ പമ്മിയിരിക്കും. കണ്ണടച്ച്, തലയുയർത്തി ഗുസ്താവോ മെല്ലെ, മെല്ലെ, അതിനെ തലോടിത്തുടങ്ങും. താളം ഒരിക്കലും മുറുകില്ല, ഒരുപരിധിക്കപ്പുറം വേഗമാവില്ല, ഉച്ചസ്ഥായിയിലേക്കുമില്ല. പക്ഷേ കേട്ടിരിക്കുന്ന നമ്മൾ ഈ പറഞ്ഞ മാനസികാവസ്ഥകളിലൂടെയൊക്കെ കടന്നുപോകും. വരിഞ്ഞുമുറുകും, കണ്ണുനിറയും, മെല്ലെ മെല്ലെ മന്ദഹസിക്കും, ഗുസ്താവോക്കൊപ്പം തലയുയർത്തി എന്തിനെയൊക്കെയോ കാണാനും തൊടാനും ആശ്ലേഷിക്കാനും കൊതിച്ചുകൊണ്ടേയിരിക്കും.

മെക്സിക്കൻ സംവിധായകൻ Alejandro Gonzalez Inarritu വിന്റെ സിനിമകൾക്ക് സംഗീതം കൊടുത്തതോടെയാണ് ഗുസ്താവോ അന്താരാഷ്ട്രപ്രശസ്തിയിലേക്കുയരുന്നത്. അടുത്തടുത്ത രണ്ടുവർഷങ്ങളിൽ മികച്ച സംഗീതസംവിധായകനുള്ള ഓസ്കാർ അവാർഡ് നേടുകയും ചെയ്തിട്ടുണ്ട് (20 ലേറെ ഗ്രാമി അവാർഡ് വേറെ!). 2006 ലെ ഇനാരിറ്റു ചിത്രം Babel ഇൽ അതേപേരിലൊരു പീസ് ഉണ്ട്. സ്വർഗ്ഗത്തിലേക്കുയർന്നു പൊങ്ങിയ ബാബേൽഗോപുരത്തിന്റെ ബൈബിൾ കഥയുടെ റെഫെറൻസിൽ, ഭാഷയെന്ന ലിംഗ്വിസ്റ്റിക് പരിമിതി മനുഷ്യജീവിതത്തെ ചിതറിച്ചുകളയുന്ന അനുഭവങ്ങളായി മാറ്റുന്നതെങ്ങനെയെന്ന് കാണിച്ചുതരുന്ന സിനിമയാണ് Babel. സിനിമയുടെ അവസാനം റൊൺറോക്കോ കൊണ്ട് അസ്സൽ ബാബേൽഗോപുരം പണിയുകയാണ് ഗുസ്താവോ! (ഇതിന് പിന്നീടൊരു ബീറ്റ് മിക്സ്‌ ചെയ്ത വേർഷൻ വന്നു. ലിങ്ക്: https://youtu.be/not0bstWaUU)

മ്യൂസിക് ചെയ്ത ഒരുപാട് സിനിമകളിൽ ഗുസ്താവോ ഉപയോഗിച്ചൊരു കോമ്പോസിഷനാണ് Iquazu. Michael Mann സംവിധാനം ചെയ്ത The Insider ലാണ് ആദ്യമായി ഇതുപയോഗിച്ചിരിക്കുന്നത്. ബ്രസീൽ, അർജന്റീന അതിർത്തിയിലുള്ള പ്രശസ്തമായ വെള്ളച്ചാട്ടമാണ് Iguazu. അതേപേരിലുള്ള നദി, ഭാഷാപരമായും സാംസ്കാരികപരമായും ഭിന്നിപ്പുകളുള്ള രണ്ട് രാജ്യങ്ങൾക്കിടയിലൂടെ ഒഴുകിനീങ്ങുന്നത് കമ്പോസറെ ആവേശം കൊള്ളിച്ചിരിക്കാം(Iguazu എന്ന് അർജന്റീനക്കാർ, Iguacu എന്ന് ബ്രസീലിയൻസ്). എല്ലാവിധ വിനിമയപരിധികളും മറികടന്ന് വെള്ളം കുതിച്ചുപൊങ്ങുകയും വീഴുകയും ചെയ്യുന്ന മെറ്റഫർ തന്നെയാണ് ആ പീസിന്റെയും പെയ്സ്; മെല്ലെ, മെല്ലെ ഉയർന്നുപൊങ്ങുന്ന റൊൺറോക്കോ... (https://youtu.be/E4eWnA1gUuM)

ഇങ്ങനെ പറയാൻ ഒട്ടനവധി കാര്യങ്ങളുണ്ട് ഗുസ്താവോയെപറ്റി (കിരൺ റാവോ സംവിധാനം ചെയ്ത Dhobi Ghat (2011)നു സംഗീതം നൽകിയത് ഗുസ്താവോ ആയിരുന്നു!). കേൾവിക്കാരെ ആഴത്തിലുള്ള ആത്മപരിശോധനയിലേക്ക് തള്ളിയിടുന്നതാണ് ആ കംപോസിഷനുകൾ. മെല്ലെ, മെല്ലെ മുന്നോട്ടുനീങ്ങുന്ന രീതിയിലുള്ള റൊൺറോക്കോ റിഫുകൾ നമ്മെ ആണിയടിച്ചപോലെ ഉറപ്പിച്ചിരുത്തും, ഒരിടത്തേക്ക് കണ്ണുംനട്ടിരുന്ന് നമ്മളാ ഒഴുക്കിനൊത്തു ചിന്തകളെ അഴിച്ചുവിടും. ഈ കയത്തിൽ നിന്നൊന്നു രക്ഷനേടാൻ അതിയായി കൊതിക്കുമെങ്കിലും ആ കൊച്ചുമുഴക്കം നമ്മെ അനങ്ങാൻ വിടില്ല. കൂടുതൽ കൂടുതൽ ആഴത്തിലേക്ക്, ഇനിയുമിനിയും ഇരുട്ടും വേദനയുമാർന്ന നമ്മളിലേക്ക് തന്നെ ഇങ്ങനെ ഊളിയിട്ടുകൊണ്ടേയിരിക്കും. മ്യൂസിക് പീസ് തീരുമ്പോൾ മുഖത്തൊഴുകിപ്പരന്ന കണ്ണീർചാലുകൾ നമ്മളറിയും, കടന്നുവന്ന ജീവിതത്തിലെ കഷ്ടതകളും ദുഖങ്ങളും ഈ മ്യൂസിക് പീസിലൂടെ തുടങ്ങിയവസാനിച്ചുവോയെന്ന് ഒരു നെടുവീർപ്പോടെ നമ്മളത്ഭുതപ്പെടും, മ്യൂസികിന് ഇത്ര ശക്തിയോ എന്നമ്പരപ്പിൽ കുറച്ചുനേരം കൂടി മൗനിയാകും...

Wong-kar Wai യുടെ My Blueberry Nights (2007) നു വേണ്ടി ഗുസ്താവോ ചെയ്ത ഒരു കംപോസോസിഷനോടെ നിർത്തട്ടെ,

Comments