മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിൽ; മരവിച്ച മനുഷ്യമനസ്സുകൾക്കും...

Trapped എന്നാൽ നാട്ടുമലയാളത്തിൽ "പെട്ടുപോയിരിക്കുന്ന" അവസ്ഥയാണ്. ദുഖചിന്തകളുടെയും ഭയവിഭ്രാന്തികളുടെയും ഇടയിൽ ആലംബമില്ലാതെ ഒറ്റപ്പെടുന്ന സന്ദർഭം! വയക്തികമായ വേദനകൾക്കും ദുഖങ്ങൾക്കുമൊപ്പം, അതിനേക്കാൾ വലിയൊരു സാമൂഹികാന്തരീക്ഷം കൂടി നിങ്ങളിൽ അനിശ്ചിതബോധം ഇരട്ടിപ്പിച്ചാലോ? ബന്ധുമിത്രാദികളെ പോലും വിശ്വസിക്കാൻ കഴിയുന്നില്ല. സംരക്ഷണവും സഹായവും നൽകേണ്ട വ്യവസ്ഥകളെല്ലാം നിങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം...!

ഐസ്ലാന്റിക് ടിവി സീരീസ് Trapped സംസാരിക്കുന്നത് ഈയൊരു നിസഹായാവസ്ഥയെ പറ്റിയാണ്. സെയ്ദിസ്ഫർദർ (Seyðisfjörður) എന്നൊരു തീരദേശപട്ടണത്തിൽ മീൻപിടിക്കാൻ പോയൊരു ബോട്ടുകാരന്റെ വലയിൽ തങ്ങുന്നത് തലയും കൈകാലുകളുമില്ലാത്ത ഒരു ശവശരീരം!!! അന്നുതന്നെ തീരത്തുവന്നിറങ്ങിയ ഒരു ഡാനിഷ് ഫെറി(ferry- കടത്തുതോണി)ക്ക് ഈ മരണവുമായി ദുരൂഹബന്ധങ്ങളുണ്ടെന്ന് സ്ഥലത്തെ ലോക്കൽ പോലീസ് തലവൻ Andri Olafsson എന്ന ആന്ദ്രേയ് സംശയിക്കുന്നു. കഥ തുടങ്ങുമ്പോൾ ആന്ദ്രേയ് ആ കൊച്ചുപട്ടണത്തിൽ തന്റെ മുൻഭാര്യയുടെ കുടുംബത്തോടൊപ്പം ജീവിക്കുകയാണ്. തന്റേതല്ലാത്ത നാട്ടിൽ, ലോക്കൽ പോലീസ് തലവനെന്ന ബോറിങ് ജോലി ചെയ്ത് ജീവിക്കുന്ന ഒരാൾ! ആന്ദ്രേയ് വ്യക്തിജീവിതത്തിൽ പല കുരുക്കുകളിലും പെട്ടിരിക്കുകയാണ്. പട്ടണത്തിൽ നിന്നും ആന്ദ്രേയുടെ മുൻഭാര്യ പുതിയ കാമുകനുമായി നാട്ടിലേക്ക് വരുന്നുവെന്നറിയുന്ന അന്നാണ് മത്സ്യത്തൊഴിലാളികൾക്ക് ശവം ലഭിക്കുന്നത്. ആന്ദ്രേയും സഹപ്രവർത്തകർ ഹിൻഡ്രിക (Hinrika)യും അസ്ഗീ (Asgeir)റും അന്വേഷണമാരംഭിക്കുമ്പോൾ, മഞ്ഞുമലകളിൽ നിന്നും മഞ്ഞിടിച്ചിലുണ്ടായി പുറംലോകത്തേക്കുള്ള സകല വിനിമയ മാർഗങ്ങളും അടയുകയാണ്!!! ഒരു ജനതയാകെ ഭീതിയിലും അരക്ഷിതബോധത്തിലും അനിശ്ചിതത്വത്തിലുമാണ്ടുപോകാൻ ശപിക്കപ്പെട്ടപോലെ!

അന്വേഷണം മുന്നോട്ടുപോകുന്തോറും പട്ടണത്തിലെ പലർക്കും ഈ സംഭവവികാസങ്ങളിലുള്ള പങ്ക് വെളിയിൽ വരികയാണ്. ശാന്തിയും സമൃദ്ധിയും കളിയാടിയ ആ കൊച്ചുസമൂഹത്തിലെ പലരും ഇരുണ്ട രഹസ്യങ്ങളുള്ളവരാകുന്നു, പുറത്തുപറയാനാഗ്രഹിക്കാത്ത പാസ്റ്റുള്ളവരാകുന്നു. അന്വേഷണത്തിന്റെ ഗതിയോടൊപ്പം ആ സമൂഹത്തിനകത്തെ വിനിമയങ്ങൾ, പരസ്പരബന്ധങ്ങൾ എല്ലാം താറുമാറാവുകയാണ്. ആരോ തുറന്നുവിട്ട ഭൂതം കൊണ്ടുവന്ന ശാപം പോലെ അവരെല്ലാം അതിനകത്ത് "പെട്ടുപോയിരിക്കുകയാണ്".

രാജ്യത്തിന്റെ ചരിത്രത്തിലെ ബൃഹത്തും ചിലവേറിയതുമായ പ്രൊഡക്ഷൻ മുന്നിൽ നിന്ന് നയിച്ചിരിക്കുന്നത്‌ Icelandic new wave നു തുടക്കമിട്ട Baltasar Kormakur (101 Reykjavik, Jar City, The Deep, The Oath, Everest). 2006 മുതൽ തുടങ്ങിയ പ്രീപ്രൊഡക്ഷൻ വർക്ക്‌ സഫലീകരിച്ചുവരുമ്പോഴേക്കും 2015 ആയി. Baldvin Zophoniasson (Life in a fishbowl, Let Me Fall), Óskar Thor Axelsson, Börkur Sigthorsson, Sigurjón Kjartansson തുടങ്ങിയ വൻപ്രതിഭകളും Clive Bradley എന്ന ഇംഗ്ലീഷ് എഴുത്തുകാരനും ട്രാപ്പ്ഡ്നു പുറകിലുണ്ട്. പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് കോർമകുറിന്റെ നേതൃത്വത്തിൽ ഇവരെല്ലാം ചേർന്ന് രൂപം കൊടുത്ത RVK studios.

ലോകത്തിന്ന് വർക്ക്‌ ചെയ്യുന്നതിൽ എന്നെ ഏറ്റവും എക്സൈറ്റ് ചെയ്യിക്കുന്ന വിഷ്വൽ ആർട്ടിസ്റ്റാണ് കോർമകുർ (മറ്റൊന്ന് Trapped co-produce ചെയ്ത Baldvin Z). റൈറ്റിങ്, പ്രൊഡക്ഷൻ, ആക്ടിങ്, ഡയറക്ഷൻ തുടങ്ങിയ കഠിനജോലികൾക്കൊപ്പം, RVK studios ആരംഭിച്ച വലിയൊരു Mediavillage, Framestore എന്ന പേരിലൊരു VFX സ്റ്റുഡിയോ എന്നിവയുടെ ചുമതലകളും കോർമകുർ വഹിക്കുന്നുണ്ട്. ട്രാപ്പ്ഡിലുടനീളം ഐസ്ലാന്റിക് കാലാവസ്ഥയെ റിക്രിയേറ്റ് ചെയ്യാൻ VFX ഉപയോഗിച്ചിരുന്നു. മഞ്ഞുനിറഞ്ഞ കൂറ്റൻ കുന്നുകളാൽ ചുറ്റപ്പെട്ട ആ ഐസ്ലാന്റിക് പട്ടണത്തിലെ പ്രധാനകഥാപാത്രം, അന്തരീക്ഷമല്ലാതെ മറ്റെന്താണ്!?

ഐസ്ലാന്റിക്-അമേരിക്കൻ ആക്ടർ Olafur Darri Olafsson ആണ് ആന്ദ്രേയ് ആയെത്തുന്നത്. ഈ കഥാപാത്രത്തിൽ നിന്നുതുടങ്ങുന്നു സീരീസ് ബ്രേക്ക്‌ ചെയ്യുന്ന generic കൺവെൻഷൻസ്. Nordic-Noir ചിത്രങ്ങളിലെ സ്ഥിരം ഫോർമുലകളായ cop with a haunting past (ഇരുണ്ട പാസ്റ്റുള്ള ഗ്ലൂമിയായ പോലീസുകാരൻ), strong independent woman (കൂടുതൽ റാഡിക്കലായ സ്വതന്ത്രയായ കുറ്റാന്വേഷക) എന്നിവയെ ആന്ദ്രേയ് യുടെ കഥാപാത്രം ബ്രേക്ക്‌ ചെയ്യുന്നു. ആന്ദ്രേയ്ക്ക് മറക്കാനാഗ്രഹിക്കുന്ന ഒരു പാസ്റ്റുണ്ട്, പക്ഷേ അയാളൊരിക്കലുമൊരു പെസിമിസ്റ്റല്ല. പുതിയ കാമുകനുമായി മുൻഭാര്യ തിരിച്ചുവരുന്നുവെന്ന വാർത്ത അയാളെ ദുഖിതനാക്കുന്നു, പക്ഷേ അതിൽ തളർന്ന് തന്റെ ജോലിയെ മറക്കാനയാൾ തയ്യാറല്ല. വീട്ടിലെത്തിയ ആ അതിഥികളെ എല്ലാവിധ വാംനെസോടെയും ആന്ദ്രേയ് സ്വീകരിക്കുന്നു. ഇതിലെല്ലാമുപരി ഫിസികലി ആർക്കുമൊരു ഭീഷണിയുയർത്താത്ത പാവം ചബി ക്യാരക്ടർ കൂടിയാണ് ആന്ദ്രേയ്! കോർമകുർ ഇതിനെപ്പറ്റി പറയുന്നത്:

"Over the years Ólafur has grown immensely. He was in my first film 101 Reykjavík in which we play friends. He has a natural, warm, and effortless charm that doesn’t come from an obvious point. I wanted him for the role of Andri and there was no one else in my mind, but the TV station supporting the production wanted a more conventional lead actor. I wanted him to be almost like the landscape; a mountain, a big, burly man! The landscape in Iceland is very contrasting and I wanted the character to be like this as well. There aren’t many people who can carry a 10-epsiode series, you know? He is one of the few that can."

ആന്ദ്രേയ്യുടെ കഥാപാത്രത്തെ പറ്റി കോർമകുർ നടത്തുന്ന നിരീക്ഷണം അതിഗംഭീരമാണ്:

"“In some way, I think the character of Andri comes from somewhere inside; there is a personality that you partly build from yourself and from the people you know. The character is trapped in the village as well as his personal life. He has moved to this place to be with his wife and he is stuck there in a weird way. It is something I did myself too! My wife wanted to move to our farm in the North of Iceland – which is only 60km from where we filmed Trapped. I moved to where her family is to make her happy, whilst travelling for my career and endeavouring to make it work. As I say; part of it comes from within. We’re still married, though! But I liked the idea of the complications in the show and that Andri was stuck living with his in-laws. It’s a very real situation for me. That’s what happens; people think they can fix their problems by moving but the problems follow them.""

സീരിസിലെ ഓരോ കഥാപാത്രവും മികച്ച ക്യാരക്ടർ സ്റ്റഡിയാണ്. ആഴമുള്ള, വ്യക്തമായ സ്വത്വമുള്ള കഥാപാത്രങ്ങൾ. ചെറിയ ചലനങ്ങൾ കൊണ്ടോ, നേരിയ ഭാവമാറ്റങ്ങൾ കൊണ്ടോ ചാറ്റുപാടുകളെ തന്നെ മാറ്റിത്തീർക്കുന്ന ഒരുപാട് ജീവിതങ്ങൾ. അവരെ ജീവൻ വെപ്പിച്ച ആക്റ്റേഴ്‌സ്. എടുത്തുപറയേണ്ടുന്ന പെർഫോമൻസ് ലിസ്റ്റ് ചെയ്യുകയാണ്:

1. Ilmur Kristjánsdóttir as Hinrika, police officer
2. Ingvar Eggert Sigurðsson as Ásgeir, police officer
3. Nína Dögg Filippusdóttir as Agnes Eiríksdóttir, Andri's ex-wife
4. Þorsteinn Gunnarsson as Eiríkur Davidsson, Agnes's father
5. Lilja Nótt Þórarinsdóttir as María, colleague of Hrafn, daughter of Leifur (wikipedia)

ഇതിൽ അവസാനം പറഞ്ഞ, മരിയ എന്ന കഥാപാത്രമായി വന്ന ലിലിയ സൊഹാഹിൻസ്ഡോട്ടിർ പ്രത്യേകപരാമർശമർഹിക്കുന്നു. സിനിമ കെട്ടിപ്പടുക്കുന്ന, ഇരുണ്ട, ആർത്തിയുടെയും വെട്ടിപ്പിടിക്കലിന്റെയും ലോകത്തോട് മരിയ പൊട്ടിക്കരയുന്ന ഒരു രംഗമുണ്ട്, absolute jaw-dropper!

ട്രാപ്പ്ഡ് പത്തുഎപ്പിസോഡുകളിലായി പരന്നുകിടക്കുകയാണ്. പൈലറ്റ് എപ്പിസോഡും പത്താം എപ്പിസോഡും ഡയറക്റ്റ് ചെയ്തിരിക്കുന്നത് കോർമകുർ തന്നെ. സീരീസ്‌ സെറ്റ് ചെയ്യുന്ന റിഥം കോർമകുർ സിനിമകളിലേതുപോലെ സൂക്ഷ്മവും ഷാർപ്പും. ഷോട്ടുകളും അതുവെച്ചുള്ള സീക്വൻസുകളുടെ ബിൽഡിംഗും എഡിറ്റിംഗും അതിനോട് ലയിച്ചുകൊണ്ടുള്ള മ്യൂസികും വേൾഡ്ക്ലാസ് (ഓസ്കാർ വിന്നർ Jóhann Jóhannsson ന്റെ കമ്പോസിഷൻ)! സെറ്റ് ചെയ്തിരിക്കുന്ന മൂഡിനെ മുന്നോട്ടുകൊണ്ടുപോകാൻ കോർമകുറിനൊപ്പം ക്രിയെറ്റിവ് ജയന്റ് ബാൾഡ്വിൻ സോഫോണിയാസൻ ചേരുന്നു ( His Life in a Fishbowl and Let Me Fall were cinematic wonders for me!). പത്താം എപ്പിസോഡ് എന്റെ അഭിപ്രായത്തിൽ ഒരു അച്ചീവ്‌മെന്റ് തന്നെയാണ്. മരിയയുടെ വിങ്ങിപ്പൊട്ടലോടെയുള്ള തുറന്നുപറച്ചിൽ, നിശബ്ദനായി പൂർണമമതയോടെ കണ്ടുനിൽക്കുകയാണ് ക്യാമറ. തനിക്ക് മുന്നിലെ മനുഷ്യജീവിതം കടന്നുപോയ വേദനകളെ, അവരൊളിപ്പിച്ചുവെക്കുന്ന രഹസ്യങ്ങളെ, തന്റേതായി ഒപ്പിയെടുക്കുന്ന ക്യാമറാമിടുക്ക്! ക്ലൈമാക്സിലേക്കെത്തുമ്പോഴേക്കും കോർമകുർ അച്ചീവ് ചെയ്യുന്ന ആർട്ടിസ്റ്റിക്, എയ്സ്തെറ്റിക് ക്വാളിറ്റി അതിഗംഭീരം!

ഒരു close-knit community യിൽ, മത്സരബോധവും ആർത്തിയും മാത്രമടങ്ങുന്ന ലേറ്റ് ക്യാപിറ്റലിസത്തിന്റെ ജീവിതശൈലി കൊണ്ടുവരുന്ന ക്രൂരമായ മാറ്റങ്ങളാണ് ട്രാപ്പ്ഡ്. ഫിനാൻസ് ക്യാപിറ്റലെന്ന അതിരുകളില്ലാത്ത നീരാളിപിടിത്തത്തിൽ, ഘട്ടങ്ങളായി ചിതറുന്ന ഒരു സമൂഹത്തിന്റെ കഥ. കൊലപാതകവും പോലീസ് അന്വേഷണവും, വരാനിരിക്കുന്ന, സ്ഥലവാസികളെല്ലാം ഒരുപോലെ പങ്കാളികളായ ഇരുണ്ടഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. കഥയിലൊരിടത്ത് ഭാര്യാപിതാവ് എയ്രികുർ (Eirikur) ആന്ദ്രേയ്യോട് പറയുന്നത് പോലെ:

"That's when the devil has entered me!"

Comments