മാക്‌സ് വോണ്‍ സിഡോ: അനിശ്ചിതത്വങ്ങളുടെ സ്വീഡിഷ് കണ്ണുകള്‍
സ്വീഡനിലെ മാലോ (Malo) നഗരത്തിൽ ഇങ്മർ ബെർഗ്മാനൊരു നാടകകമ്പനി ഉണ്ടായിരുന്നു. തന്റെ രണ്ടു കൊല്ലത്തെ അഭിനയപഠനം കഴിഞ്ഞ് മാക്സ് വോൺ സിഡോ (Max Von Sydow) 1956 ൽ ചെന്നെത്തുന്നത് ഈ മുനിസിപ്പൽ തിയേറ്റർ ഗ്രൂപ്പിലേക്കാണ്. ബെർഗ്മാന്റെ മറ്റ് പ്രമുഖരായ സഹപ്രവർത്തകരും ഈ ഗ്രൂപ്പിലന്നുണ്ട്. ഗുണ്ണാർ ബോൺസ്ട്രാൻഡ് (Gunnar Bjornstrand), ഇൻഗ്രിഡ് തൂലിൻ (Ingrid Thulin), ബിബി ആൻഡേഴ്‌സോൺ (Bibi Andersson), ഗുണ്ണെൽ ലിൻഡ്‌ബ്ലോമ് (Gunnel Lindblom) അങ്ങനെ ബെർഗ്മാൻ യൂണിവേഴ്സിനെ യാഥാർഥ്യമാക്കിയ പല ഇതിഹാസ നടീനടന്മാർ...
അവരുടെ ഇടയിൽ നിന്നാണ് മെലിഞ്ഞു നീണ്ട ഈ ബ്ലോണ്ട് മനുഷ്യനെ ബെർഗ്മാൻ തന്റെ ആൾട്ടർ ഈഗോ ആയി തെരഞ്ഞെടുക്കുന്നത്. 'സെവൻത് സീൽ'' (Seventh Seal) 57 ലിറങ്ങുമ്പോൾ മുഖ്യകഥാപാത്രമായ 'അന്റോണിയസ് ബ്ലോക്ക്' (Antonius Block) ആയി സിഡോ വരുന്നു. കുരിശു യുദ്ധം കഴിഞ്ഞു നാട്ടിലെത്തുന്ന നൈറ്റ് (Knight) ആണു ബ്ലോക്ക്. നാടു മുഴുവൻ ദുരിതവും പ്ളേഗും ബാധിച്ചു, മരണം അന്തരീക്ഷത്തിൽ കട്ട പിടിച്ചു നിൽക്കുന്നു. ഈ ദുരിതങ്ങളിലും അത്ഭുതങ്ങൾ സൃഷ്ടിക്കാതെ മൗനം പാലിക്കുന്ന തന്റെ ദൈവത്തെ, അതിന്റെ വിശുദ്ധരൂപങ്ങളെ, തത്വങ്ങളെ അയാൾ സംശയിച്ചു തുടങ്ങുകയാണ്. അയാൾക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല! ഒരുനാൾ അയാൾക്ക് മുന്നിൽ മരണം ഒരു കറുത്ത തുണിക്കഷണത്തിനറ്റം പോലെ പ്രത്യക്ഷപ്പെടുകയാണ്. അല്പം അമ്പരന്നുവെങ്കിലും ബ്ലോക്ക് വളരെയധികം അവധാനതയോടെ മരണത്തെ ഒരു ചെസ്സ് കളിക്ക് ക്ഷണിക്കുന്നു. കളി ജയിക്കുകയാണെങ്കിൽ തനിക്കൊരിത്തിരി സമയം കൂടെ വേണം...
പിന്നീട് നടന്നതൊക്കെ സിനിമയുടെ ചരിത്രത്തിലെ തന്നെ മൈൽസ്റ്റോൺ ഇവെന്റ്‌സാണ്. ഇനി വരുന്ന തലമുറകളും കണ്ട് അതിശയിക്കാൻ പോകുന്ന തത്വചിന്ത!
27 ആം വയസ്സിലാണ് സിഡോ സെവൻത് സീലിൽ അഭിനയിക്കുന്നത്. മരണവും ദുരിതവും മതഭ്രാന്തും കണ്ടു മനംമടുത്ത ബ്ലോക്കിന്റെ കണ്ണുകളിലൊരു വികാരശൂന്യതയുണ്ട്. ശബ്ദത്തിൽ വല്ലാത്തൊരു ദുഃഖമുണ്ട്. നടപ്പിലൊരു താളമില്ലായ്മയുണ്ട്. ദൈവത്തിന്റെ കുറ്റകരമായ മൗനത്തെ സിഡോ തന്റെ നോട്ടങ്ങളിലൂടെ കുത്തിനോവിക്കുന്നുണ്ടായിരുന്നു. പതിഞ്ഞ താളത്തിലുള്ള വികാരമാറ്റങ്ങളിലൂടെ ബ്ലോക്ക് ദൈവത്തെക്കാൾ എൻലാർജ് ചെയ്ത ചോദ്യചിഹ്നമായി. സിനിമയിലെ സിഡോയുടെ പെർഫോമൻസിനെ പറ്റി ബെർഗ്മാൻ പറഞ്ഞത് 'He could produce emotions with it's all nuances so you could just grasp' എന്നാണ്.
പിന്നീട് വന്ന തന്റെ ആറു സിനിമകളിലും സിഡോയുടെ കൂടെ ബെർഗ്മാൻ കൊളാബൊറേറ്റ് ചെയ്തു. 'വൈൽഡ് സ്ട്രോബറീസ്' (Wild Strawberries, 1957), 'മജീഷ്യൻ'' (Magician, 1958) ഒക്കെ അതിൽ ചിലത് മാത്രം.
അറുപതിൽ വന്ന 'ദി വിർജിൻ സ്പ്രിങ്'' (The Virgin Spring, 1960)ൽ മധ്യകാലപരിസരത്തിൽ സിഡോ പിന്നെയുമെത്തി. തന്റെ മകളെ റേപ് ചെയ്ത് കൊന്നവരോട് ക്രൂരമായി പ്രതികാ'ണ് സിഡോക്കുണ്ടായിരുന്നത്. ആദ്യ ജെയിംസ് ബോണ്ട് ചിത്രം 'ഡോക്ടർ നോ' (Dr.No, 1962) യിൽ ബോണ്ട് ആയി അഭിനയിക്കാൻ വന്ന ഓഫർ അദ്ദേഹം നിരസിക്കുകയുണ്ടായി (രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു ബോണ്ട് സിനിമയായ 'നെവർ സെ നെവർ' (Never Say Never, 1983) ഇൽ പ്രധാനവില്ലനായി സിഡോ എത്തിയെന്നുള്ളത് മറ്റൊരു കാര്യം). ജോർജ് സ്റ്റീവൻസ് (George Stevens) സംവിധാനം ചെയ്ത 'ദി ഗ്രെറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡ്' (The Greatest Story ever told, 1965) ലൂടെയാണ് സിഡോ ഹോളിവുഡിലെത്തുന്നത്. ക്രിസ്തുവായി അദ്ദേഹം ഗംഭീരപ്രകടനം നടത്തിയെങ്കിലും സിനിമ പരാജയപ്പെട്ടു.
ഈയൊരു സമയത്തും ബെർഗ്മാനുമൊത്ത് സിനിമകൾ ചെയ്യാൻ സിഡോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 'ഹൗർ ഓഫ് ദി വുൾഫ്' (Hour of the Wolf, 1968), 'ഷെയിം' (Shame, 68), 'ദി പാഷൻ ഓഫ് അന്ന' (The Passion of Anna, 69), ബെർഗ്മാന്റെ ആദ്യ ഇംഗ്ലീഷ് ചിത്രം 'ദി ടച്ച്' (The Touch, 1970) അങ്ങനെ ഒരുപാട് സിനിമകളിലൂടെ ലോകസിനിമയിൽ സിഡോ തന്നെ അടയാളപ്പെടുത്തി.
യാൻ ട്രോഎൽ (Jan Troel) ന്റെ 'എമിഗ്രന്റ്‌സ്' (Emigrants, 1971), അതിന്റെ സീക്വൽ 'ദി ന്യൂ ലാൻഡ്' (The New Land, 1972) തുടങ്ങിയ ചിത്രങ്ങളിൽ, മറ്റൊരു ബെർഗ്മാൻ താരം ലിവ് ഉൾമാൻ (Liv Ullmann) ന്റെ കൂടെ സിഡോ അമേരിക്കയിലെ കുടിയേറ്റ കർഷകജീവിതത്തിന്റെ ദുരിതങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുകയുണ്ടായി. ഹോളിവുഡ് ഇൻഡസ്ട്രിലോകത്ത് സിഡോയെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു വില്യം ഫ്രയ്ഡ്‌കിന്റെ William Friedkin) 'എക്‌സോർസിസ്റ്റ്' (The Exorcist, 1973). സിനിമയിലെ എക്‌സോർസിസ്റ്റ് കഥാപാത്രം ഫാദർ മെറീനിനെ സിഡോ അനശ്വരമാക്കി.
നേരത്തെ പറഞ്ഞപോലെ തീർത്തും സരസവും ലഘുവായതുമായ അഭിനയമുഹൂർത്തങ്ങളാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള ഹോളിവുഡ് ജീവിതത്തിൽ കൂടുതലും. 'മെഴ്സിലെസ് ഇൻ ഫ്ലാഷ് ഗോർഡൻ' (Merciless in Flash Gordon, 1980), 'കിങ് ഓസ്റിക് ഇൻ കോനൻ ദി ബാർബേറിയൻ' (King Osric in Conan the Barbarian, 1982) പോലുള്ള നിലവാരമില്ലാത്ത കോമഡികൾ പോലും ചെയ്യുന്ന നിലയിലേക്ക് താണു.
അടുത്തകാലത്ത് സിഡോ ചെയ്തു ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം മാർട്ടിൻ സ്‌കോഴ്‌സെസെ (Martin Scorsese)യുടെ 'ദി ഷട്ടർ ഐലൻഡ്' (The Shutter Island, 2010) ലെ ജർമൻ സൈക്കാട്രിസ്റ്റിന്റേതാണ്. ഡി കാപ്രിയോയുടെ മുഖ്യകഥാപാത്രത്തെ കുതന്ത്രങ്ങളിലൂടെ വീഴ്ത്താൻ നോക്കുന്ന ഡോക്ടർ ജെറെമിയാ നായ്റിങ് ആയി സിഡോ നമ്മെയൊക്ക ഭയപ്പെടുത്തി. അവസാനകാലത്തും അഭിനയരംഗത്ത് വളരെ ആക്റ്റീവ് ആയിരുന്നു അദ്ദേഹം. 'സ്റ്റാർ വാർസ്: ദി ഫോഴ്സ് എവെയ്കെൻസ്' (Star Wars: The Force Awakens, 2015), ഗെയിം ഓഫ് ത്രോൺസ് ന്റെ ആറാം സീസണിലെ ത്രീ ഐഡ് റെയ്വെനിൽ ഒക്കെ അദ്ദേഹം തന്റെ ഭാഗങ്ങൾ അവിസ്മരണീയമാക്കി. ഡാനിഷ് ഡയറക്ടർ തോമസ് വിന്റർബെർഗ് (Thomas Vinterberg)ന്റെ 'Kursk' ആണ് അദ്ദേഹമഭിനയിച്ച അവസാന സിനിമ.
Prolific.
57 ൽ തുടങ്ങി 2018 വരെ നീണ്ടു നിന്ന ആ കരിയറിനെ അഭിസംബോധന ചെയ്യാൻ ഈ വാക്കാവും നല്ലത്.ചെയ്ത റോളുകളുടെ വൈവിധ്യവും, അവയെ എക്സിക്യുട്ട് ചെയ്ത ഭാഷകളും നോക്കിയാൽ, സിഡോ സമ്മാനിച്ച അഭിനയ മുഹൂർത്തങ്ങൾ വളരെ വ്യതിരിക്തമായിരുന്നുവെന്ന് കാണാം. അഭൗമമായ എന്തോ എന്ന് ആ കഥാപാത്രങ്ങളെ പൊതിഞ്ഞു നിക്കുന്നുണ്ട്. ഒരു കാലത്തിന്റെ ഭാരമേറിയ കുറെ ശേഷിപ്പുകൾ പോലെ അവയദ്ദേഹത്തിന്റെ മുഖത്ത് കല്ലിച്ചു കിടക്കുന്നുമുണ്ട്. ബെർഗ്‌മാന്റെ ത്രൂ ദി ഗ്ലാസ് ഡാർക്ലിയിലെ ഒരു രംഗത്തിൽ നിന്നും നമുക്കിത് പിടിച്ചെടുക്കാം.
'There's no room for emotion in your void.
And you lack common decency.
You know how to express yourself, you always have the right words...
There's only one phenomenon you haven't the slightest clue about. Life...!'
(ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനം: https://www.deshabhimani.com/from-the-net/max-von-sydow/859050)

Comments
Post a Comment